Connect with us

Video Stories

കെടുതിക്കു മുമ്പേ കരുതലൊരുക്കുക

Published

on

കേരളം വീണ്ടും ‘നിപാ’ ഭീതിയില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുകയാണ്. കാലവര്‍ഷം കനത്തു തുടങ്ങിയാല്‍ മാരക രോഗങ്ങളുടെ വ്യാപനത്താല്‍ വീര്‍പ്പുട്ടുന്ന നമ്മുടെ സംസ്ഥാനം മെച്ചപ്പെട്ട മുന്‍കരുതലുകള്‍ക്കായി കാതോര്‍ക്കുകയാണ്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ‘വണ്‍മാന്‍ഷോ’യും വകുപ്പിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനവും എന്ന പതിവു പല്ലവിയില്‍ നിന്നു മാറ്റമൊന്നും കാണുന്നില്ല എന്നതാണ് ഖേദകരം. അവതാളത്തിലായി കുത്തഴിഞ്ഞുകിടക്കുന്ന ആരോഗ്യ വകുപ്പിനെ പ്രസ്താവനകളിലൂടെ മാത്രം ആലങ്കാരികമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മന്ത്രിയില്‍നിന്നും പ്രായോഗികമായി ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചുകൂടാ. കഴിഞ്ഞ ഇതേ കാലയളവില്‍ ഏറെ ഭീതി പരത്തിയ നിപാ വൈറസിനെ നാട് ഒന്നടങ്കം ഒരുമിച്ച്‌നിന്ന് പ്രതിരോധിച്ചത് കൊണ്ടാണ് പടിക്കുപുറത്തുനിര്‍ത്താന്‍ കഴിഞ്ഞത്. ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ഇന്നും സമരപ്പന്തലില്‍ കിടന്ന് അവകാശങ്ങള്‍ക്കായി നിലവിളിക്കുമ്പോള്‍ സ്വയം രക്ഷക വേഷംകെട്ടി മേനി നടിച്ച മന്ത്രി നാടിനു തന്നെ നാണക്കേടായിരിക്കുകയാണ്. കഴിഞ്ഞദിവസം എറണാകുളത്തും തൃശൂരിലും നിപാ വൈറസ് ബാധ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തീരെ അവധാനതയില്ലാതെ എടുത്തുചാടി അഭിപ്രായം പറഞ്ഞ മന്ത്രിയെ തിരുത്തുന്നതായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. പരിശോധനാഫലം പുറത്തുവന്നപ്പോള്‍ ഉരുണ്ടുകളിച്ച മന്ത്രി ആശങ്കപ്പെടേണ്ടതില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പൊതുജനത്തിന് മന്ത്രിയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. നാഥനില്ലാകളരിയായി മാറിയ ആരോഗ്യവകുപ്പിനെ ഇനിയും കുറ്റമറ്റതാക്കിയില്ലെങ്കില്‍ ഈ കാലവര്‍ഷക്കാലത്തും കേരളം മാരകമായ രോഗങ്ങളുടെ പിടിയിലമരുമെന്ന കാര്യം തീര്‍ച്ച.
മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെല്ലാം താളം തെറ്റിക്കിടക്കുകയാണ്. അവയവം മാറി ഓപറേഷന്‍ നടത്തിയതിന്റെ വേദന വിട്ടുമാറും മുമ്പാണ് അര്‍ബുദമില്ലാത്ത യുവതിയെ കീമോ തെറാപ്പിക്കു വിധേയമാക്കിയ ഞെട്ടിക്കുന്ന വാര്‍ത്ത കേരളം കേട്ടത്. സ്വകാര്യ ലബോറട്ടറി നല്‍കിയ പരിശോധനാഫലത്തെ പഴിചാരി കയ്യൊഴിയുകയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി. എത്ര ദയനീയമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളുടെയും സ്ഥിതി ഇതു തന്നെയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ ഡിപ്പാര്‍ട്ടുമെന്റുകള്‍ പലതും പൂട്ടിക്കിടക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ദിവസവും ആയിരക്കണക്കിന് രോഗികള്‍ക്ക് അര്‍ഹമായ ചികിത്സ നിഷേധിക്കപ്പെടുന്നു. സംസ്ഥാനത്തെ 48 താലൂക്ക് ആസ്പത്രികളില്‍ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സാവിഭാഗം നിശ്ചലമായി കിടന്നിട്ട് നാളുകളേറെയായി. ഡോക്ടര്‍മാരുടെ നിയമന വിഷയത്തില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റ് സര്‍ക്കാറിനെ അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെയും സര്‍ക്കാറിന് സാധിച്ചിട്ടില്ല. മൂന്നു വര്‍ഷത്തെ വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുമെന്ന് കരുതിയെങ്കിലും ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതക്ക് ഒരു കുറവുമില്ലെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവ ഫലപ്രദമായി തടയാന്‍ നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനെ കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല. സര്‍ക്കാര്‍ ആസ്പത്രികളിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്താനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. ആരോഗ്യ വകുപ്പില്‍ 1200ഓളം ഡോക്ടര്‍മാരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെഡിക്കല്‍ കോളജുകളില്‍ മാത്രം 542 ഡോക്ടര്‍മാരുടെ ഒഴുവുണ്ട്. ജില്ലാ ആസ്പത്രികളില്‍ 282 ഡോക്ടര്‍മാരുടെയും താലൂക്ക് ആസ്പത്രികളില്‍ 316 ഡോക്ടര്‍മാരുടെയും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 128 ഡോക്ടര്‍മാരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രധാന വിഭാഗങ്ങളില്‍ പോലും ഡോക്ടര്‍മാരില്ല. ആരോഗ്യ വകുപ്പ് മന്ത്രിയായി കെ.കെ ശൈലജ ചുമതലയേറ്റ ശേഷം, ഒഴിവുകള്‍ നികത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. സംസ്ഥാനത്ത് മലബാര്‍ മേഖലയിലാണ് ഒഴിവുകള്‍ ഏറെയുമെന്നുള്ളത് സര്‍ക്കാറിന്റെ നോട്ടക്കുറവാണ് വ്യക്തമാക്കുന്നത്.
അഭിമാനത്തോടും പൊങ്ങച്ചത്തോടും നാം പറയാറുള്ള നമ്മുടെ ആരോഗ്യപരിപാലന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചോദ്യംചെയ്യപ്പെടുകയാണ്. നാം നിര്‍മാര്‍ജ്ജനം ചെയ്തു എന്ന് ആവര്‍ത്തിച്ച് വീമ്പ് പറയുന്ന കോളറ, മലമ്പനി, ഡിഫ്ത്തീരിയ, ക്ഷയം എന്നീ രോഗങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ജനങ്ങളില്‍ ഭീതി വിതച്ചുകൊണ്ടിരിക്കുകയുമാണിപ്പോള്‍. കേരളം വീണ്ടും പകര്‍ച്ചപ്പനിയുടെയും മഹാമാരികളുടെയും നാടായി മാറിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പകര്‍ച്ചപ്പനി ബാധിച്ച് വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചെള്ള് പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവഹാനി സംഭവിക്കുന്ന മാരക സ്വഭാവമുള്ള പകര്‍ച്ചവ്യാധികളാണ് മിക്കവയും. അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും രോഗികള്‍ക്ക് ആവശ്യം വേണ്ട ചികിത്സ ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. മിക്ക ആസ്പത്രികളിലും മരുന്നും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ജനങ്ങള്‍ വലയുകയാണ്. പ്രത്യേക സാഹചര്യത്തില്‍ മതിയായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുന്നു. വകുപ്പ് മന്ത്രിതന്നെ പലപ്പോഴും പരിഭവങ്ങള്‍ പങ്കുവെക്കാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയാണ്. ഇതുകൊണ്ടൊന്നും ആരോഗ്യമേഖല രക്ഷപ്പെടില്ലെന്ന സാമാന്യജ്ഞാനമാണ് മന്ത്രിക്കു വേണ്ടത്. ഇനിയെങ്കിലും കാര്യങ്ങളെ ഗൗരവമായി കാണാനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാനുമുള്ള വിവേകം മന്ത്രി കാണിക്കണം. മറ്റൊരു മഴക്കാലംകൂടി ആര്‍ത്തിരമ്പി വരും മുമ്പ് സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലക്കു മേല്‍ വന്നുപതിച്ച ഭീതിയുടെ കരിമേഘങ്ങളെ അകറ്റിമാറ്റാന്‍ കഴിയണം. ഇനിയുമൊരു മഹാമാരിയുടെ മരണക്കയത്തിലേക്ക് കേരളത്തെ വലിച്ചെറിയരുതെന്ന് വിനയത്തോടെ മന്ത്രിയെ ഓര്‍മപ്പെടുത്തട്ടെ…

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending