ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കുടുംബത്തിന് വേണ്ടി പ്രത്യേക വഴിപാട് നടത്തിയത് അവിടെ നില്‍ക്കട്ടെ, ഭഗവാന് മുമ്പില്‍ കൈകൂപ്പി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രാര്‍ഥിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ന്നു പോകണേ എന്നാണെന്ന് മനസ്സിലാക്കാത്ത സഖാക്കളാണ് വൈരുധ്യാത്മക ഭൗതികവാദമെടുത്ത് അദ്ദേഹത്തെ ക്രൂശിക്കാന്‍ നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നെങ്കില്‍ ഈ സമയത്ത് കടകംപള്ളി ചൈനയിലാണ്. അവിടെ സെപ്തംബര്‍ 11 മുതല്‍ 16 വരെ ഐക്യ രാഷ്ട്ര സംഘടനയുടെ ലോക വിനോദ സഞ്ചാര സംഘടന പൊതു അസംബ്ലി നടക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നുള്ള ടൂറിസം മന്ത്രിയെ യു.എന്‍.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറല്‍ ജോര്‍ദാന്‍കാരനായ താലിബ് റിഫായി ക്ഷണിച്ചതാണ്. പോകാന്‍ അനുമതി ചോദിച്ച് കേന്ദ്രത്തിന് എഴുതിയപ്പോള്‍ സമ്മതിച്ചില്ല. താഴെകിടയിലുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന് കുറച്ചിലാണെന്നാണ് കേന്ദ്ര മന്ത്രി വി.കെ സിങിന്റെ വിശദീകരണം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മധുരമനോ്യൂഞ്ജ ചൈനയായിരിക്കാമെങ്കിലും ഇന്ത്യക്ക് ചൈന ഡോക്‌ലാമാണ്. അതുകൊണ്ടു കമ്മ്യൂണിസ്റ്റുകാരനെ തല്‍ക്കാലം മന്ത്രിയെന്ന നിലയില്‍ ചൈനയിലേക്ക് വിടാന്‍ രാജ്യസ്‌നേഹം കലശലായ ഒരു കേന്ദ്ര സര്‍ക്കാറിന് അനുവദിക്കാന്‍ പറ്റില്ല.
കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയത്. അതും അഷ്ടമി രോഹിണി ദിവസം. ആചാരബദ്ധമായി കുപ്പായമൂരി പീലി ചൂടി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്‍മാരിലൊരാളെ കൈയിലെടുത്ത് ഭഗവാന് മുമ്പിലെത്തിയപ്പോള്‍ കടകംപള്ളിക്ക് വൈരുധ്യാത്മക ഭൗതിക വാദം തികട്ടി വന്നതിനാല്‍ കണ്ണടച്ചുകളഞ്ഞു.
സഖാക്കള്‍ ഭക്തികാര്യങ്ങളെല്ലാം ഭാര്യമാരെ ഏല്‍പിക്കുകയാണ് പതിവ്. സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ ഭാര്യ മകനോടൊത്ത് കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയത് വാര്‍ത്തയായല്ലോ. ഇ.എം.എസിന്റെയും പി. ഗോവിന്ദപ്പിള്ളയുടെയും ഭാര്യമാര്‍ ക്ഷേത്ര വിശ്വാസികളും ഭക്തരുമായിരുന്നത് പ്രസിദ്ധമാണ്. മറ്റൊരു പി.ബി അംഗം ഇ.കെ നായനാരുടെ ബോഡിവെയിസ്റ്റ് ഹിന്ദുമതാചാര പ്രകാരമാണ് സംസ്‌കരിച്ചത്. അതിന് തക്ക കാരണവുമുണ്ടായിരുന്നു. ഭാര്യയും മകനും ഭക്തരാണെന്നിരിക്കെ അവരുടെ ഭര്‍ത്താവിന്റെ ഭൗതിക ശരീരം ആ നിലയില്‍ തന്നെ സംസ്‌കരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടല്ലോ. മരിച്ചു കഴിഞ്ഞ ശരീരം എന്തു ചെയ്താലും ഭൗതിക വാദിയായ നായനാര്‍ക്ക് പരിഭവം ഉണ്ടാകേണ്ടതുമില്ല. ഭാര്യയുടെ പേരിലായാല്‍ സമ്പത്തും സി.പി.എമ്മിന് പ്രശ്‌നമാകില്ല. പിണറായി വിജയന്റെ മൂന്നിരട്ടി സ്വത്തിനുടമയാണ് ഭാര്യ കമല.
നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തില്‍ സി.പി.എമ്മിന്റെ അത്ഭുതക്കുട്ടിയായിരുന്ന എ.പി അബ്ദുല്ലക്കുട്ടി തന്റെ ഉമ്മുമ്മയുടെ മയ്യിത്ത് നമസ്‌കരിക്കാന്‍ സമ്മതിക്കാതിരുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ പറ്റി പറയുന്നുണ്ട്. ഇതേ ബ്രാഞ്ച് സെക്രട്ടറിയുടെ ഉമ്മ മരിച്ചപ്പോള്‍ സെക്രട്ടറി നമസ്‌കാരത്തിന് നേതൃത്വം നല്‍കുക തന്നെ ചെയ്തു. ഇ.കെ ഇമ്പിച്ചിബാവ മരിച്ചപ്പോള്‍ ഇ.എം.എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് മുസ്‌ലിം കമ്മ്യൂണിസ്റ്റ് എന്നാണ്. പേരില്‍ പള്ളിയുണ്ടെങ്കിലും ഓതിരം കടകം എന്നതു പോലെ ഒരു തന്ത്രത്തിന്റെ ഭാഗമായെങ്കിലും ഇപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നു പറയുന്ന വൈരുധ്യാത്മക വൈരുധ്യവാദികളും ഉണ്ട്. അങ്ങനെയാകുമ്പോള്‍ ക്ഷേത്ര ദര്‍ശനം ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗവുമാകാം. ഐഷാപോറ്റി ദൈവനാമത്തില്‍ നിയമസഭാംഗമായി പ്രതിജ്ഞ ചൊല്ലിയതിന് വിശദീകരണം ചോദിച്ച പാര്‍ട്ടി തന്നെയാണ് ക്രിസ്ത്യന്‍ സഭയുടെ നോമിനിയായ വീണാജോര്‍ജിനെയും അതിനു മുമ്പ് അല്‍ഫോണ്‍സ് കണ്ണന്താനത്തെയും എം.എല്‍.എയാക്കിയത്. അതേ സഭ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി അതിലും ഏറെ ചെയ്തു. സ്വയമ്പന്‍ ഹിന്ദുക്കളായ സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖരനും രാജ്യസഭാംഗമായിരിക്കെ ക്രിസ്ത്യാനിയായതുകൊണ്ടുമാത്രം പാര്‍ലിമെന്റംഗം പോലുമല്ലാത്ത അല്‍ഫോണ്‍സിനെ മന്ത്രിയാക്കി.
കടകംപള്ളിക്ക് പാര്‍ട്ടി വിദ്യാഭ്യാസം പൂര്‍ണമായി കിട്ടിയില്ലേയെന്നാണ് എം.വി ഗോവിന്ദനെപ്പോലെ ചിലര്‍ക്ക് സംശയം. സ്‌കൂളില്‍ പഠിക്കുമ്പോഴേ വിപ്ലവ പാതയിലാണ് കടകംപള്ളി. ഡി.വൈ.എഫ്.ഐയുടെ മുന്‍ രൂപമായ കെ.എസ്.വൈ.എഫിന്റെ യൂണിറ്റ് സെക്രട്ടറിയും താലൂക്ക് സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയായപ്പോള്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം കിട്ടിയിട്ട് നാലു പതിറ്റാണ്ടു കഴിഞ്ഞു. അതിനിടയില്‍ ഒമ്പതു വര്‍ഷം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. വി.എസ് ഇറങ്ങിപ്പോയ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. കടകംപള്ളി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്….അങ്ങനെ കടകംപള്ളിയെ വൈരുധ്യാത്മക വൈരുധ്യവാദം പഠിപ്പിക്കാനൊന്നും ആരും മിനക്കെടേണ്ട.
സി.പി.എമ്മിന്റെ സമ്മേളന ദിവസം മഴ പെയ്യാതിരിക്കാന്‍ പഴയങ്ങാടി അമ്പലത്തില്‍ ഗണപതി ഹോമം നടത്തിയ കാട്ടായിക്കോണം ശ്രീധരന്‍ നായര്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്നു. പാര്‍ട്ടിക്ക് മുമ്പിലെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പഴയങ്ങാടി ദേവിക്ക് കഴിയുമെങ്കില്‍ അതും ആയിക്കോട്ടെ എന്ന് വിചാരിക്കുന്നേടത്ത് ഭൗതിക വാദം ജയിക്കുകയല്ലേ ചെയ്യുന്നത് എന്ന് ചിന്തിക്കാനുള്ള വിശാലത കണ്ണൂരിലെ ചില സഖാക്കള്‍ക്കേ നഷ്ടപ്പെട്ടിട്ടുള്ളൂ. അമ്മാവന് അടുപ്പിലുമാകാം എന്നതു പോലെ കണ്ണൂരുകാര്‍ക്ക് അഷ്ടമി രോഹിണി ആഘോഷമാകാം. സുരേന്ദ്രന് പാടില്ല. ജി. സുധാകരനും ദേവസ്വം മന്ത്രിയായിരുന്നു. അദ്ദേഹവും ഗുരുവായൂരില്‍ പോയിട്ടുണ്ട്. നട തുറന്നപ്പോള്‍ ഭക്തരെ വിഷ് ചെയ്തിട്ടുണ്ടാകാം. അല്ലാതെ ഭക്തപരവശനായിട്ടില്ല. ഇനിയിപ്പോ കൈ കൂപ്പിയില്ലെങ്കില്‍ അതാകുമായിരുന്നു പൊല്ലാപ്പ്.