കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഒതുങ്ങിനിന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ, സംസ്ഥാനത്തിന്റെ മൊത്തം സ്വാസ്ഥ്യവും തകര്‍ക്കുന്ന വിധത്തിലേക്ക് ആര്‍.എസ്.എസും സി.പി.എമ്മും ചേര്‍ന്ന് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന നഗരിയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരു നാടിന്റെ മഴുവന്‍ സമാധാനത്തേയും അപകടത്തിലാക്കുന്ന തരത്തിലേക്ക് വളരുന്നു എന്നതിനെ നിസ്സാരവല്‍ക്കരിച്ച് കാണാനാവില്ല.

അധികാരകേന്ദ്രങ്ങൡലെ സ്വാധീനം അരുംകൊലകള്‍ നടത്താനുള്ള തണലും ആയുധവുമായി ഉപയോഗിക്കുകയാണ് കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ ഭരണം കൈയാളുന്ന സി.പി.എമ്മും ബി.ജെ.പിയും. നേതാക്കന്മാരുടെ കല്‍പനകള്‍ക്കനുസരിച്ച് രൂപപ്പെടുന്ന ചാവേറ്റുപടകള്‍ പക്ഷേ, എന്തിനു വേണ്ടിയാണ് ഈ കൊല്ലലും ചാവലുമെന്ന് പോലും തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ ശാപം.
തലസ്ഥാനനഗരിയിലെ മഹാത്മാഗാന്ധി കോളേജ് ക്യാമ്പസില്‍ എസ്.എഫ്.ഐ കൊടി നാട്ടാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് എ.ബി.വി.പിയുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലേക്ക് വഴിതെളിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും ആകസ്മികമായ ഒരു സംഭവത്തിന്റെ ചുവടു പിടിച്ചാണ് ഇത്രയും വലിയൊരു സംഘര്‍ഷത്തിലേക്ക് ഒരു നാട് എടുത്തുചാടിയതെന്ന വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് നിലവിലെ സംസ്ഥാന രാഷ്ട്രീയം കടന്നുപോകുന്ന സാഹചര്യം പരിശോധിക്കുമ്പോള്‍. ഭരണ പരാജയങ്ങളെതുടര്‍ന്നുള്ള ജനവിരുദ്ധ വികാരത്തേയും അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചതിനെതുടര്‍ന്നുള്ള നാണക്കേടുകളേയും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന രണ്ട് പാര്‍ട്ടികളാണ് അക്രമസംഭവങ്ങളുടെ രണ്ടറ്റത്ത് എന്നത് കണക്കിലെടുക്കണം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയും നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ജനത്തെ തെരുവാധാരമാക്കുകയും ചെയ്ത അതേ പാര്‍ട്ടിയുടെ സംസ്ഥാനഘടകം നേതാക്കളാണ് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. അതും സ്വന്തം പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം. കള്ളനോട്ട് ഇല്ലാതാക്കാനാണ് നോട്ടു നിരോധനമെന്ന് വാദിച്ച പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ തന്നെയാണ് കള്ളനോട്ട് അടിക്കുന്ന അത്യാധുനിക സംവിധാനങ്ങളുമായി തൃശൂരില്‍ പിടിയിലായത്.
