Video Stories
പ്രതീക്ഷ നല്കുന്ന വിധി
ലോകത്ത് ഏറ്റവും കൂടുതല്‍ മത ജാതികളും തദനുസൃതമായ സംസ്കാരങ്ങളുമുള്ള ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല് നൂറ്റാണ്ട് തികയാന്‍ മാസങ്ങളിരിക്കെ ഇതുസംബന്ധമായ സുപ്രധാനമായ ഒരു വിധി പ്രസ്താവം രാജ്യത്തിന്റെ ഉന്നത നീതിപീഠത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐയുടെ പരാതിയില്‍ സുപ്രീംകോടതി അനുകൂലമായ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്നലെ. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും ജനാധിപത്യത്തെയും സംബന്ധിച്ചിടത്തോളം ഇതൊരു ശുഭസൂചനയാണെന്ന് പറയാതെ വയ്യ. വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന ചൊല്ലുണ്ടെങ്കിലും ഈ വിധിയില്‍ മതേതര വിശ്വാസികളായ ഇന്ത്യന്‍ പൗരന്മാര്ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍ കൃഷ്ണ അദ്വാനി, കേന്ദ്ര മന്ത്രിയായിരുന്ന മുരളീമനോഹര്‍ജോഷി, യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍സിങ്, കേന്ദ്ര ജല വിഭവ വകുപ്പുന്ത്രി ഉമാഭാരതി തുടങ്ങി 13 പേരെ ബാബരി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാകേസില്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ ഹൈക്കോടതി ശരിവെച്ച വിധിയെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവം വന്നിരിക്കുന്നത്.
1992 ഡിസംബര്‍ ആറിനാണ് ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘ്പരിവാറുകാരാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. അഞ്ഞൂറാണ്ടുകളായി നിലനിന്ന ആരാധാനാലയം പൊളിച്ചുനീക്കുന്നതിന് ബി.ജെ.പി അടങ്ങുന്ന സംഘ്പരിവാരം പറഞ്ഞ ന്യായം സംസ്കൃതചിത്തരായ ജനതക്ക് ഒരുനിലക്കും അംഗീകരിക്കാവുന്നതായിരുന്നില്ല. മസ്ജിദ് നിലനിന്ന സ്ഥാനത്താണ് ശ്രീരാമന് എന്ന അവതാരം ജനിച്ചതെന്നായിരുന്നു ന്യായീകരണം. ഇതിനു തക്ക ഒരുവിധ തെളിവുകളും ഇക്കൂട്ടര്‍ക്ക് പൊതുജന സമക്ഷത്തില്‍ ഹാജരാക്കാനായില്ലെന്നുമാത്രമല്ല, ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകളുടെ പിന്‍ബലത്തില്‍ ഈ വാദത്തെ അടിമുടി ഖണ്ഡിക്കാന്‍ മുന്നോട്ടുവന്നവരില്‍ പ്രമുഖരായ അക്കാദമിക് വിദഗ്ധരും ഹിന്ദുമത പണ്ഡിതരും വരെയുണ്ടായിരുന്നു. നീണ്ട നിയമ നടപടികള്‍ തുടരുന്ന ഘട്ടത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടം പള്ളിയുടെ മകുടങ്ങളിലേക്ക് ഇരച്ചുകയറി വിവിധ ആയുധങ്ങളാല്‍ ഒരു കറുത്ത പകലില്‍ മണിക്കൂറുകള്‍ കൊണ്ട് ആ വിശുദ്ധ ചരിത്ര മന്ദിരം തകര്‍ത്തുകളഞ്ഞത്. സംഭവസമയത്ത് പള്ളിക്ക് അധികമകലെയല്ലാതെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കയറി നിന്ന് കര്‍സേവകരെന്നു വിളിക്കപ്പെട്ട അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നു ഇന്നലെ വിചാരണക്ക് വിധിക്കപ്പെട്ട അഡ്വാനി അടക്കമുള്ള സംഘ്പരിവാര്‍ നേതാക്കള്‍. ‘തകര്‍ക്കൂ’ എന്നുവിളിച്ചു പറയുന്നതും പള്ളി തകരുമ്പോള്‍ ആഹ്ലാദാരവം മുഴക്കുന്നതുമായ ദൃശ്യങ്ങള്‍ സി.ബി.ഐയുടെ പക്കലുണ്ട്. സംഭവത്തിനു പത്തുമാസം മുമ്പുതന്നെ പള്ളി തകര്‍ക്കുന്നതിന് വിശ്വഹിന്ദു പരിഷത്തിന്റെയും ആര്.എസ്.എസിന്റെയും ബജ്റംഗ്ദളിന്റെയും മറ്റും നേതൃത്വത്തില്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പിന്നീട് അന്വേഷണ സംഘങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഇതോടനുബന്ധമായി ഉത്തരേന്ത്യയിലാകമാനം രണ്ടായിരത്തിലധികം നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്.
കുറ്റം സംബന്ധിച്ച് രണ്ടു കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. പള്ളി തകര്‍ക്കല്‍ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും. ഇതിനായി യു.പി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ റായ്ബറേലി ബെഞ്ചിലാണ് ഗൂഢാലോചനാകുറ്റം വിചാരണ ചെയ്യേണ്ടതെന്ന ലളിതമായ സാങ്കേതികത്വം പറഞ്ഞ് ഈ കേസ് തള്ളുകയാണ് ജഡ്ജി കെ.സി ശുക്ല ചെയ്തത്. ലക്നോ ബെഞ്ചില്‍ കേസ് നടത്തിയെന്നായിരുന്നു പ്രതികളുടെ വാദം. വിധി അലഹബാദ് ഹൈക്കോടതി 2011ല്‍ അംഗീകരിച്ചു. ഇതാണ് കഴിഞ്ഞ ഏപ്രില്‍ ആറിന് സുപ്രീംകോടതി റദ്ദാക്കുന്നതായി സൂചിപ്പിച്ചതും ഇന്നലെ റദ്ദാക്കിയതും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഭരിക്കുന്ന കാലത്താണ് സി.ബി.ഐ എതിര് ഹര്‍ജി നല്കാന് തയ്യാറായതെന്നത് ഇവിടെ നിര്‍ണായകമാണ്.
ഇതോടെ രാജ്യത്തെ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് ഇനി രണ്ടു വര്‍ഷത്തോളം നീണ്ട വിചാരണ നേരിടേണ്ടി വരികയാണെന്നതിനുപുറമെ രാജ്യം ഭരിക്കുന്ന കക്ഷിക്ക് ജനങ്ങളുടെ മുന്നില്‍ മറുപടി പറയേണ്ടതായും വരുന്നു. എണ്ണൂറോളം സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടതുമുണ്ട്. കേസില്‍ പ്രതിയായവരിലൊരാള്‍ രാജസ്ഥാന് ഗവര്‍ണറായ കല്യാണ്‍സിങ് ആണെന്നതിനാല്‍ ഭരണഘടനാപദവിയായതിനാല്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരാള്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്ക് മന്ത്രിപദം രാജിവെക്കേണ്ടിവരും. ധാര്‍മികമായി ഇതിനുള്ള ആര്‍ജവം പ്രധാനമന്ത്രി കാണിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. ഇരുവരെയും പുറത്താക്കുകയാണ് നീതിന്യായ വ്യവസ്ഥയോട് അല്പമെങ്കിലും കൂറുണ്ടെങ്കില്‍ മോദിയും അമിത്ഷായും ചെയ്യേണ്ടത്.
ആഗസ്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് കുപ്പായമിട്ടിരിക്കുന്നവരാണ് അദ്വാനിയും ജോഷിയുമെന്നത് ഇപ്പോള്‍ കൗതുകം പകരുന്നുണ്ട്. കാല് നൂറ്റാണ്ടുകാലം നിയമത്തെ വെട്ടിച്ച് നടന്നവര്‍ അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് ജനങ്ങളുടെ നികുതിപ്പണത്തിന്റെ അപ്പക്കഷണം തിന്നുകയായിരുന്നു ഇതുവരെയെങ്കില്‍ ഇനിയത് നടക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. ഇത്രയും കാലം വൈകിയതിനാല്‍ രണ്ടുകൊല്ലം കൊണ്ട് വിചാരണ തീര്‍ക്കണമെന്നും രണ്ടു കേസുകളും ലക്നോ ബെഞ്ചില്‍ വിചാരണ ചെയ്യണമെന്നും അതുവരെയും ജഡ്ജിയെ മാറ്റരുതെന്നുമാണ് കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ഭരിക്കുന്ന കക്ഷി കേസില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ട എല്ലാവിധ ഒത്താശയും ചെയ്യാന്‍ ശ്രമിക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക് മണ്ഡല് അംഗങ്ങളാണ് അദ്വാനിയും ജോഷിയും. ഇവരടക്കം 13 പ്രതികളെയും സംഘടനകളില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണമെന്നാണ് ജന താല്പര്യം. ഒരുപക്ഷേ മോദിക്ക് പാര്‍ട്ടിയിലെ തന്റെ വിമര്‍ശകരായ അദ്വാനിയോടും ജോഷിയോടുമുള്ള വിരോധം വെച്ചുനോക്കുമ്പോള്‍ ഈ വിധി ആഹ്ലാദം പകരുന്നുണ്ടാകാം. അതേസമയം പ്രശ്നത്തെ വെടക്കാക്കി തനിക്കാക്കാനുള്ള അമിത് ഷാ -മോദി പ്രഭൃതികളുടെയും ആര്.എസ്.എസ് നേതൃത്വത്തിന്റെയും കുബുദ്ധി വീണ്ടും ഹൈന്ദവ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിന് അവര്‍ ഉപയോഗിച്ചുകൂടെന്നുമില്ല. ഏതായാലും നീതി പുലരുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിലേക്ക് ഈ വിധി വഴിതെളിക്കുമെന്നുതന്നെ പ്രത്യാശിക്കാം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News10 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

