മുംബൈ: മോദിക്കെതിരായ കടുത്ത വിമര്‍ശനത്തിനു പിന്നാലെ, ബിജെപിയുമായി കടുത്ത വിരോധം പുലര്‍ത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വാനോളം പുകഴ്ത്തിയും ശിവസേന രംഗത്ത്. നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ ബിജെപിക്കെതിരെ തിരിഞ്ഞ എന്‍.ഡി.എ ഘടകകക്ഷി കൂടിയായി ശിവസേനാ, പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് മമതയെ പ്രശംസിക്കുന്നത്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മമതയെ വാനോളം പുകഴ്ത്തി ശിവസേന മുഖപത്രം എത്തിയത്.

ഇടതുപാര്‍ട്ടികളെ ഒറ്റയ്ക്ക് നേരിട്ട് ബംഗാള്‍ പിടിച്ച മമത പുലിയാണെന്നാണ് പുകഴ്ത്തല്‍. കൂടാതെ തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ മമതക്ക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കുകയോ, വോട്ടിന് പണം നല്‍കുകയോ ചെയ്യേണ്ടി വന്നിട്ടില്ലെന്നും സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
നേരത്തെ യുപി തെരഞ്ഞെടുപ്പിലും മറ്റും ബിജെപിയുടെ നേതൃത്വത്തില്‍ കുതിരക്കച്ചവടം നടന്നതായും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതായും ആരോപണമുണ്ടായിരുന്നു.

ഉദ്ധവ് താക്കറെയുമായി മമതയ്ക്കുള്ള സൗഹൃദവും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നുണ്ട്.
നോട്ട് നിരോധനം-ജിഎസ്ടി എന്നിവയുടെ പേരില്‍ ബിജെപിയെ നിരന്തരം വിമര്‍ശിക്കുന്ന ശിവസേന, മമതുയുമായി സൗഹൃദം രാഷ്ട്രീയ നിരീക്ഷകര്‍ വലിയ ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്.