റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ക്കാണ് രണ്ടു രൂപ മുതല്‍ മുകളിലോട്ടുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഒപ്പുവെക്കാനുള്ള ഔദ്യോഗിക ചുമതല. കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ ഒന്‍പതു മുതല്‍ നിരോധിച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കു പകരമായി അച്ചടിച്ച രണ്ടായിരം രൂപയുടെ നോട്ടുകളില്‍ ഒപ്പിട്ടിരിക്കുന്നത് ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ്. എന്നാല്‍ ഒപ്പുവെച്ചത് അദ്ദേഹം ആ പദവിയിലെത്തുന്നതിനു മുമ്പാണ് എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഔദ്യോഗിക അച്ചടക്ക ലംഘനം റിസര്‍വ് ബാങ്ക് നടത്തിയിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നോട്ടു നിരോധനത്തെക്കറിച്ച് തീരുമാനമെടുത്തതിലും അതിനുശേഷം ബാങ്കുകളിലേക്കെത്തിയ നോട്ടുകളെക്കുറിച്ച് വ്യക്തമായ വിവരമില്ലാത്തതിലും രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കവെയാണ് ഈ വാര്‍ത്ത.

പ്രധാനമന്ത്രി നേരിട്ട് നവംബര്‍ എട്ടിന് രാത്രി എട്ടരയോടെ നോട്ടു നിരോധന വിവരം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമ്പോള്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. കള്ളപ്പണവും കള്ളനോട്ടും പിടികൂടുന്നതിനും തീവ്രവാദം ഇല്ലാതാക്കുന്നതിനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ജനങ്ങള്‍ റിസര്‍വ് ബാങ്ക് ശാഖകളിലോ ഏതെങ്കിലും ബാങ്കുകളിലോ നിക്ഷേപിക്കുകയും പകരം പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ വാങ്ങിയെടുക്കുകയും ചെയ്യണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം. ഇതനുസരിച്ചാണ് ജനങ്ങള്‍ ഒന്നടങ്കം അമ്പതു ദിവസം കാത്തിരുന്നതും ഇപ്പോഴും നോട്ടു നിയന്ത്രണത്തിന്റെ കയ്പുനീര്‍ കുടിക്കുന്നതും.

റിസര്‍വ് ബാങ്കിന്റെ ഇരുപത്തിനാലാമത് ഗവര്‍ണറായി ഉര്‍ജിത്പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് 2016 ഓഗസ്റ്റ് ഇരുപതിനായിരുന്നു. അദ്ദേഹം ചുമതലയേറ്റത് രണ്ടാഴ്ച കഴിഞ്ഞ് സെപ്തംബര്‍ നാലിനും. നിലവിലുള്ള ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത് അന്നായിരുന്നു. എന്നാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ട് അച്ചടിച്ചതാകട്ടെ ഓഗസ്റ്റ് 22ന്. നിയമനം കഴിഞ്ഞ് സ്ഥാനമേറ്റെടുക്കും മുമ്പാണ് തൊട്ടടുത്ത പ്രവൃത്തി ദിവസം ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് രണ്ടായിരം രൂപയുടെ നോട്ടില്‍ ചേര്‍ത്തത് എന്നര്‍ഥം. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു പകരമാണ് ഗുജറാത്തുകാരന്‍ ഉര്‍ജിത്പട്ടേല്‍ നിയമിതനാകുന്നത്. പ്രശസ്ത സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ പേരുകേട്ട രഘുറാം രാജന്‍ നോട്ടുനിരോധനത്തിന് എതിരായിരുന്നുവെന്നതാണ് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് പ്രേരിപ്പിച്ചത്. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ പോലും കാത്തിരിക്കാതെ തികച്ചും നിയമ വിരുദ്ധമായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കിലെ ചില ഉദ്യോഗസ്ഥരും വരാനിരിക്കുന്ന ഗവര്‍ണറുടെ ഒപ്പ് നോട്ടില്‍ അച്ചടിക്കുന്നതിന് കൂട്ടു നില്‍ക്കുകയായിരുന്നുവേണം മനസ്സിലാക്കാന്‍. ചുരുങ്ങിയ പക്ഷം ഒരു വില്ലേജോഫീസില്‍ പോലും നടക്കരുതാത്ത കാര്യം. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ നോട്ടിന്റെ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള ഡിസൈന്‍ രൂപ കല്‍പന ചെയ്തത്. അവരില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

സാധാരണ ഗതിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് നോട്ടുനിരോധനം പ്രഖ്യാപിക്കേണ്ടതും പകരം നോട്ടുകള്‍ നാട്ടില്‍വിതരണം നടത്തേണ്ടതും. ഇതിനായി ബാങ്കുകളെ ചുമതലപ്പെടുത്തുകയാണ് ചെയ്യാറ്. എന്നാല്‍ നോട്ടു നിരോധനം പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് പോലും അതിന് 24 മണിക്കൂര്‍ മുമ്പ് മാത്രം വിവരം അറിഞ്ഞതെന്നതും ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. 2016 ജൂണ്‍ ഏഴിന് രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള അനുമതി ലഭിച്ചതായാണ് ഡിസംബറില്‍ ധനകാര്യ വകുപ്പിനായുള്ള പാര്‍ലമെന്ററി സമിതി മുമ്പാകെ റിസര്‍വ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്. സാധാരണ ഗതിയില്‍ ഉത്തരവ് കിട്ടിയയുടനാണ് പ്രസുകള്‍ നോട്ട് അച്ചടിക്കുക എന്നിരിക്കെ ഇക്കാര്യത്തില്‍ ഓഗസ്റ്റ് 22 വരെ നീട്ടിവെച്ചത് രഘുറാം രാജന്‍ സ്ഥാനമൊഴിയുന്നതു കാത്തിരുന്നുവെന്നതിന് തെളിവാണ്.
നോട്ടു നിരോധനത്തിന് മുമ്പുതന്നെ ആ വിവരം ചോര്‍ന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ നോട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖേന ജനശ്രദ്ധയിലെത്തുകയും ചെയ്തു. അത്യന്തം രഹസ്യമായി നടത്തേണ്ട നടപടിയാണ് കേന്ദ്ര സര്‍ക്കാരിലെ ചിലര്‍ മാത്രം അറിഞ്ഞുകൊണ്ട് നടപ്പിലാക്കിയത്. റിസര്‍വ് ബാങ്കിന്റെ അച്ചടി കേന്ദ്രങ്ങള്‍ വഴിയാണ് വിവരം പുറത്തായതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണമെങ്കിലും പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവര്‍ക്കെല്ലാം വിവരം മണത്തറിയാനായി എന്നത് നടപടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായി. റിലയന്‍സിന്റെ ജിയോ സിം സൗജന്യമായി വിറ്റഴിക്കാന്‍ കണ്ട സമയവും നോട്ടുനിരോധനമായിരുന്നുവെന്നതടക്കമുള്ള വിവരങ്ങളും പുറത്തുവന്നു.
നിയമ വ്യവസ്ഥകള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുകയും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് രാജ്യവും സര്‍ക്കാരും നീങ്ങുകയും ചെയ്യുന്ന കാലഘട്ടത്തില്‍ പൗരന്മാര്‍ക്ക് എങ്ങനെ നീതിപൂര്‍വം ജീവിക്കാനാകും എന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ പോലും വാക്കുകള്‍ക്ക് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ അമ്പതുദിവസത്തേക്കുള്ള സഹനാഭ്യര്‍ഥനയും അല്ലെങ്കില്‍ ഏതുശിക്ഷയും ഏറ്റുവാങ്ങാമെന്ന മുതലക്കണ്ണീരും. അമ്പതു ദിവസം പോയിട്ട് പ്രഖ്യാപനത്തിന്റെ നൂറാം ദിവസവും നോട്ടു നിയന്ത്രണം ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചെറുകിട-കാര്‍ഷിക-നിര്‍മാണ മേഖല ഏതാണ്ട് പൂര്‍ണമായി നിശ്ചലമായിരിക്കെ ഇക്കാര്യത്തില്‍ ഇനിയും എത്ര സഹിക്കണമെന്നുപോലും മോദിയും കൂട്ടരും മിണ്ടുന്നില്ല. സാമ്പത്തിക വിദഗ്ധനായ മുന്‍ പ്രധാനമന്ത്രി പറയുന്നത് സംഘടിത കൊള്ളയാണിതെന്നും നടപടി മൂലം രാജ്യത്തിന്റെ വളര്‍ച്ച രണ്ടു ശതമാനത്തിലധികം താഴോട്ടു പോകുമെന്നുമാണ്. പക്ഷേ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കാഴ്ചയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റിനകത്തുപോലും ഒരു പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.

അതിമഹത്തായ ഭരണ പാരമ്പര്യമുള്ള രാജ്യത്ത് കാപട്യംകൊണ്ട് കെട്ടിപ്പൊക്കുന്ന കറുത്ത കോട്ടകളിലന്തിയുറങ്ങാനാണ് സര്‍ക്കാരിലെ ഉന്നതര്‍ക്കു താല്‍പര്യം എന്നതിന്റെ തെളിവാണ് ഏറ്റവും പുതുതായി വന്ന റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക താന്തോന്നിത്തം. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ നാലുവരെയുള്ള കാലത്തെ രണ്ടായിരം രൂപയുടെ വിതരണം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് അവ പിന്‍വലിക്കണം. അല്ലെങ്കില്‍ രാജ്യത്തെ നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതിന് രാഷ്ട്രപതിയുടെ ഇടപെടല്‍ ഉണ്ടാകണം.