ഡോ. രാംപുനിയാനി

രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കിയത് ഇയ്യിടെയാണ്. ഈ വേളയില്‍ പല ചോദ്യങ്ങളും നമ്മുടെ മനസ്സിനെ വേട്ടയാടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രീയ ദിശക്ക് എന്താണ് സംഭവിക്കുന്നത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ജനായത്ത ഭരണമാണ് നടക്കുന്നതെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്താനാകുമോ? ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും അനുസരിച്ചാണോ നാം ജീവിക്കുന്നത്?
കോളനി വാഴ്ചക്കെതിരെ അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിനു ശേഷമാണ് ഇന്ത്യ റിപ്പബ്ലിക്കായത് എന്നാണ് നാമിപ്പോള്‍ അനുസ്മരിക്കേണ്ടത്. എല്ലാ മതത്തിലും മേഖലയിലുമുള്ള സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ ഈ പോരാട്ടത്തില്‍ പങ്കാളികളായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങള്‍ സ്വയം രൂപപ്പെടുത്തിയെടുത്തിരുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കാവണമെന്നാണ് വരാനിരിക്കുന്ന ഇന്ത്യയുടെ ഭാഗമായ വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരും ഗ്രാമീണരും ആദിവാസികളും ദലിതരും ആഗ്രഹിച്ചത്. ജാതിയും ലിംഗവും അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ജന്മിത്വ അധികാര ശ്രേണിക്കു പകരം സ്വാതന്ത്ര്യം, സമത്വം, ഐക്യം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ അടങ്ങാത്ത ആശ.
കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖ്യധാരയായിരുന്നു ഈ വിഭാഗം. ഇതിനു വിരുദ്ധമായി ജന്മിത്വ നാടുവാഴികളും രാജാക്കന്മാരും ഭൂപ്രഭുക്കളും സമത്വമെന്ന മൂല്യത്തെ എതിര്‍ക്കുകയായിരുന്നു. മതത്തിന്റെ ഭാഷയില്‍ മയക്കിക്കിടത്തി അവര്‍ രാഷ്ട്രീയത്തെ ജന്മിത്വ മൂല്യങ്ങളില്‍ പൊതിഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പകരംഒരു മുസ്‌ലിം രാഷ്ട്രമെന്നോ അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രമെന്നോ മാറ്റിപ്പണിയാന്‍ അവര്‍ ആഗ്രഹിച്ചു. കഴിഞ്ഞ കാലത്തെ മഹത്വവത്കരണവും അതിന്റെ മാനദണ്ഡങ്ങളുമാണ് അവരുടെ ഫ്യൂഡല്‍ രാഷ്ട്രീയ സാമൂഹിക അധികാരങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ കേന്ദ്ര ബിന്ദു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി അവര്‍ അകലം പാലിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയത്തെ സഹായിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിന്റെ പേരില്‍ പാക്കിസ്താനെന്ന രാജ്യവും മതേതര ജനാധിപത്യ ഇന്ത്യയുമായി രാഷ്ട്രം രണ്ടായി വിഭജിക്കാനുള്ള ദുഃഖകരമായ അവസ്ഥയിലേക്ക് നയിച്ചത്.
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാതലാണ്. ദേശീയ പ്രസ്ഥാനത്തിന്റെ അഭിലാഷം പ്രകടിപ്പിക്കുന്ന പ്രമാണമാണത്. ഭരണഘടന നിര്‍മാതാക്കള്‍ ലോകത്തെ മിക്ക ആധുനിക ഭരണഘടനകളും പ്രാമാണീകരിക്കുകയും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുന്ന മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളുമടങ്ങുന്ന ലിഖിത രൂപത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇയ്യിടെയായി ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളും മൗലികാവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. കഴിഞ്ഞ നാലു ദശാബ്ദമായി രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാന മൂല്യങ്ങളായ ബഹുസ്വരത, നാനാത്വം, മതേതരത്വം എന്നിവ വിമര്‍ശിക്കപ്പെടുകയാണ്. ആഗോള തലത്തില്‍ വലതുപക്ഷ രാഷ്ട്രീയം സ്വയം അവകാശ വാദം സ്ഥാപിക്കുന്ന വേളയാണിത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി മതത്തിന്റെ മേലങ്കിയണിഞ്ഞ് രാഷ്ട്രീയ മൂല്യങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ആദ്യ പ്രധാന സൂചനയാണ് ആയത്തുല്ല ഖുമൈനിയുടെ ഉദയം. സോവിയറ്റ് സോഷ്യലിസ്റ്റ് സ്റ്റേറ്റ്‌സിന്റെ തകര്‍ച്ചയും ഏക സൂപ്പര്‍ പവറായി അമേരിക്കയുടെ ഉദയവും ആഗോള രാഷ്ട്രീയം പ്രത്യേകിച്ചും മതത്തിന്റെ പേരിലുള്ള സ്വത്വ ബോധത്തിന്റെ പേരില്‍ അവകാശപ്പെടാന്‍ തുടങ്ങി. ഇത്തരത്തില്‍ രാഷ്ട്രീയം രൂപപ്പെട്ടത് ആഗോള തലത്തില്‍ ലിബറല്‍ ഡമോക്രാറ്റിക് ധര്‍മ്മ ചിന്തകളും ജനാധിപത്യ സത്തയും ക്ഷയിപ്പിച്ചു.
