Video Stories
കലക്ടറെ കുടിയൊഴിപ്പിച്ച കുറുക്കന്റെ കൗശലം
മൂന്നാറില്‍ മുഖം കെട്ട തിന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടി നാണംകെട്ട നിലപാടായിപ്പോയി. മൂന്നാറില്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കരുത്തുറ്റ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനോട് തികഞ്ഞ മര്യാദക്കേടാണ് സര്‍ക്കാര്‍ കാണിച്ചത്. കര്‍മ നിര്‍വഹണത്തില്‍ കണിശതയും നിഷ്പക്ഷതയും കൊണ്ടുനടക്കുന്നവരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാറിന്റെ കുടില തന്ത്രം ജനാധിപത്യ ഭരണ വ്യവസ്ഥിതിക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മൂന്നാറിലെ വിവാദ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രീറാമിന്റെ നീക്കം ഹൈക്കോടതി അംഗീകരിച്ചതിന്റെ പിറ്റെ ദിവസം തന്നെ ‘പ്രൊമോഷന്‍’ നല്‍കി നാടുകടത്തിയതിലെ കാപട്യം പൊതുജനങ്ങള്‍ക്ക് നന്നേ ബോധ്യമാണ്. അര്‍ഹമായ സമയത്തെ ‘സ്ഥാനക്കയറ്റ’മെന്ന കോടിയേരിയുടെ കണ്ടെത്തല്‍ കയ്യേറ്റത്തില്‍ കൊഴുത്തു തടിച്ച കുറുക്കന്റെ കൗശലമല്ലാതെ മറ്റൊന്നല്ല.
മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഇടം പിടിക്കാത്ത ഇക്കാര്യം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് കല്ലുവച്ച നുണ കാച്ചിയ കോടിയേരിക്ക് കാനത്തില്‍ നിന്ന് കണക്കിനു കിട്ടിയത് മുന്നണിക്കുള്ളില്‍ പുതിയ കലഹത്തിന് കോപ്പുകൂട്ടുമെന്നുറപ്പ്. ഒരു നടപടിക്രമവും പാലിക്കാതെ സബ് കലക്ടറെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചത് മുഖ്യമന്ത്രിയുടെ മര്‍ക്കടമുഷ്ടി കൊണ്ടു മാത്രമാണ്. 2016 ജൂലൈയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളത്ത് സബ് കലക്ടറായി ചുമതലയേല്‍ക്കുന്നത്. 2017 ജനുവരി മുതല്‍ അദ്ദേഹം സീനിയര്‍ സ്‌കെയില്‍ സബ് കലക്ടറാണ്. 2014 ലെ സിവില്‍ സര്‍വീസ് ചട്ടഭേദഗതി പ്രകാരം 2018 ജൂലൈ വരെ ശ്രീറാമിന് ദേവികുളത്ത് തുടരാം. അതിനിടയില്‍ മാറ്റണമെങ്കില്‍ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവില്‍ സര്‍വീസ് ബോര്‍ഡ് മാറ്റത്തിന് ശിപാര്‍ശ ചെയ്യണം. അതിനു മുമ്പ് ശ്രീറാമിന്റെ ഭാഗം കേള്‍ക്കുകയും വേണം. ഇത്രയും നടപടികള്‍ കൈക്കൊള്ളും മുമ്പ് കുടിയൊഴിപ്പിച്ചതിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം നന്നായറിയാം.
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നീക്കം തുടങ്ങിയതിനു തൊട്ടുപിന്നാലെ ശ്രീറാമിനു കൂച്ചുവിലങ്ങിടാന്‍ മന്ത്രി എം.എം മണിയുള്‍പ്പെടെയുള്ള നേതൃത്വം കരുക്കള്‍ നീക്കിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനും ഇവര്‍ കച്ചകെട്ടിയിറങ്ങി. മന്ത്രി മണിയും ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനും ശ്രീറാമിനെതിരെ നിരന്തരം രംഗത്തു വന്നതിന്റെ പൊരുള്‍ ഇതാണ്. സബ് കലക്ടറെ സംരക്ഷിക്കാന്‍ ഇടുക്കിയില്‍ സി.പി.ഐ ഉയര്‍ത്തിക്കെട്ടിയ പ്രതിരോധത്തിന്റെ വന്‍മതില്‍ പൊളിച്ചടുക്കിയാണ് പിണറായി പണിയൊപ്പിച്ചത് .
ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാറിനോട് ചെയ്ത തെറ്റ് എന്താണ്? ഉന്നത ഉദ്യോഗസ്ഥര്‍ കൈവക്കാന്‍ മടിച്ചു നിന്ന ‘മൂന്നാറി’ല്‍ ആരെയും കൂസാതെ നടപടി തുടങ്ങി എന്നതാണോ? കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കി പുറത്തുവിട്ടതിന്റെ ഈര്‍ഷ്യമാണോ ഈ പകപോക്കലിനു പിന്നില്‍ ? കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നെടുനായകത്വം വഹിക്കുകയും രാഷ്ട്രീയക്കാരുടെ ശിപാര്‍ശകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയും കൂടെയുള്ള ഉദ്യോഗസ്ഥരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയും ചെയ്തതാണോ ശ്രീറാമിനു മേലുള്ള പാപഭാരം? അങ്ങനെയെങ്കില്‍ അഴിമതി രഹിത കേരളവും സുതാര്യ ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് അതില്‍ അടയിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? എല്ലാം ശരിയാക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വീമ്പു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
മൂന്നാറില്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടി ഗ്രാമങ്ങളെ മണ്ണുമാന്തി യന്ത്രത്തിന്റെ ഇരുമ്പു ദംഷ്ട്രങ്ങള്‍ക്കൊണ്ട് പിഴുതെറിഞ്ഞതിന്റെ പകയാണ് പിണറായി വിജയന്‍ സബ് കലക്ടറില്‍ പോക്കിയതെന്ന് പകല്‍പ്പോലെ വ്യക്തം. ഇക്കാ നഗറിലെയും പപ്പാത്തിച്ചോലയിലെയും കയ്യേറ്റങ്ങളില്‍ കൈവച്ചത് ശ്രീറാമിന് കുരിശായെന്നര്‍ഥം. ചിന്നക്കനാലിലെ ചെറ്റത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന കാര്‍ക്കശ്യവും സബ് കലക്ടറുടെ കസേര തെറിക്കാന്‍ ഇടയായി. ലവ് ഡേല്‍ ഹോം സ്റ്റേ ഒഴിപ്പിക്കലിന് ഹൈക്കോടതി അനുമതി നല്‍കിയതോടെ ശ്രീറാം വര്‍ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഭീതിയാണ് പെട്ടെന്നൊരു ‘പ്രൊമോഷ’ ന്റെ പൊറാട്ടു നാടകം കളിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്. അധ്വാന വര്‍ഗ പാര്‍ട്ടിക്ക് ഇക്കാലത്ത് നടപ്പാക്കാവുന്നതില്‍ ഏറ്റവും വലിയ വിപ്ലവകരമായ നീതിയായി സഖാക്കളല്ലാതെ മറ്റാരും ഇക്കാര്യത്തെ കാണില്ല. ഇതില്‍ ഊറ്റം കൊള്ളുന്നവരും അഹന്ത നടിക്കുന്നവരും ആത്മനിര്‍വൃതിയടയുന്നവരും സ്വയം അപഹാസിതരാവുകയാണെന്ന തിരിച്ചറിവുള്ളവര്‍ അക്കൂട്ടത്തിലുണ്ടാവില്ല. ഭരണകൂട സത്യസന്ധതയുടെ ഉരക്കല്ലില്‍ ഒരു പാര്‍ട്ടിയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന്റെ അവസാന അടയാളമാണ് മൂന്നാര്‍.
എം.എം മണിയുടെ ഇംഗിതത്തിനൊപ്പം സബ് കലക്ടറെ ഊളംപാറയ്ക്ക് സ്ഥലം മാറ്റാത്തതിലെങ്കിലും ജനാധിപത്യ കേരളത്തിന് അല്‍പം ആശ്വസിക്കാം.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി