സംസ്ഥാനത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തലപ്പത്തെ ഉന്നതന്‍ ക്രിയാത്മക വിജിലന്‍സിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ കേരള ഹൈക്കോടതിക്കുപോലും അംഗീകരിക്കാനാകാത്ത വിധത്തില്‍ തുടരെത്തുടരെയുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു. അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സ്വജനപക്ഷപാതത്തിന്റെയും അഴിമതിക്കഥകളുടെയും പിടിയിലകപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വിജിലന്‍സ് സംവിധാനത്തില്‍ നിന്ന് മറിച്ചൊന്നു പ്രതീക്ഷിക്കുന്നത് സ്വാഭാവികമായും കടന്നകൈയാകും. എന്നാലും സംസ്ഥാനത്തിന്റെ ചരിത്രത്തിലിതുവരെയില്ലാത്ത വിധത്തിലാണ് മൂന്നുദിവസം തുടര്‍ച്ചയായി സംസ്ഥാനത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് വിജിലന്‍സിന് വാക്കുകള്‍കൊണ്ടുള്ള ചാട്ടുളികള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ആശ്ചര്യകരമെന്നുപറയട്ടെ, തികച്ചും നിയമപരമായ ഈ താക്കീതുകളെയെല്ലാം പരസ്യമായി പരിഹസിക്കുന്ന വിധത്തിലാണ് വിജിലന്‍സ് പെരുമാറിയത് എന്നതാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ പരിഹസിക്കുന്നതായി മാറിയിരിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് പൊലീസ് ഭവന കോര്‍പറേഷന്‍ തലപ്പത്തുനിന്ന് ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈപിടിച്ചു കയറ്റിയിരുത്തിയത്. സംസ്ഥാന പൊലീസ് മേധാവിയായ ടി.പി സെന്‍കുമാറിനെപോലും തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയായിരുന്നു ഈ നിയമനം. ഉടന്‍തന്നെ വീരപരിവേഷവുമായി ഇദ്ദേഹം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അഴിമതിക്കേസുകള്‍ ഇനി വേഗത്തിലാക്കുമെന്നും ഇതിനായി തന്റെ കയ്യില്‍ മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡുമുണ്ടെന്നും കാര്‍ഡുകള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് കയ്യടി നേടി. പ്രതിപക്ഷത്തിനെതിരായ പരിഹാസവും ഒളിയമ്പുകളുമായിരുന്നു ഇതിലെല്ലാം. ബാര്‍ കോഴക്കേസായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഒന്ന്. കാടിളക്കി കേസന്വേഷിച്ചിട്ടും പക്ഷേ കാലിയായ നിധികുംഭം പോലെ ആരോപണം തെളിയിക്കുന്ന തരത്തില്‍ മാസങ്ങളായിട്ടും ഒരു തെളിവും ശേഖരിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഒടുവില്‍ മുന്‍മന്ത്രിമാരായ കെ.എം മാണിക്കെതിരെയും കെ. ബാബുവിനെതിരെയുമുള്ള കേസുകള്‍ അവസാനിപ്പിക്കാനിരിക്കുകയാണ് വിജിലന്‍സ്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ആദ്യ വിമര്‍ശനം. സംസ്ഥാന വിജിലന്‍സ് രാജാണോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തിന്റെ തൊട്ടു പിറ്റേന്ന് വിജിലന്‍സ് ഓഫീസില്‍ വന്‍ പദ്ധതികളെക്കുറിച്ചുള്ള അഴിമതികള്‍ സ്വീകരിക്കുന്നില്ലെന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇത്തരം പരാതിയുമായി വന്നവരെ ഓഫീസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. മാത്രമല്ല, ടോള്‍ഫ്രീ ഫോണ്‍ നമ്പറിലൂടെയുള്ള പരാതിയും സ്വീകരിച്ചില്ല. പരാതി മലയാളത്തില്‍ തരണമെന്ന ബോര്‍ഡും എടുത്തുമാറ്റി.
ഇതിനിടെയാണ് മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ മുന്‍മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണം വിജിലന്‍സ് ആരംഭിച്ചത്. ഇതിനെതിരെ ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സിനെതിരായ കോടതി രണ്ടാമതും വിമര്‍ശനമുണ്ടായത്. ഇതിന്റെ തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ചയും കോടതി മൂന്നാമതും വിജിലന്‍സിനെതിരെ തിരിഞ്ഞു. മന്ത്രിയുടെ ബന്ധുനിയമനം സംബന്ധിച്ച പരാതി പരിഗണിക്കുമ്പോഴായിരുന്നു ഇത്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ സംബന്ധിച്ച് പരാതിയുയര്‍ന്നാല്‍ ഇതിലിടപെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ മൂന്നാമത്തെ പ്രഹരം. വിജിലന്‍സിന് മാര്‍ഗരേഖ തയ്യാറാക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
തുടര്‍ച്ചയായ ഈ കോടതി വിധികള്‍ കേട്ട് മുഖ്യമന്ത്രിപോലും വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹൈക്കോടതിയുടെ അഭിപ്രായം തേടുമെന്നു പറഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ചുമതലയിലുള്ള വിജിലന്‍സ് മേധാവിയില്‍ നിന്ന് കോടതിയെ പരിഹസിക്കുന്ന വിധത്തിലുള്ള നടപടികളുണ്ടായതെന്നത് ലളിതമായി കാണാവതല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാന്‍ അനുമതി ചോദിച്ചയാളാണ് ഇപ്പോഴത്തെ വിജിലന്‍സ് മേധാവി. അദ്ദേഹം തന്നെയാണ് സര്‍ക്കാരിനെ ഇപ്പോള്‍ സ്തംഭനത്തിലാക്കുന്ന വിധത്തിലുള്ള ഐ.എ.എസ്-ഐ.പി.എസ് പോരിന് തുടക്കമിട്ടതും. ചീഫ് സെക്രട്ടറിയെ അടക്കം പ്രതിക്കൂട്ടിലാക്കുന്ന രീതിയില്‍ ധനകാര്യ അഡീ.സെക്രട്ടറി കെ.എം എബ്രഹാം, അഡീ. ചീഫ്‌സെക്രട്ടറി ടോംജോസ് അടക്കമുള്ളവര്‍ക്കെതിരെ അഴിമതി അന്വേഷണവുമായി വിജിലന്‍സ് മേധാവി നീങ്ങിയത് അധികാര തലപ്പത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. ഇതില്‍ പലരും തികഞ്ഞ സേവനട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ്. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവധിയെടുത്ത് അധ്യാപക ജോലി ചെയ്ത് ശമ്പളം കൈപ്പറ്റിയതും കര്‍ണാടകയില്‍ വനഭൂമി കൈയേറിയെന്ന കേസില്‍ ആരോപണം നേരിടുന്നതും. തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ നടന്ന ഇടപാടുകളെക്കുറിച്ചും ആരോപണം നിലനില്‍ക്കുന്നു.
അഴിമതി നിരോധന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനമാണ് വിജിലന്‍സ് എന്നിരിക്കെ എന്തിനാണ് ഒരു സ്ഥാനക്കയറ്റം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. അഴിമതിയോ ദുഷ്‌പെരുമാറ്റമോ ആണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ് വിജിലന്‍സ് ഏറ്റെടുത്തിരിക്കുന്നത്. വിജിലന്‍സ് രാജാണോ സംസ്ഥാനത്ത് എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഒരുപക്ഷേ ഈയവസരത്തില്‍ താരപരിവേഷത്തോടെയുള്ള വിജിലന്‍സ് മേധാവിയുടെ നടപടികള്‍ കോടതിയുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. ആവശ്യമെന്നുകണ്ടാല്‍ ഇടപെടുമെന്നും കോടതി പറഞ്ഞത് വിജിലന്‍സ് ഓഫീസിലെ തലേന്നത്തെ നടപടികള്‍ അറിഞ്ഞുകൊണ്ടാവണം. ഏതു സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നിരിക്കെ ജനങ്ങളുടെ പരാതി സ്വീകരിക്കില്ലെന്നു പറയാന്‍ വിജിലന്‍സ് തലപ്പത്തുള്ളവര്‍ക്ക് ധൈര്യം കിട്ടിയത് എവിടെ നിന്നാണ്. എന്തുവന്നാലും വിജിലന്‍സ് മേധാവിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടായിരിക്കണം ഇതിന് ഹേതു. കോടതിക്കും മുകളിലാണ് തങ്ങളെന്ന വിചാരമാണല്ലോ പൊതുവെ ഇടതുപക്ഷക്കാരെ പിടികൂടിയിട്ടുള്ളത്. ജഡ്ജിയെ ശുംഭനെന്ന് വിളിച്ച് ആക്ഷേപിച്ചതിന് തടവുശിക്ഷ വാങ്ങിയെടുത്തതും അതില്‍ വീരപരിവേഷം കൊണ്ടതും ഭരണകക്ഷിയുടെ സംസ്ഥാന നേതാവാണെന്നോര്‍ക്കണം.