ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവ് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉത്തരവ് നിലവില്‍ വന്നതിനു പിന്നാലെ ഇറാഖ്, ഇറാന്‍, സിറിയ, ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരായ അമേരിക്കന്‍ യാത്രികരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ തടയാനും തിരിച്ചയക്കാനും തുടങ്ങിയിരിക്കുന്നു. മതിയായ വിസാ രേഖകള്‍ ഉണ്ടായിട്ടും യാത്രക്കാരെ തിരിച്ചയക്കുന്ന നടപടിക്ക് യു.എസ് ഫെഡറല്‍ ജഡ്ജ് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം കുടംതുറന്നുവിട്ട ഭൂതത്തെ പിടിച്ചുകെട്ടാന്‍ അത് മതിയാകില്ല.

തീവ്രവാദ, ഭീകരവാദ ആക്രമണങ്ങളില്‍നിന്ന് അമേരിക്കയെ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഷ്യം. ഭീകരവാദത്തിന് മതമില്ലെന്ന് ലോകം മുഴുക്കെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്, ഇസ്്‌ലാമിനെയും മുസ്്‌ലിം രാഷ്ട്രങ്ങളേയും താറടിച്ചു കാണിക്കാനും ഇസ്്‌ലാമോഫോബിയ വളര്‍ത്താനുമുള്ള സയണിസ്റ്റ് ഗൂഢതന്ത്രമാണ് ട്രംപ് ഭരണകൂടം നടപ്പാക്കുന്നത്.
മതദ്വേഷത്തില്‍ അധിഷ്ടിതമായ വിവേചനവും വിലക്കും കൊണ്ട് സ്വന്തം സാമ്രാജ്യം സുരക്ഷിതമാക്കാമെന്നത് മൗഢ്യ ധാരണ മാത്രമാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ തീവ്രദേശീയതയിലും തീവ്രമതവാദത്തിലും അധിഷ്ടിതമായ പ്രതിരോധ കവചം തീര്‍ക്കാന്‍ ശ്രമിക്കുക വഴി അമേരിക്കയെ കൂടുതല്‍ അരക്ഷിതമാക്കാനേ ട്രംപിന്റെ കരുനീക്കങ്ങള്‍ വഴിയൊരുക്കൂ.
യുദ്ധവും ആഭ്യന്തര സംഘര്‍ഷവും തകര്‍ത്തെറിഞ്ഞ നാടുകളില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുന്ന നിസ്സഹായരായ മനുഷ്യര്‍ക്കു മുന്നില്‍ അഭയത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുന്നതിലൂടെ ലോകത്തിനു മുന്നില്‍ സ്വന്തം രാജ്യത്തെ തന്നെയാണ് ട്രംപ് നാണം കെടുത്തുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ വാക്കുകളില്‍ ഉള്‍പ്പെടെ ഈ സത്യം നിഴലിക്കുന്നുണ്ട്. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്ര വസ്തുത എളുപ്പത്തില്‍ വിസ്മരിക്കാവതല്ല. കുടിയേറ്റ ജനതയുടെ എണ്ണത്തില്‍ ലോകത്തെ 179 രാജ്യങ്ങളില്‍ 34ാം സ്ഥാനത്താണ് അമേരിക്ക. കൊളോണിയല്‍ കാലത്തും 19ാം നൂറ്റാണ്ടിന്റെ മധ്യത്തിലും 20ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമായി വലിയ തോതിലുള്ള കുടിയേറ്റങ്ങള്‍ക്ക് വേദിയായ രാജ്യമാണ് യു.എസ്. കുടിയേറിയവരില്‍ ഏറെയും യൂറോപ്പില്‍നിന്നുള്ളവരായിരുന്നു. അവരാണ് ഇന്ന് അമേരിക്കയുടെ ഗതിയും ദിശയും രാഷ്ട്രീയവും നിയന്ത്രിക്കുന്നത്. 1960കള്‍ക്കുശേഷം മാത്രമാണ് ലാറ്റിനമേരിക്കയില്‍നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യു.എസ് കുടിയേറ്റം ആരംഭിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ യു.എസ് നേരിടേണ്ടി വന്നത് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മാത്രമാണ്. അതിലാവട്ടെ, പ്രാഥമിക ഉത്തരവാദിത്തവും അമേരിക്കക്കു തന്നെയാണ്. യു.എസ് സഖ്യ സേനയുടെ അഫ്ഗാന്‍, ഇറാഖ് അധിനിവേശങ്ങള്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ പകരം സ്ഥാപിതമായത് അനിശ്ചിതത്വത്തിന്റെയും അശാന്തിയുടേയും നാളുകളായിരുന്നു. തുണീഷ്യയില്‍ തുടക്കമിട്ട് ഈജിപ്ത്, ലിബിയ, ബഹറൈന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ വീശിയ അറബ് വസന്തം അരാഷ്ട്രീയവിപ്ലവത്തിന്റെ കെടുതികളെ ഒന്നുകൂടി ഊതിപ്പെരുപ്പിച്ചുവെന്ന് മാത്രം. ഇറാഖ്, സിറിയ, ലിബിയ എന്നീ രാഷ്ട്രങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടായത്. ഇതില്‍ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യു.എസ് അഭയം നല്‍കിയിട്ടുള്ളത്. അതും കര്‍ക്കശമായ നിരീക്ഷണ, പരിശോധന നടപടികള്‍ക്കൊടുവില്‍ മാത്രം. അതത് രാജ്യങ്ങളിലെ യു.എസ് എംബസികളില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കുന്നവരില്‍നിന്ന് അവരുടെ മത, സാമൂഹ്യ ബന്ധങ്ങളും പശ്ചാത്തലങ്ങളും വിദ്യാഭ്യാസവും തൊഴിലും ഉള്‍പ്പെടെ പരിശോധനകള്‍ക്ക് വിധേയമാക്കി മാത്രമാണ് യു.എസിലേക്ക് പ്രവേശനാനുമതി നല്‍കുന്നത്. 85,000 അഭയാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഒബാമ ഭരണകൂടം പ്രവേശനം നല്‍കിയത്. എന്നാല്‍ തുര്‍ക്കി അഭയം നല്‍കിയത് 27 ലക്ഷം അഭയാര്‍ത്ഥികള്‍ക്കാണ്. സഊദിയില്‍ എത്തിയത് 20 ലക്ഷത്തിലധികം പേരാണ്. ഫ്രാന്‍സും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച അഭയാര്‍ത്ഥികളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ പോലും യു.എസിലേത് തുലോം തുച്ഛമാണ്. സ്വീകരിക്കപ്പെട്ട അഭയാര്‍ത്ഥികളുടെ എണ്ണത്തേക്കാളുപരി, സര്‍വവും നഷ്ടപ്പെട്ടവന്റെ വേദനയില്‍ പങ്കുചേരാനും കണ്ണീരൊപ്പാനുമുള്ള ലോകജനതയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനസ്സു കാണിച്ചു എന്നതായിരുന്നു ഒബാമ ഭരണകൂടം കൈക്കൊണ്ട നിലപാടിന്റെ നന്മയുടെ പാഠം. അതിനെ തച്ചുടച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം വിവേചനത്തിന്റെ മതില്‍ കെട്ടിപ്പൊക്കുന്നത്. ജര്‍മ്മനിയും ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. യു.എസ് സാമ്പത്തിക മേഖലയുടെയും ഐ.ടി വ്യവസായത്തിന്റെയും നട്ടെല്ലായ സിലിക്കണ്‍ വാലിയും ട്രംപിന്റെ നീക്കങ്ങളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.
നിരോധനം ബാധകമായ രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് പൗരന്മാര്‍ നിലവില്‍ യു.എസിലുണ്ട്. പ്രത്യേകിച്ച് ഇറാനില്‍നിന്നുള്ളവര്‍. ദശലക്ഷത്തിലധികം ഇറാനികളാണ് യു.എസില്‍ കുടിയേറിയിട്ടുള്ളത്. ഒരിക്കല്‍ പുറത്തുകടന്നാല്‍ പിന്നീട് യു.എസില്‍ തിരിച്ചു പ്രവേശിക്കാന്‍ കഴിയാത്ത വിധമുള്ള കുരുക്കിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്. കുട്ടിക്കാലത്തുതന്നെ അഭയാര്‍ത്ഥികളായി യു.എസില്‍ എത്തിപ്പെടുകയും ഇപ്പോഴും അവിടെ കഴിയുകയും ചെയ്യുന്ന ലക്ഷങ്ങള്‍ വേറെയുമുണ്ട്. ഭയരഹിതമായി യു.എസില്‍ ജീവിക്കാനും തൊഴിലെടുക്കാനും ഇവര്‍ക്ക് അവസരം ഒരുക്കുന്നതിനായി ഒബാമ ഭരണകൂടം കൊണ്ടുവന്ന പദ്ധതിക്ക് തുരങ്കം വെക്കാനുള്ള കരുനീക്കത്തിലാണ് ട്രംപ് ഭരണകൂടമിപ്പോള്‍. മുസ്്‌ലിം വിരോധമല്ല തീരുമാനത്തിനു പിന്നിലെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടവയെല്ലാം മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ ആണ് എന്നതുതന്നെ ആ വാദത്തെ ഖണ്ഡിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അഭയാര്‍ത്ഥി പ്രവേശനത്തിന് ഇളവ് നല്‍കുമെന്ന പ്രഖ്യാപനവും വിവേചനം വ്യക്തമാക്കുന്നതാണ്. യുദ്ധമുഖത്തുനിന്ന് സര്‍വ്വവും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന ജനതയെപ്പോലും മതത്തിന്റെ ലേബല്‍ ഒട്ടിച്ച് തിരിച്ചയക്കുന്ന തരത്തിലേക്കുള്ള യു.എസിന്റെ അധഃപ്പതനമാണ് ട്രംപ് യുഗം അടയാളപ്പെടുത്തുന്നത്.