മറുപക്ഷത്ത് കോടികള്‍ വിലവരുന്ന കോവളം കൊട്ടാരം എല്ലാ എതിര്‍പ്പുകളേയും അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശങ്ങളേയും മറികടന്ന് സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എം. വിന്‍സെന്റ് എം.എല്‍.എയെ അറസ്റ്റുചെയ്ത് ജയിലില്‍ അടക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിതാവേശവും സംശയത്തിന്റെ മുനയില്‍നില്‍ക്കുകയാണ്. ആരോപണങ്ങളില്‍നിന്നും ഭരണപരാജയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് വിവാദങ്ങളെ എങ്ങനെ കൂട്ടുപിടിക്കാം എന്ന് സമര്‍ത്ഥമായി തെളിയിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. ബിഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും നേരെ അരങ്ങേറുന്ന വേട്ടയാടലുകളും ബി.ജെ.പിയുടെ ഇത്തരം കണ്‍കെട്ട് വിദ്യകള്‍ക്ക് തെളിവാണ്. സാമുദായിക സംഘര്‍ഷത്തിന് കേരളത്തിന്റെ മണ്ണ് വഴങ്ങിക്കിട്ടാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകങ്ങളെ ഇരു പാര്‍ട്ടികളും ഇത്തരത്തില്‍ ജനശ്രദ്ധ തിരിച്ചിവിടുന്നതിനുള്ള ആയുധമായി ഉപയോഗിക്കുകയാണോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. അതീവ ഗുരുതരമായ ആരോപണങ്ങളെ നേരിടുമ്പോള്‍തന്നെ ഇരു പാര്‍ട്ടികളും അക്രമത്തിന് രംഗത്തിറങ്ങി എന്നതും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് മുമ്പ് അധികം വേദിയായിട്ടില്ലാത്ത തലസ്ഥാന നഗരിയില്‍ പോലും അക്രമികള്‍ക്ക് ബോംബും മറ്റു ആയുധങ്ങളും എവിടെനിന്ന് ലഭിക്കുന്നു എന്നതും ആസുത്രിതമായൊരു നാടകത്തിന്റെ തിരശ്ശീലക്ക് പിന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊന്നും ചത്തും അടക്കിവാഴാന്‍ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ പുറത്തെടുക്കുന്ന ഇത്തരം കുടില തന്ത്രങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ബുദ്ധിശൂന്യരാണ്, ചാവേറുകളായി കളത്തിലിറങ്ങുന്നത്. അവര്‍ അറിയുന്നില്ല, നഷ്ടം എക്കാലത്തും അവരുടേതും അവരുടെ കുടുംബങ്ങളുടേതും മാത്രമാണെന്ന്. നിരാശ്രയരാകുന്നത് അവരുടെ ഭാര്യാ, സന്താനങ്ങള്‍ മാത്രമാണെന്ന്. ആലംബമറ്റവരാകുന്നത് അവരെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളാണെന്ന്. ആ വിവേകം രൂപപ്പെടും വരെ ചാവേറ്റുപടകള്‍ രൂപപ്പെട്ടു കൊണ്ടേയിരിക്കും. അല്ലെങ്കില്‍ നിയമത്തിന്റെ ചരടുകള്‍കൊണ്ട് അക്രമങ്ങള്‍ക്കെതിരെ വിലങ്ങുതീര്‍ക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങള്‍ക്ക് കഴിയണം. ക്രിമിനലുകള്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടില്ലെന്ന്, യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രി, രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ കൂടി അതിനുള്ള ഇച്ഛാശക്തി കാണിക്കണം. കൊന്നവരേയും കൊല്ലിച്ചവരേയും അതിന് ഒത്താശ ചെയ്തവരെയുമെല്ലാം ഒരുപോലെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ശിക്ഷ വാങ്ങിക്കൊടുക്കണം. ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ വധം അടക്കമുള്ള സംഭവങ്ങളിലെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ ഉറക്കമൊഴിച്ചവര്‍ക്ക് അതിന് എത്രത്തോളം കഴിയും എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സംഭവം ഒരു നാടിന്റെ മുഴുവന്‍ സമാധാനത്തെ മുഴുവന്‍ തല്ലിക്കെടുത്തുന്ന വിധത്തിലേക്ക് വളര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ ഒഴിഞ്ഞുമാറാനാവില്ല. മനുഷ്യന്റെ ചോര കൊണ്ട് കൊടിക്ക് നിറം പൂശുന്നവരെ തിരിച്ചറിയാനും തിരസ്‌കരിക്കാനും രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനുമുള്ള വിവേകം പൊതുജനങ്ങളിലും രൂപപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനത്തിന് നല്‍കപ്പെട്ടിരിക്കുന്ന വജ്രായുധം താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കാനുള്ള അധികാരം മാത്രമല്ല, ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നാടിന് കൊള്ളാത്തവരെ, ജനത്തിന് ഉപകാരമില്ലാത്തവരെ, അക്രമങ്ങളും അനീതിയും പടര്‍ത്തുന്നവരെ തിരസ്‌കരിക്കാനുള്ള അധികാരം കൂടിയാണ്. അതിനു ജനം മുതിര്‍ന്നാലേ നാടിന്റെ സ്വാസ്ഥ്യം തിരിച്ചുവരൂ.