വണ്ടികള്‍ കൂട്ടിമുട്ടുമെന്നായാല്‍ പാത തിരിച്ചുവിടാം എന്ന് തെളിയിച്ചയാളാണ് സുരേഷ് പ്രഭു എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്. അങ്ങനെയാണ് ശിവസേന വിട്ട് ബി.ജെ.പിയിലെത്തിയത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ പ്രഭു റെയില്‍വേ മന്ത്രി സ്ഥാനം രാജിവെച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല. ബീഹാറുകാര്‍ക്ക് പണ്ടെ റെയില്‍വേയോട് വല്ലാത്ത കമ്പമാണ്. ജോര്‍ജ് ഫെര്‍ണാണ്ടസായാലും ലാലുവും നിതീഷും പാസ്വാനുമെല്ലാമായാലും റെയില്‍വേ കണ്ടാല്‍ വിടില്ല. ഒറ്റ രാത്രി കൊണ്ട് നരേന്ദ്രനെ നരാധമനും നേരം വെളുക്കുമ്പോഴേക്ക് വീണ്ടും നരേന്ദ്രനുമാക്കിയ നിതീഷ് കുമാറിന് വേണ്ടി റെയില്‍വേ മാറ്റി വെച്ചിരിക്കയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? തമിഴ്‌നാട്ടില്‍ നിന്ന് അതിനേക്കാള്‍ വലിയ സമ്മര്‍ദം വന്നില്ലെങ്കില്‍ നിതീഷിന്റെ സ്വന്തക്കാരിലൊരാള്‍ റെയില്‍വെക്കായി ത്യാഗിക്ക വേണം.
ഉത്തര്‍പ്രദേശില്‍ അഞ്ചു ദിവസത്തിനിടയില്‍ രണ്ടു തീവണ്ടി അപകടങ്ങളുണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി വെക്കുന്നതെന്നാണ് പ്രഭു പറയുന്നത്. പ്രഭുവിന്റെ രാജിക്കൊരു ധാര്‍മികതയുടെ പരിവേഷം സംഘടിപ്പിക്കാന്‍ വേണ്ടിയാണോ രണ്ടു തീവണ്ടികള്‍ പാളം മാറി ഓടിയതും മുപ്പതോളം പേരെ കാലപുരിക്കയച്ചതും എന്ന് അത്ര തിട്ടമില്ല. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലക്കാരനായ സുരേഷ് പ്രഭു റെയില്‍വെയുടെ ചുമതല ഏറ്റ ശേഷം തന്നെ 650 പേര്‍ തീവണ്ടിയപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മാത്രം മരണം 200 കവിഞ്ഞു. റെയില്‍വേയുടെ കാര്യത്തില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി കാണിച്ച മാതൃകയുണ്ട്. അപകടമുണ്ടായി ആളുകള്‍ മരിച്ചപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വത്തിന്റെ പേരിലെ രാജി. നൂറു പിഞ്ചുകുട്ടികള്‍ പ്രാണ വായു കിട്ടാതെ ശ്വാസംമുട്ടി മരിച്ചപ്പോള്‍ കാണാത്ത ധാര്‍മികത മുസഫര്‍ നഗറില്‍ തീവണ്ടിയപകടമുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നത് തെല്ലതിശയം തന്നെ. ബാല മരണങ്ങള്‍ കേള്‍പാനില്ലാത്ത മാവേലിനാടല്ലല്ലോ യു.പി.
ഊണുറക്കമില്ലാതെ വകുപ്പിന് വേണ്ടി പണിയെടുക്കുന്നയാളായിരുന്നു ഈ പ്രഭു. ബി.ജെ.പിയുടെ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും ഹൈബി ഈഡനും അത് നന്നായി മനസ്സിലായി. അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ കൊച്ചിയില്‍ മുഖ്യാതിഥിയായെത്തിയ സുരേഷ് പ്രഭു ശവാസനത്തിനിടെ ഉറങ്ങിപ്പോയി. യോഗ അവസാനിച്ചെന്നറിയിപ്പുണ്ടാകുകയും എല്ലാരും എഴുന്നേല്‍ക്കുകയും ചെയ്തിട്ടും മന്ത്രി പുംഗവന്‍ ആസനത്തില്‍ തുടര്‍ന്നപ്പോള്‍ ബേജാറായ ഒരാള്‍ തട്ടി. പ്രഭു ഞെട്ടിയുണര്‍ന്നല്ലോ. 1996 മുതല്‍ ഇദ്ദേഹം പാര്‍ലിമെന്റ് അംഗമാണ്. 1996ല്‍ രാജാപൂരില്‍നിന്ന് ശിവസൈനികനായാണ് ലോക്‌സഭയിലെത്തിയത്. നാലു തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. ഇതിനിടയില്‍ 1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ വ്യവസായം, വളം, ഊര്‍ജം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇക്കാലത്താണ് കേന്ദ്ര വൈദ്യുതി നിയമം വന്നത്. രാജ്യത്തിന്റെ ഊര്‍ജ രംഗത്ത് കാര്യമായ പുരോഗതി ഇക്കാലയളവിലുണ്ടായെന്നാണ് വിലയിരുത്തല്‍. 2009ല്‍ പക്ഷെ തോറ്റു. 2014ല്‍ മത്സരിക്കാന്‍ ശിവസേന സീറ്റ് നല്‍കിയതുമില്ല. കേന്ദ്ര മന്ത്രിയായിരിക്കെ സാക്ഷാല്‍ ബാല്‍താക്കറെ ഉന്നയിച്ച ആവശ്യങ്ങളോട് പുറം തിരിഞ്ഞ സുരേഷ് പ്രഭുവിനെ അന്നുതന്നെ പിരിച്ചുവിടണമെന്ന് താക്കറെ ശാഠ്യം പിടിച്ചു. അതു നടക്കുകയും ചെയ്തു. 2014ല്‍ മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കവെ പ്രഭുവിനെ ശിവസൈനികനായി മന്ത്രിസഭയിലെടുക്കാനുള്ള ആഗ്രഹം മോദി പ്രകടിപ്പിച്ചു. ഉദ്ധവ് താക്കറെ സമ്മതിച്ചില്ലെങ്കിലും ഇതിനകം മഹാരാഷ്ട്രയില്‍ ശിവസേനയെ വെല്ലുവിളിക്കാന്‍ കരുത്താര്‍ജിച്ച ബി.ജെ.പി താക്കറെയുടെ തിട്ടൂരം തട്ടിയെന്ന് മാത്രമല്ല, സുരേഷ് പ്രഭുവിനെ ആന്ധ്രയില്‍ നിന്ന് രാജ്യസഭാംഗമാക്കി. മന്ത്രിയുമാക്കി.
സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പെ സുരേഷിന്റെ പ്രഭുത്വത്തിന് കുറവുണ്ടായിരുന്നില്ല. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ പതിനൊന്നാമത് റാങ്കുകാരനായ ഇദ്ദേഹം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യയുടെ അംഗമാണ്. സി.എ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍, ട്രഷറര്‍, ഫോറം ഓഫ് സി.എ പ്രസിദ്ധീകരണത്തിന്റെ പത്രാധിപ സമിതി അംഗം, യൂത്ത് ഫോര്‍ ഡെമോക്രസി സ്ഥാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.
മോദിക്ക് വേണ്ടി റെയില്‍വെ വകുപ്പ് നഷ്ടപ്പെട്ടാലും വാഴാന്‍ ഒട്ടേറെ മേഖല പ്രഭുവിനുണ്ട്. നദീജല സംയോജനത്തിന്റെ കര്‍മസമിതി അധ്യക്ഷനാണ്. ക്യാബിനറ്റ് പദവിയുള്ളതാണ് ഈ സ്ഥാനം. ലോക പാര്‍ലിമെന്ററി നെറ്റ്‌വര്‍ക്കിലെ തെരഞ്ഞെടുത്ത അംഗം, ലോക ബാങ്കിന്റെ വാട്ടര്‍ റിസോഴ്‌സ് അടക്കം പല കമ്മിറ്റികളിലെ അംഗം.. നിരവധി നിലകളില്‍ സേവനം ചെയ്യുന്നു. പ്രധാനമന്ത്രിയാകും മുമ്പ് തന്നെ മോദിയെ വിധേയത്വം ബോധ്യപ്പെടുത്തിയ ആളാണ് സുരേഷ് പ്രഭു. 2013ലാണ്. വാര്‍ട്ടണ്‍ ഇന്ത്യ ഇക്കണോമിക് ഫോറത്തില്‍ നിന്ന് അവസാന നിമിഷം നരേന്ദ്രമോദിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി സന്ദര്‍ശനം റദ്ദു ചെയ്തത് വാര്‍ത്തയാക്കിയിരുന്നുവല്ലോ. അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇന്റഗറേറ്റഡ് ഡവലപ്‌മെന്റ് ഓഫ് പവര്‍, കോള്‍, റിന്യൂവബിള്‍ എനര്‍ജിയുടെ ഉന്നത തല പാനല്‍ തലവന്‍ ആയി നിയമിച്ചതും മോദി. റെയില്‍വേക്ക് വേണ്ടി പ്രത്യേകമായ ബജറ്റ് അവസാനമായി അവതരിപ്പിച്ചത് സുരേഷ് പ്രഭു തന്നെയാകും. കഴിഞ്ഞ ബജറ്റില്‍ പുതുതായി ഒരു വണ്ടിയും അനുവദിച്ചില്ല. ഉള്ള വണ്ടികളുടെയും പാതകളുടെയും അറ്റകുറ്റപ്പണിക്കും സുരക്ഷാ ക്രമീകരണത്തിനും വേണ്ടി ചെലവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് അപകട പരമ്പരകള്‍.