1980 കാലഘട്ടം മനുഷ്യരാശിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമെന്നതിലേക്കു നയിക്കുന്ന വഴി തെളിഞ്ഞു. ആ സമയത്ത് രാജ ഭരണം നിലനിന്ന പല രാജ്യങ്ങള്‍ക്കും ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് പുറത്തുകടക്കാന്‍ സോവിയറ്റ് വിപ്ലവം പ്രേരണ നല്‍കി. അപ്പോള്‍ എവിടെയും സോഷ്യലിസമായിരുന്നു സംസാര വിഷയം. ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച്, സര്‍ക്കാറിന്റെ സഹായത്തോടെ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു അജണ്ട. ചൈന, വിയറ്റ്‌നാം, ക്യൂബ എന്നിവ മികച്ച ഉദാഹരണമാണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ സോഷ്യലിസം പ്രചോദനമായി. ഇത് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ അവസരം ലഭിക്കാനും ഇടയാക്കി. രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി രാഷ്ട്രത്തെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും ഇത് വഴിവെച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തുടക്കത്തിലെ മൂന്ന് ദശാബ്ദക്കാലം സാമൂഹിക പ്രശ്‌നങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. വ്യാവസായിക ഉത്പാദനവും ഹരിത വിപ്ലവവും ധവള വിപ്ലവവും രാജ്യത്തെ പിന്നാക്കാവസ്ഥയില്‍ നിന്ന് ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തി. ഈ ദശകങ്ങളില്‍ സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും എല്ലാവര്‍ക്കും അന്തസിനും സമത്വത്തിനുമാണ് റിപ്പബ്ലിക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും ആവിഷ്‌കരിച്ചത് മുഴുവന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ പരിഗണിച്ചുള്ള നിര്‍ദേശങ്ങളാലാണ്. 1990 കളില്‍ ആഗോള തലത്തിലും രാജ്യ വ്യാപകമായും നടന്ന സാമ്പത്തിക ആഗോളവത്കരണം കോര്‍പറേറ്റ് മേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ഇത് സാധാരണക്കാരുടെ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്ഷയിപ്പിക്കുമെന്ന ആശങ്ക പരത്തുകയും ചെയ്തു. ആരംഭ കാലത്തെ ഇന്ത്യ ഒത്ത സമൂഹമായി പ്രയാണം നടത്തിയതിന് ഉദാരഹണമാണ്. എന്നാല്‍ കുറച്ചു കാലമായി ഇത് നിലച്ചിരിക്കുകയാണ്. രാജ്യത്തിനകത്തെ പ്രശ്‌നങ്ങള്‍ മാത്രമല്ല ആഗോള തലത്തിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ലോക തലത്തില്‍ നമുക്ക് കാണാനാകുന്നത് രാഷ്ട്ര നേതാക്കളില്‍ ഇടുങ്ങിയ ദേശീയത കടന്നുവന്നതാണ് ഇത്തരമൊരു തകര്‍ച്ചക്കു കാരണമായത്. ഇത് ഒരു പക്ഷേ ഇറ്റലിയിലാകാം ഫ്രാന്‍സിലാകാം തുര്‍ക്കിയിലാകാം അല്ലെങ്കില്‍ അമേരിക്കയില്‍ തന്നെയാകാം.
ഈ സമയത്ത് ഇന്ത്യയില്‍ മതേതര ജനാധിപത്യ റിപ്പബ്ലിക് വെല്ലുവിളി നേരിടുകയും ഹിന്ദു ദേശീയത ശക്തി പ്രാപിക്കുകയും ചെയ്തു. ഈ ഹിന്ദു ദേശീയത രാജ്യത്തെ സാമൂഹ്യ ക്ഷേമ പദ്ധതികളും അവശ വിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള നയങ്ങളും പിന്നോട്ടടിപ്പിച്ചു. പാക്കിസ്താന്‍ പോലുള്ള രാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. നീതിയുടെ മൂല്യങ്ങള്‍ സ്വത്വത്തിന്റെ പേരില്‍ കളങ്കിതമാക്കപ്പെടുന്ന അവസ്ഥയിലേക്കാണ് ദക്ഷിണ ഏഷ്യ നീങ്ങുന്നത് എന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇപ്പോള്‍ ആശങ്ക നല്‍കുന്ന കാര്യം. കോര്‍പറേറ്റ് മേഖലക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നയങ്ങള്‍ നിയമത്തെയും സാമൂഹിക നിയന്ത്രണങ്ങളെയും ദുര്‍ബലപ്പെടുത്തും. ഈ റിപ്പബ്ലിക് ദിന വേളയില്‍ സമൂഹത്തിലെ സാധാരണക്കാരുടെയും അവശ വിഭാഗങ്ങളുടെയും പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ബഹുസ്വരതയും നാനാത്വവും തിരിച്ചുകൊണ്ടുവരാനുള്ള ഊര്‍ജം കൈവരിക്കുകയുമാണ് വേണ്ടത്.