കേരളത്തിന്റെ അഭിമാനസ്തംഭമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മാണകരാര്‍ അനുവദിച്ചതിനുപിന്നില്‍ ശതകോടികളുടെ അഴിമതി നടന്നതായി ദുഷ്പ്രചരണം നടത്തിയ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മീഷന്‍ ഒന്നരവര്‍ഷത്തുനുശേഷം, പദ്ധതിയില്‍ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. പദ്ധതി അനുവദിച്ചതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ മറ്റാരെങ്കിലുമോ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഉടനടി തങ്ങളുടെ നിലപാട് തിരുത്തി കേരള ജനതയോട് മാപ്പുപറയാന്‍ ആര്‍ജവംകാട്ടണം.
കപ്പലുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ചരക്കുള്‍പ്പെടെയുള്ളവയുടെ കടത്തിലൂടെ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും കേരളത്തിലും ഏറെ പ്രാധാന്യമുള്ളതും പ്രയോജനപ്പെടുന്നതുമാണ് 8000 കോടിയോളം വരുന്ന കോവളത്തിനടുത്ത വിഴിഞ്ഞം അന്താരാഷ്ട്ര വിവിധോദ്ദേശ്യ സമുദ്രാന്തര്‍തുറമുഖ നിര്‍മാണപദ്ധതി. 2016 മേയില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന്, പദ്ധതിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നെങ്കിലും ഒപ്പുവെച്ച് കഴിഞ്ഞതിനാല്‍ മുന്നോട്ടുപോകുമെന്നും എന്നാല്‍ അഴിമതി പുറത്തുകൊണ്ടുവരുമെന്നുമായിരുന്നു സി.പി.എം വ്യക്തമാക്കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായിവിജയനാണ് വിഴിഞ്ഞം പദ്ധതിയില്‍ ശതകോടികളുടെ അഴിമതി നടന്നതായി കാടടച്ച് വെടിവെച്ചത്. 2015 മെയ്16ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ എഴുതി: ‘പദ്ധതിയില്‍ 6000 കോടിയുടെ ഭൂമി കുംഭകോണം നടന്നു. അദാനിഗ്രൂപ്പിന് കരാര്‍ നല്‍കുന്നതില്‍ മുഖ്യമന്ത്രിയുള്‍പ്പെട്ട വന്‍ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്.’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും തുറമുഖ വകുപ്പുമന്ത്രിയായിരുന്ന കെ. ബാബുവിനെതിരെയും ആരോപണത്തിന്റെ കുന്തമുനകള്‍ പായിക്കാന്‍ സി.പി.എം തയ്യാറായി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണിയുടെ മുഖ്യആരോപണങ്ങളിലൊന്നായിരുന്നു വിഴിഞ്ഞം പദ്ധതിയിലെ ഇല്ലാത്ത അഴിമതി. ഇതിന്റെ ചുവടുപിടിച്ച് പദ്ധതിയില്‍ അഴിമതിനടന്നതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് വന്നതിനെതുടര്‍ന്നായിരുന്നു പിണറായി സര്‍ക്കാര്‍ വിദഗ്ധരടങ്ങുന്ന ജുഡീഷ്യല്‍കമ്മീഷനെ 2017 മേയില്‍ നിയോഗിച്ചത്. മുന്‍തുറമുഖ വകുപ്പുസെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യന്‍ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസില്‍നിന്നു വിരമിച്ച പി.ജെ മാത്യു എന്നിവര്‍ അംഗങ്ങളും തലവനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായരും. 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കിയതിലൂടെ 29,217 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നഷ്ടം വന്നുവെന്നായിരുന്നു സി.എ.ജിയുടെ കുറ്റപ്പെടുത്തല്‍. ആഗോള ടെണ്ടറിലൂടെ അദാനി ഗ്രൂപ്പല്ലാതെ മറ്റാരും പദ്ധതിക്ക് താല്‍പര്യം കാണിച്ച് മുന്നോട്ടുവന്നില്ലെന്നത് ഇതിലെ പ്രത്യേകതയായിരുന്നു. പദ്ധതി ലാഭകരമല്ലെന്ന് മുമ്പ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ നിഗമനത്തിലെത്തിയിരുന്നെങ്കിലും അക്കാര്യത്തില്‍ അന്നത്തെ ആസൂത്രണ കമ്മീഷന്‍ പ്രത്യേകനിധി (വയബിലിറ്റ് ഗ്യാപ് ഫണ്ട്) ലഭ്യമാക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ് കമ്മീഷന്റെ നിലപാട്. സി.എ.ജിക്കെതിരെ രൂക്ഷമായഭാഷയില്‍ അന്വേഷണഘട്ടത്തില്‍തന്നെ കമ്മീഷന്‍ ചിലപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സി.എ.ജിയിലെ ഒരംഗം വിഴിഞ്ഞം പദ്ധതിക്കെതിരെ പരസ്യമായി നിലപാടെടുത്തയാളായിരുന്നു. ഇതാണ് ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനുമെതിരെ അത്തരമൊരു റിപ്പോര്‍ട്ട് വരാനിടയാക്കിയത്. റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനും സി.പി.എം പരമാവധി ശ്രമിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായിവേണം കാണാന്‍. പദ്ധതിയില്‍ ഒരൊറ്റയാളും അഴിമതി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകാമെന്നുമാണ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ലാഭനഷ്ടം കണക്കാക്കാന്‍ സി.എ.ജിക്ക് കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന്റെ വികസനചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ഈ പദ്ധതിയെ തുരങ്കംവെക്കുന്നതിന് തങ്ങളാല്‍ കഴിയാവുന്ന എല്ലാവിധപരിശ്രമങ്ങളും നടത്തിയിട്ടും അതൊന്നും ഫലിക്കാതെ വന്നതോടെയായിരുന്നു മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന്റെ അഴിമതിയാരോപണവര്‍ഷം. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിച്ചാണ് ഗുജറാത്ത് ആസ്ഥാനമായ അദാനി ഗ്രൂപ്പിന് സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മാണച്ചുമതല ഏല്‍പിച്ചത് എന്നായിരുന്നു വിമര്‍ശനം. ഈ രാഷ്ട്രീയ കണ്‍കെട്ട് ആരോപണങ്ങളെ മുഖവിലക്കെടുക്കാതെ മുന്നോട്ടുപോയതിനാല്‍ സംസ്ഥാനത്തിന് അതിന്റെ വിഖ്യാത പദ്ധതി നേടാനായി. 2013 ഡിസംബറില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടിയതോടെയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. കഴിഞ്ഞവര്‍ഷം നിര്‍മാണംആരംഭിച്ച പദ്ധതി പി.പി.പി മാതൃകയിലാണ്. സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോറെയില്‍, കണ്ണൂര്‍ വിമാനത്താവളം എന്നിവയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അതിവേഗം, ബഹുദൂരം മുദ്രാവാക്യത്തിലൂടെ സാധിച്ചെടുത്തത്. ഇല്ലാക്കഥകള്‍ കേട്ട് കുറച്ചു ശുദ്ധഗതിക്കാരുടെ പിറകെ പോയിരുന്നെങ്കില്‍ പതിനായിരങ്ങള്‍ക്ക് ഗുണകരമാവുന്ന പദ്ധതി ഉപേക്ഷിക്കേണ്ടിവരുമായിരുന്നു.
സങ്കുചിത വോട്ടു രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം പല ഇല്ലാക്കഥകളും പടച്ചുവിട്ട് ജനമനസ്സുകളില്‍ സന്ദേഹക്കറ കോരിയിടുന്നുവെന്നതു മാത്രമല്ല, സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കാന്‍ പോലും ഒട്ടും മടിയില്ലെന്നുകൂടിയാണ് ഇത:പര്യന്തമുള്ള സി.പി.എമ്മിന്റെ വക്രരാഷ്ട്രീയത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യംവന്നിട്ടുള്ളത്. സോളാര്‍ കേസില്‍ ഖജനാവിന് അഞ്ചു പൈസയുടെപോലും നഷ്ടം സംഭവിക്കാതിരുന്നിട്ടും കേട്ടാലറയ്ക്കുന്ന ആരോപണങ്ങളുമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ മടികാട്ടിയില്ല. പിന്നീട് നിയമവിദഗ്ധര്‍ക്കുപോലും അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാരിനെ ഉപദേശിക്കേണ്ടിവന്നു. ഇതിലൂടെ വീണ്ടും ഉയര്‍ന്നിരിക്കുന്നത് നിഷ്‌കാമകര്‍മിയായ ഒരു രാഷ്ട്രീയ നേതാവിന്റെ തേജസ്സാണ്. ചിലരെ എല്ലാകാലത്തേക്കും എല്ലാവരെയും ചില കാലത്തേക്കും പറ്റിക്കാന്‍ കഴിയുമെങ്കിലും എല്ലാവരെയും എല്ലാകാലത്തേക്കും കഴിയില്ലെന്ന് സി.പി.എം ഈയവസരത്തില്‍ ഒരിക്കല്‍കൂടി ഓര്‍ക്കുന്നത് നല്ലതാണ്.