Connect with us

Video Stories

ഏതോ ഒരു വിജയന്‍

Published

on

അഡ്വ. കെ.എന്‍.എ ഖാദര്‍

ഏതോ ഒരു വിജയന്‍ അടുത്തകാലത്ത് ഏതോ ഒരു പിള്ളയെക്കുറിച്ച് എന്തോ പറഞ്ഞുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിയമ പഠനകാലത്ത് എന്റെ ഗുരുനാഥനും ലോ അക്കാദമിയിലെ അന്നത്തെ പ്രിന്‍സിപ്പലുമായിരുന്ന ഡോ. എന്‍. നാരായണന്‍ നായര്‍ വളരെ നല്ല നിലയില്‍ നടത്തിപ്പോന്നിരുന്ന ഒരു മഹത്തായ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിയുടെ ‘ഏതോ പിള്ള’ പ്രയോഗം കേരളീയ അന്തരീക്ഷത്തെ മലിനമാക്കിയത്. പിണറായിയുടെ പ്രഖ്യാപിത ശത്രു അച്യുതാനന്ദന്‍ ലോ അക്കാദമി കൈവശം വെക്കുന്ന ഭൂമിയില്‍ നിന്നൊരു ഭാഗം തിരിച്ചുപിടിക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ സമരപ്പന്തലില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നു. മറ്റെന്തിലുമേറെ മുഖ്യമന്ത്രിയെ അത് പ്രകോപിപ്പിച്ച് കാണണം. എടാ ഗോപാലകൃഷ്ണാ… നികൃഷ്ട ജീവി, പരമനാറി തുടങ്ങിയ മുന്‍കാല പ്രയോഗങ്ങളോടൊപ്പം പിണറായിയുടെ തൊപ്പിയില്‍ ‘ഏതോ പിള്ള’യും മറ്റൊരു തൂവലായി.
ലക്ഷ്മി നായരുടെ അച്ഛന്‍ പാട്ടത്തിനെടുത്ത് പതിച്ച് വാങ്ങിയ 11 ഏക്കറില്‍ ഒരു ലോ കോളജ് നടത്തുമ്പോള്‍ നടരാജ പിള്ളയുടെ അച്ഛന്റെ പേരില്‍ ഒരു സര്‍വകലാശാല തന്നെ തിരുനെല്‍വേലിയില്‍ പ്രവര്‍ത്തിച്ചിട്ടും പിണറായിക്ക് അദ്ദേഹം വെറും പിള്ളയായി. മുഖ്യമന്ത്രിയുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ യോഗ്യതയില്ലാത്ത വിധം അത്ര ചെറിയവനാണോ ഈ പിള്ള?. ‘മനോമണീയം സുന്ദരനാര്‍ സര്‍വകലാശാല’ പ്രവര്‍ത്തിക്കുന്നത് 550 ഏക്കര്‍ സ്ഥലത്താണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ഗാനം ‘തമിള്‍ തായ് വാഴ്ത്തൂ’ പാട്ട് നടരാജ പിള്ളയുടെ പിതാവ് സുന്ദരംപിള്ള രചിച്ചതാണ്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാ മനീഷികള്‍ സുന്ദരം പിള്ളയുടെ അടുപ്പക്കാരായിരുന്നു. ചാള്‍സ് ഡാര്‍വിനുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നുവത്രേ!. 1855ല്‍ ജനിച്ച് 1897ല്‍ 42-ാം വയസ്സില്‍ കടുത്ത പ്രമേഹ രോഗത്താല്‍ മരിച്ച അദ്ദേഹം മഹാ പണ്ഡിതനായിരുന്നു. നടരാജ പിള്ളയാകട്ടെ തിരു-കൊച്ചി മന്ത്രിസഭയിലെ മന്ത്രി, പ്രജാസഭാ അംഗം, എം.എല്‍. എ, എം.പി തുടങ്ങി എണ്ണമറ്റ പദവികള്‍ വഹിച്ചയാളാണ്. ചരിത്രകാരനും പത്രാധിപരും എഴുത്തുകാരനുമൊക്കെയായിരുന്നു. സര്‍വോപരി സാമ്രാജ്യത്വ വിരുദ്ധപക്ഷത്ത് ഉറച്ച്‌നിന്ന് പൊരുതിയ ധീര ദേശാഭിമാനിയായിരുന്നു. അക്കാരണത്താലാണ് സര്‍ സി.പി ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അദ്ദേഹത്തിന്റെ വീടും കുടുംബ സ്വത്തുക്കളും കണ്ടുകെട്ടിയത്. താന്‍ മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള ആവശ്യപ്പെട്ടിട്ടും ആ ഭൂമി തിരിച്ചുവാങ്ങാന്‍ കൂട്ടാക്കാതിരുന്ന നിസ്വാര്‍ത്ഥനും രാജ്യ സ്‌നേഹിയുമായിരുന്നു നടരാജ പിള്ള. ആ ഭൂമിയിലാണ് ഇപ്പോഴത്തെ ലോ അക്കാദമി സ്ഥിതി ചെയ്യുന്നത്. പതിച്ചുകിട്ടിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുള്‍പ്പെടെ ഒരു ഗവണ്‍മെന്റും നടരാജ പിള്ളയുടെ മരണ ശേഷം ആവശ്യപ്പെട്ടിട്ടും ആ ഭൂമിയില്‍ നിന്ന് ഒരിഞ്ചും കുടുംബത്തിന് തിരിച്ചുനല്‍കിയില്ല. ഇപ്പോള്‍ റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ലോ അക്കാദമിയില്‍ നിന്ന് ഒരുഭാഗം ഭൂമി തിരിച്ച്പിടിക്കാനുള്ള നടപടിയിലേക്ക് ഈ സര്‍ക്കാര്‍ പോകുമെന്നുമാരും കരുതുന്നില്ല. ലോ അക്കാദമിയുടെ മാനേജ്‌മെന്റിനെയും പിണറായിയേയും ഭയപ്പെടുത്താനുള്ള ഒരു സി.പി.ഐ തന്ത്രം മാത്രമായിരുന്നു അത്. അതുകൊണ്ടവരാരും മയപ്പെട്ടിട്ടുപോലുമില്ല. ഡോ. നാരായണന്‍ നായരോളം പഴക്കമുള്ള ഒരു സി.പി.ഐക്കാരന്‍ തന്റെ സ്വാധീനവും ബുദ്ധിശക്തിയും പ്രയോജനപ്പെടുത്തി എം.എന്‍ ഗോവിന്ദന്‍ നായരുടെ കാലത്ത് തരപ്പെടുത്തിയ ഭൂമി കാനത്തിന്റെ കാലത്ത് എങ്ങിനെ നഷ്ടമാകാനാണ്?. രാഷ്ട്രീയാതീതമായ ഐക്യം കൊണ്ടും നിശ്ചയദാര്‍ഢ്യംകൊണ്ടും നമ്മെ രോമാഞ്ചകഞ്ചുകമണിയിച്ച വിദ്യാര്‍ത്ഥികളോ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരോ കക്ഷികളോ അക്കാദമിക്ക് നല്‍കിയ ഭൂമി തിരിച്ച് പിടിക്കണമെന്ന വാദം ശക്തമായി ഉയര്‍ത്തിയില്ല.
സ്വാശ്രയകോളജുകളില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഡനമാണ് പ്രധാനമായും സമര കാലത്ത് പുറത്തുവന്നത്. സ്വകാര്യവിദ്യഭ്യാസം വെറും കച്ചവടമാണെന്ന വാദം ഏറെക്കുറെ ശരിവെക്കുന്ന കാര്യങ്ങളാണ് ചര്‍ച്ചയായത്. ആഭ്യന്തര മൂല്യനിര്‍ണയമെന്ന കെണിയില്‍ അകപ്പെട്ട് കൈകാലിട്ടടിക്കേണ്ടിവരുന്ന കുട്ടികളുടെ രോദനമാണ് കേരളം കേട്ടത്. ഇന്റേണല്‍ അസെസ്‌മെന്റ് സമ്പ്രദായം പൂര്‍ണമായും ഉപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നും പൊരുതുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇടപെടേണ്ട അത്തരം വിഷയങ്ങള്‍ അനവധിയാണ്. രണ്ടാമത്തെ ഒത്തുതീര്‍പ്പും വെറും ലക്ഷ്മി നായരില്‍ കേന്ദ്രീകരിക്കുകയും മറ്റുകാര്യങ്ങള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയും ചെയ്തു. കാര്യങ്ങള്‍ ലക്ഷ്മി നായരിലേക്ക് ചുരുങ്ങിപ്പോയതിനാല്‍ മാനേജ്‌മെന്റിനും വലിയ നഷ്ടങ്ങള്‍ സംഭവിച്ചില്ല. ജനകീയ ഗവണ്‍മെന്റുകളും ഇതര അധികാര സ്ഥാപനങ്ങളും വരെ മാനേജ്‌മെന്റ് പക്ഷത്താണ് വളരെക്കാലമായി നിലയുറപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വാദിക്കാനും അവരോട് കരുണയും സഹതാപവും സ്‌നേഹവും പ്രകടിപ്പിക്കാനും ഇവിടെ രക്ഷിതാക്കള്‍പോലും ഇല്ലെന്നതാണ് സത്യം. ഏതെങ്കിലും സ്ഥാപനത്തില്‍ കൊണ്ടുപോയി ചേര്‍ത്ത് മുടങ്ങാതെ ഫീസ് കൊടുത്ത് മാനേജ്‌മെന്റിന്റെ ഇച്ഛാനുസരണം നിന്നുകൊടുത്താല്‍ കടമ തീര്‍ന്നുവെന്നും തന്റെ കുട്ടി വലിയ ആളായി തിരിച്ചുവരുമെന്നും കരുതുന്ന രക്ഷിതാക്കള്‍ക്ക് അനേകം പാഠങ്ങള്‍ പുതുതായി പഠിപ്പിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞു. യാതൊരു വിധത്തിലുള്ള നിയന്ത്രണവും ശ്രദ്ധയും ജാഗ്രതയും കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ വെച്ച് പുലര്‍ത്തിയിട്ടില്ല എന്നും വ്യക്തമായി. എത്ര ലാഘവത്തോടെയാണ് നമ്മുടെ സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്തത്. ജിഷ്ണു പ്രണോയിമാരുടെ എത്രയോ കഥകള്‍ ഇന്നും ദുരൂഹമായി തുടരുന്നു. ഇളം പ്രായക്കാരായ നമ്മുടെ കുട്ടികളുടെ കഴിവും പ്രാപ്തിയും നന്‍മയും കാണാന്‍ നാം ഒരിക്കലും മുതിരാറില്ല. അവരുടെ വീഴ്ചകളെ പെരുപ്പിച്ച് കാട്ടാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റുകളും ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളെയും നാട്ടുകാരെയും സര്‍ക്കാരിനെയും വിരട്ടിനിര്‍ത്താന്‍ കെല്‍പ്പ് നേടിയിരിക്കുന്നുവെന്ന വസ്തുത ആശങ്കാജനകമാണ്. സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൊട്ടാര സമാനമായ കെട്ടിട സമുച്ചയങ്ങള്‍ക്കും അവര്‍ അടിച്ചേല്‍പ്പിക്കുന്ന കാട്ടു നീതിക്കുമിടയില്‍ നമ്മുടെ അമൂല്യ സമ്പത്തായ കൗമാര-യൗവനങ്ങള്‍ ഞെരിഞ്ഞമരുകയാണെന്ന വിവരം നാം ഞെട്ടലോടെ അറിയേണ്ടതാണ്. പശ്ചാത്തല സൗകര്യങ്ങളല്ല വിദ്യാഭ്യാസം. വിദ്യാഭ്യാസ മേഖലയുടെ ആഡംബരത്തിലും ഭൗതിക പ്രമത്തതയിലും നാം ആകൃഷ്ടരായിരിക്കുന്നു. ആത്മാവ് നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസം വെറും ജഢമായി മാറുകയാണ്. നമ്മുടെ കലാലയങ്ങള്‍ക്ക് നഷ്ടമായ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു സന്ദേശം കൂടി ലോ അക്കാദമിയിലും നെഹ്‌റു, ടോംസ് കോളേജുകളിലും നടന്ന സമരങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അധികാര സ്ഥാനങ്ങളിലും താക്കോല്‍ സ്ഥാനങ്ങളിലും വിരാജിക്കുന്നവര്‍ വിസ്മരിച്ചുപോയ കാര്യങ്ങള്‍ നമ്മുടെ കുട്ടികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
ആസ്പത്രികളിലെ നഴ്‌സുമാരും സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരും ഇപ്പോള്‍ നമ്മുടെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ നമ്മുടെ സഹജീവികള്‍ പീഡനങ്ങളില്‍ സഹികെട്ട് സ്വയം പൊട്ടിത്തെറിക്കുന്നതുവരെ നാം കാത്തിരിക്കുന്നത് ശരിയാണോ? ഏത് ഭരണാധികാരികള്‍ക്കാണ് ഇതെല്ലാം മനസ്സിലാവുക?. ആര്‍ക്കാണ് ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥതയുള്ളത്? ഏത് ഭരണീയരാണ് ഭിന്നതകള്‍ മറന്ന് നിതാന്ത ജാഗ്രത പുലര്‍ത്തുക? എന്നീ ചോദ്യങ്ങള്‍ എപ്പോഴും പ്രസക്തമാണ്. കമ്മ്യൂണിസ്റ്റുകാര്‍പോലുമിന്ന് കമ്മ്യൂണിസ്റ്റുകാരല്ല. എല്ലാം അനുകരണം, വ്യാജം, ഒക്കെ ഏതോ പിള്ളമാര്‍… സത്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

kerala

സി.എച്ച് പൊതുപ്രവർത്തകർക്ക് പാഠപുസ്തകം: സയ്യിദ് സാദിഖലി തങ്ങൾ

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്.

Published

on

സി.എച്ച് പൊതുപ്രവർത്തകർക്ക് പാOപുസ്തകമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

അജ്ഞതയുടെ അന്ധകാരത്തിൽ കര കാണാതെ കൈകാലിട്ടടിച്ചിരുന്ന ഒരു ജനതയെ വെളിച്ചത്തിന്റെ മഹാപ്രവാഹങ്ങളിലേക്ക് കൈപിടിച്ചാനയിച്ച നേതാവ്.
മുനിസിപ്പൽ അംഗത്വം മുതൽ മുഖ്യമന്ത്രിപദവി വരെ അലങ്കരിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമ.കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭ.

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്. നാല്പതാണ്ടുകൾക്ക് ശേഷവും ആ മുഖം നമ്മുടെ മനസ്സിൽ ജ്വലിക്കുന്നു . സി എച്ച് എന്ന രണ്ടക്ഷരത്തിന്റെ മഹത്വം അതുതന്നെയാണ്.

എത്രകാലം ജീവിച്ചു എന്നല്ല, ജീവിച്ച കാലം എന്തെല്ലാം ചെയ്തു എന്നത് തന്നെയാണ് പ്രധാനം. സി എച്ച് പൊതുപ്രവർത്തകർക്ക്ഒരു പാഠപുസ്തകമാണ്. നേതാക്കൾക്ക് മാതൃകയാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഈ രാജ്യത്ത് സർവാംഗീകൃത സംഘടനയായി വളർത്തുന്നതിൽ സി എച്ചിനോളം പങ്കുവഹിച്ച നേതാക്കൾ വിരളമാണ്.

മുസ്ലിംലീഗിന് വേണ്ടി സി എച്ച് ജീവിതം സമർപ്പിച്ചു. സമുദായത്തിനും സമൂഹത്തിനും വേണ്ടി അഹോരാത്രം അധ്വാനിച്ചു. എടുത്തില്ല, ആരുടെയും അണുമണി അവകാശം. വിട്ടുകൊടുത്തില്ല, കിട്ടേണ്ട അവകാശങ്ങൾ.

പകരം തരാൻ ഞങ്ങൾക്ക് പ്രാർത്ഥനകളല്ലാതെ മറ്റൊന്നുമില്ല.

ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവികൾ നൽകി പ്രിയ നേതാവിനെ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തങ്ങൾ പറഞ്ഞു.

Continue Reading

Trending