Connect with us

Video Stories

ആളിയാര്‍ കരാര്‍ ലംഘനം ഇനിയും കണ്ടുനില്‍ക്കരുത്

Published

on

സംസ്ഥാനത്തെ നെല്ലറയായ പാലക്കാടിന്റെ വയലേലകളില്‍ നല്ലൊരു പങ്ക് വിളവ് തരുന്ന ചിറ്റൂര്‍ താലൂക്കിലെ ജലസേചനം കിട്ടാക്കനിയായി തീര്‍ന്നിട്ട് പതിറ്റാണ്ടുകളേറെയായി. ഇത്തവണയും കരാര്‍ പ്രകാരമുള്ള വെള്ളം തരാന്‍ തയ്യാറാകാതെ തമിഴ്‌നാട് സര്‍ക്കാര്‍ അമാന്തിച്ചുനില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥ വലിയ ചോദ്യങ്ങള്‍ക്ക് വഴിവെട്ടിയിരിക്കയാണ്. ഏതാണ്ട് കാല്‍ലക്ഷത്തിലധികം ഹെക്ടര്‍ പ്രദേശത്തെ നെല്‍കൃഷി ഇത്തവണ അപ്രാപ്യമായിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷക്കുറവായിരുന്നു മേഖലയിലെ പ്രതിസന്ധിക്ക് കാരണമായതെങ്കില്‍ ഇത്തവണ മതിയായി മഴ ലഭിച്ചിട്ടും കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം അനുവദിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന അയല്‍ സംസ്ഥാനത്തിന്റെ നിലപാട് തീര്‍ത്തും ജനവിരുദ്ധമായിപ്പോയി. ആളിയാര്‍ അണക്കെട്ടില്‍ നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം ലഭ്യമാക്കാനുള്ള കരാറിന്റെ തുടര്‍ച്ചയായ ലംഘനങ്ങളിലൊന്നാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞദിവസം ചിറ്റൂരില്‍ നെന്മാറ, ചിറ്റൂര്‍ എം.എല്‍.എമാര്‍ പങ്കെടുത്ത കര്‍ഷക സമരം നടന്നെങ്കിലും ഇരുസര്‍ക്കാരുകളുടെ ഭാഗത്തുനിന്നും പ്രായോഗികമായ നടപടികളുണ്ടായിട്ടില്ലാത്തതിനാല്‍ പ്രദേശത്തെ നെല്‍കൃഷി ഉണക്ക് ഭീഷണിയിലാണ്. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ് കര്‍ഷകര്‍. ഇന്ന് ചെന്നൈയില്‍ സംയുക്ത ജലബോര്‍ഡിന്റെ പ്രതിനിധികളടങ്ങുന്ന ചര്‍ച്ച നടക്കാനിരിക്കെ ആളിയാര്‍ നിറക്കുന്നതിനെക്കുറിച്ചാണ് നാം ശ്രദ്ധയൂന്നേണ്ടത്.
പറമ്പിക്കുളം അണക്കെട്ടില്‍ നിന്ന് ആളിയാര്‍ അണക്കെട്ടിലേക്ക് വെള്ളം ആവശ്യത്തിന് തുറന്നുവിട്ടാല്‍ മാത്രമേ കേരളത്തിന് അര്‍ഹമായത് അനുവദിക്കാന്‍ കഴിയൂ. തമിഴ്‌നാട് ഇതിന് തയ്യാറാകാതെയാണ് പറമ്പിക്കുളത്തുനിന്ന് അവരുടെ തിരുമൂര്‍ത്തി അണക്കെട്ടിലേക്കും അതുവഴി നിരവധി ജലസ്രോതസ്സുകളിലേക്കും മാറ്റി ഒഴുക്കിക്കൊണ്ടുപോകുന്നത്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 7.5 ടി.എം.സി ജലമാണ് കേരളത്തിന് തരണമെന്നതിരിക്കെ ഇതിന്റെ പകുതിപോലും നല്‍കാന്‍ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. ഇത്തവണത്തെ രണ്ടാം വിളക്ക് ആശങ്കപ്പെട്ടതുപോലെ തന്നെ വെള്ളം തരാന്‍ തയ്യാറാകാത്ത നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നത്. ചിറ്റൂരിലെ വൃഷ്ടിപ്രദേശങ്ങളില്‍ പൊതുവെ വരള്‍ച്ചാസമാനമായ അവസ്ഥയാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ പ്രധാനവരുമാന ഉപാധിയായ നെല്‍കൃഷി നടത്താനാവാതെ വന്നാല്‍ അതില്‍ നിന്നുള്ള വരുമാനം മാത്രമല്ല, വലിയ നാശനഷ്ടങ്ങളും പട്ടിണിയും ദാരിദ്ര്യവുമാണ് ലക്ഷക്കണക്കിന് വരുന്ന ജനത അനുഭവിക്കാന്‍ പോകുന്നത്. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്ന അവസ്ഥ ഇതുകൊണ്ടുണ്ടാകും. താലൂക്കിലെ രണ്ട് അണക്കെട്ടുകളിലേക്കും ചിറ്റൂര്‍പുഴ പദ്ധതിയിലേക്കും ഭാരതപ്പുഴയടക്കമുള്ള പ്രദേശങ്ങളിലേക്കുമുള്ള നീരൊഴുക്കാണ് ഇതുമൂലം നിലച്ചിരിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ചും പാലക്കാട് ജില്ലയില്‍ ഇത്തവണ തുലാവര്‍ഷം ഇരുപതു ശതമാനം കുറയുമെന്ന റിപ്പോര്‍ട്ടുകൂടി കണക്കിലെടുക്കുമ്പോള്‍ കര്‍ഷക കുടുംബങ്ങളുടെ മുന്നില്‍ ഭാവി ഇരുളടയുകയാണ്. പൊതുവെ ദരിദ്രമായ ഇവിടെ പട്ടിണി മരണങ്ങള്‍ നടക്കാനുള്ള സാധ്യത പോലും ഇതുമൂലം തള്ളിക്കളയാനാവാതെ വരും.
ആളിയാറിലേക്ക് വെള്ളം നിറച്ച് ചിറ്റൂരിനെ നനയ്ക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഫലപ്രദവും പ്രായോഗികവുമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്കുള്ളത്. കഴിഞ്ഞദിവസം പാലക്കാട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നം സംബന്ധിച്ച് ചീഫ് സെക്രട്ടറിതല ചര്‍ച്ചകള്‍ക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്തയുണ്ടായെങ്കിലും ഇതുവരെയും തുടര്‍നടപടി ഉണ്ടായതായി കാണുന്നില്ല. നിലവില്‍ മൂന്ന് ടി.എം.സി ജലമെങ്കിലും കേരളത്തിന് ലഭിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. 3.8 ടി.എം.സിയാണ് ആളിയാറിലെ സംഭരണശേഷി. ഇതിപ്പോള്‍ 1.6 മാത്രമാണുള്ളത്. അത്രയും കൂടി നിറക്കാനായാല്‍ ചിറ്റൂരിനെ ഇത്തവണ കൃഷിനാശത്തില്‍ നിന്നും കുടിവെള്ള ക്ഷാമത്തില്‍ നിന്നും കരകയറ്റാനാകുമെന്നാണ് ജലസേചനവകുപ്പിന്റെ കണക്കുകൂട്ടല്‍. ഡിസംബറിലും ജനുവരിയിലും വരെ ജലം നല്‍കിയാലേ ചിറ്റൂരിനെ ഉണക്കില്‍ നിന്ന് രക്ഷിക്കാനാകൂ. എന്നാല്‍ ഇപ്പോഴത്തെ നിലയനുസരിച്ച് ഡിസംബറില്‍ തന്നെ ജലസേചനം നിലക്കാനാണ് സാധ്യത. വളരെയേറെ സമ്മര്‍ദത്തിന്റെ ഫലമായാണ് നവംബറില്‍ പറഞ്ഞയത്ര വെള്ളമില്ലെങ്കിലും അനുവദിക്കാന്‍ തമിഴ്‌നാട് അധികൃതര്‍ തയ്യാറായത്.
വെള്ളം എല്ലാവരുടെയും വലിയ ഉത്കണ്ഠയായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വര്‍ഷത്തില്‍ മൂവായിരം മില്ലിമീറ്റര്‍ മഴ ലഭിച്ചുകൊണ്ടിരുന്നപ്പോഴുള്ള ജലാവശ്യം പോലും നിറവേറ്റിത്തരാന്‍ അയല്‍ക്കാര്‍ തയ്യാറാകാത്ത അവസ്ഥ കര്‍ഷക ജനതയോടും സാധാരണക്കാരായ പൗരന്മാരോടുമുള്ള വെല്ലുവിളിയാണ്. കയ്യിലുള്ള പണത്തെക്കൊടുത്ത് കടംവാങ്ങുന്ന അവസ്ഥയാണ് ഫലത്തില്‍ കേരളത്തിന്റെ സ്ഥലത്തുള്ള അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് തയ്യാറായ കേരളത്തിന്റെ ആദ്യ അബദ്ധം. 1970ലാണ് രണ്ടു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയും മുപ്പതുവര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്ന വ്യവസ്ഥയോടെയും പറമ്പിക്കുളം-ആളിയാര്‍ കരാറിന് ഇരു സംസ്ഥാനങ്ങളും രൂപം നല്‍കിയത്. ഇതനുസരിച്ച് രണ്ടായിരാണ്ടില്‍ കരാര്‍ പുതുക്കേണ്ടിയിരുന്നെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ ്ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. ആളിയാറില്‍ ലംഘിച്ചാല്‍ ശിരുവാണിയില്‍ പിടിക്കാമെന്ന കേരളത്തിന്റെ മനസ്സിലിരിപ്പ് പലപ്പോഴും ജലരേഖയാകുകയാണ്. കരാറനുസരിച്ച് കോയമ്പത്തൂര്‍ നഗരത്തിലേക്കുള്ള കുടിവെള്ള സ്രോതസ്സായ ശിരുവാണി അണക്കെട്ടില്‍ നിന്ന് 1.3 ടി.എം.സി ജലമാണ് നല്‍കേണ്ടതെങ്കില്‍ നമ്മള്‍ അതില്‍കൂടുതല്‍ നല്‍കുന്നത് കുടിവെള്ളമെന്ന അത്യാവശ്യകത മനസ്സിലാക്കിയാണ്. അതിലുമെത്രയോ ഗുരുതരമാണ് ജീവന്‍തന്നെ നിലനിര്‍ത്താന്‍ പെടാപാട് പെടുന്ന കേരളത്തിന്റെ ഏറ്റവും പിന്നാക്കപ്രദേശമായ ചിറ്റൂരിലെ കാര്‍ഷിക ജനതയുടെ അവസ്ഥ. ആളിയാറില്‍ നിന്ന് കോണ്ടൂര്‍ കനാലുകള്‍ വെട്ടി വെള്ളം തിരിച്ചുകൊണ്ടുപോകുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്നത് ഉദ്യോഗസ്ഥരേക്കാളുപരി മാധ്യമപ്രവര്‍ത്തകരായിരുന്നുവെന്ന് ഓര്‍ക്കണം.
മഴക്കുറവോ ജലക്കുറവോ എന്നതിനപ്പുറം താന്‍ കയറിയ ബസ്സ് ഒരിടത്തും നിര്‍ത്തരുതെന്ന മനോഭാവമാണ് തമിഴ്‌നാടിനെ ഭരിക്കുന്നതെന്ന് തോന്നുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും മറ്റും ആ സംസ്ഥാനം ഫെഡറല്‍ രീതി മറന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നത് നാം അനുഭവിക്കുന്നതാണ്. അട്ടപ്പാടിയടക്കമുള്ള പ്രദേശങ്ങളിലും മറ്റും മതിയായ വെള്ളം ലഭിക്കാതെ ജനം ഉഴലുമ്പോള്‍ കേരളം ഇനിയും ക്ഷമയുടെ നെല്ലിപ്പടിയില്‍ നെല്‍കര്‍ഷകരെ നിര്‍ത്തി കുരങ്ങു കളിപ്പിക്കരുത്. തങ്ങളുടെ ജനങ്ങളും ഭരണഘടനയും ഏല്‍പിച്ച ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റി ജനക്ഷേമം ഉറപ്പുവരുത്താനുള്ള ക്രിയാത്മകവും സത്വരവുമായ നടപടിയാണ് ഈ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വെറും വാചകക്കസര്‍ത്തുകളിലും മുന്നണിക്കകത്തെ വിഴുപ്പലക്കിലും കളയേണ്ടതല്ല, പട്ടിണിപ്പാവങ്ങളായ ജനതയുടെ ജീവിതവും ഭാവിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending