Connect with us

Video Stories

തീക്കൊള്ളികൊണ്ട് തല ചൊറിയരുത്

Published

on

കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ വാക്ക്‌കൊണ്ട് വീണ്ടും ഇന്ത്യയെ വേദനപ്പിക്കുകയാണ് പാകിസ്താന്‍. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെയും സിവിലിയന്മാരെയും അതിക്രൂരമായി കൊന്നൊടുക്കിയ ഭീകരവാദികളെ പാലൂട്ടുന്ന പാകിസ്താന്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. 44 സൈനികരുടെ രക്തം കുടിച്ചു വായടക്കും മുമ്പ് ഇന്ത്യയുടെ ആത്മാഭിമാനം ചോദ്യംചെയ്യുന്ന ഇമ്രാന്‍ഖാന്‍ അതിരുവിടുന്നത് അത്യാപത്താണ്. ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്നലെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വീരവാദം മുഴക്കിയത്. പുല്‍വാമയിലെ ആക്രമണം കൊണ്ട് പാകിസ്താന് യാതൊരു നേട്ടവും ഉണ്ടാകാനില്ലെന്നും ഇന്ത്യ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ തയാറാണെന്നും വീമ്പുപറഞ്ഞ ഇമ്രാന്‍ഖാന്‍ ഇരുട്ട് കൊണ്ട് ദ്വാരമടക്കുകയാണ്. ചാവേറാക്രമണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. എന്നിട്ടും തെളിവുതേടുന്ന പാക് ഭരണകൂടം ആരെയാണ് വിഡ്ഢിയാക്കുന്നത്?. ഭീകരാക്രമികളെ കയറൂരിവിട്ട് ഇന്ത്യയില്‍ ചോരപ്പുഴയൊഴുക്കുന്ന പാകിസ്താന്‍ മുമ്പും പല സ്‌ഫോടന കേസുകളില്‍ ഇതുതന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. പാര്‍ലമെന്റ് ആക്രമണ കേസിലും മുംബൈ-ഉറി ഭീകരാക്രമണങ്ങളിലുമെല്ലാം പാകിസ്താന്റെ പല്ലവി ഇതുതന്നെയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഴുവന്‍ തെളിവുകളും കൈമാറിയിട്ടും ചെറുവിരലനക്കാന്‍ പോലും കഴിയാത്ത പാകിസ്താനാണ് വീണ്ടും തെളിവുതേടി കൊഞ്ഞനം കുത്തുന്നത്. നിരപരാധിത്വത്തിനു നൂലിഴപോലും ബാക്കിവെക്കാതെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റപത്രം ഇന്ത്യ പാകിസ്താന് കൈമാറിയത്. ഹാഫിസ് സഈദിന്റെയും അജ്മല്‍ കസബിന്റെയും നേരിട്ട ഇടപെടലുകള്‍ മാത്രമല്ല, പാക് സൈന്യത്തിന്റെ സഹായം പൂര്‍ണമായും പ്രതിപാദിക്കുന്ന തെളിവു ഭാണ്ഡക്കെട്ടുകളില്‍ അള്ളിപിടിച്ചിരുന്നാണ് പുല്‍വാമ ചാവേറാക്രമണത്തിന്റെ തെളിവു ചോദിക്കുന്നത്.
ഇന്ത്യയില്‍ ഭീകരത അഴിച്ചുവിട്ട് നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ജെയ്‌ഷെ മുഹമ്മദിന്റെ തുറന്നുപറച്ചില്‍ പോരെന്നാണ് പാക്‌സിതാന്റെ പക്ഷം. ഇനിയും അക്രമങ്ങള്‍ അഴിച്ചുവിടുമെന്നാണ് ഇന്നലെ ജെയ്‌ഷെ മുഹമ്മദ് ഭീഷണി വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്. ജമ്മുകശ്മീരിനെ അടര്‍ത്തിമാറ്റി പാകിസ്താനൊപ്പം ചേര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ചോരക്കളി. ലഷ്‌ക്കറെ ത്വയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് സകല സഹായവും ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദിന് താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ അന്താരാഷ്ട്ര ഭീകര സംഘടനകളുമായി അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് പാകിസ്താന്‍ ജെയ്ഷിനെ പാലൂട്ടിവളര്‍ത്തുന്നത്. ഇന്ത്യ മാത്രമല്ല, ഐക്യരാഷ്ട്രസഭയും റഷ്യ, കാനഡ, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ജെയ്‌ഷെ മുഹമ്മദിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതാണ്. മൗലാനാ മസ്ഊദ് അസ്ഹറെന്ന പാക് ഭീകരന്‍ രൂപീകരിച്ച ഭീകര സംഘടന തന്നെയാണ് നൂറുകണക്കിന് ആളുകളെ നിഷ്ഠൂരമായി കൊന്നൊടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ ശക്തി. 2016ല്‍ പത്താന്‍കോട്ട് സൈനിക കേന്ദ്രം ആക്രമിച്ചതും ജെയ്‌ഷെ മുഹമ്മദാണ്. പാക്കിസ്താനും പാക് ചാരസംഘടനഐ.എസ.്‌ഐയും പറയുന്നതനുസരിച്ചാണ് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നിട്ടും 44 സൈനികരെ കൊന്നുതള്ളി ആനന്ദനൃത്തം ചവിട്ടി അതേറ്റു പറഞ്ഞ ജെയ്‌ഷെ മുഹമ്മദിനെ പാകിസ്താന് അറിയാതെ പോകുന്നത് എങ്ങനെയാണ്? ഉറങ്ങുകയല്ല, പാകിസ്താന്‍; ഉറക്കം നടിക്കുകയാണ്. അതുകൊണ്ടുതന്നെ അവരെ ഉണര്‍ത്താനാവുകയുമില്ല.
ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടിക്ക് ആലോചിക്കുന്നുണ്ടെന്ന വിഹ്വലതയില്‍ വിളറിപൂണ്ടാണ് ഇന്നലെ ഇമ്രാന്‍ഖാന്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. ഭീകരാക്രമണം നടന്ന് മൂന്നു ദിവസം മിണ്ടാതിരുന്ന പാകിസ്താന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സൈന്യം രചിച്ച തിരക്കഥ ഇന്നലെ വായിക്കുക മാത്രമാണ് ചെയ്തത്. ‘തോക്കെടുത്തവര്‍ വാഴില്ല’ എന്ന ഇന്ത്യയുടെ മുന്നറിയിപ്പാണ് പാകിസ്താനെ പേടിപ്പെടുത്തിയതെന്നര്‍ത്ഥം. സൈന്യത്തിന്റെ പാവ സര്‍ക്കാറില്‍നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യയുടെ കടുത്ത നിലപാടിനെതുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസിന് കത്തയച്ചിരുന്നു. മേഖലയില്‍ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് കത്തില്‍ പരിതപിച്ചിട്ടുള്ളത്. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് പാകിസ്താന്റെ ആവശ്യം. ആക്രമണം തുടങ്ങാന്‍ എളുപ്പമായിരിക്കുമെന്നും എന്നാല്‍ അതവസാനിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ലെന്നുമാണ് ഇമ്രാന്‍ഖാന്‍ ഭീഷണിപ്പെടുത്തുന്നത്. ഭൂതകാലത്തില്‍ ജീവിക്കാനാണോ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ചോദിച്ചിരിക്കുകയാണ്. ഓലപ്പാമ്പ് കാണിച്ച് ഇന്ത്യയെ പേടിപ്പിച്ചുനിര്‍ത്താമെന്ന വ്യാമോഹമാണ് ഇമ്രാന്റെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്. മേഖലയില്‍ സമാധാനവും സ്ഥിരതയും തങ്ങളാഗ്രഹിക്കുന്നുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ സര്‍ക്കാര്‍ ചില ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുതലെടുപ്പ് നടത്താന്‍വേണ്ടി പാകിസ്താന്‍ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന നിലപാടാണ് പാകിസ്താനുള്ളത്. ‘ഇന്ത്യ അധീന കശ്മീരിലെ ഒരു പൗരനാണ് ആക്രമണം നടത്തിയതെന്നും ഒരന്വേഷണം പോലുമില്ലാതെ അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ ഇന്ത്യ ധൃതി കൂട്ടുകയാണെന്നും’ പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനയച്ച കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഈ നിമിഷം വരെയും പിന്മാറാത്ത ജെയ്‌ഷെ മുഹമ്മദിന്റെ ‘ഏറ്റുപറച്ചില്‍’ നിലനില്‍ക്കെ പാകിസ്താന്റെ പുതിയ തിരക്കഥ പ്രഹസനമാണെന്ന കാര്യം തീര്‍ച്ച. പാക് അധീന കശ്മീരില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ വന്‍ സംഘം തമ്പടിച്ചിരിക്കുന്നുവെന്ന സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാര്‍ കേട്ടില്ലെന്നു നടിച്ചതും ദുരന്തത്തെ വിളിച്ചുവരുത്തിയതിന് കാരണമായിട്ടുണ്ട്. ഭീകരര്‍ നിലയുറപ്പിക്കുന്നതിന് പാക് അധീന കശ്മീരില്‍ തയാറായ ‘ടെറര്‍ ലോഞ്ച് പാഡ്’ താവളങ്ങള്‍ അതിര്‍ത്തിയെ അസ്വസ്ഥപ്പെടുത്തി തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ആറു മാസമായി വെടിവെപ്പിലും ഏറ്റുമുട്ടലുകളിലുമായി സൈനികരുള്‍പ്പെടെ നിരവധി ജീവനുകളാണ് ഇക്കാരണത്താല്‍ പൊലിഞ്ഞുവീണത്. ഭരണമാറ്റം പാകിസ്താന്റെ മനോഗതിയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ക്രൂരമായ നരഹത്യകളത്രയും. ഇതിനെ ന്യായീകരിക്കുന്ന പാക് ഭരണകൂടം ഭീകരവാദികളുടെ കുഴലൂത്തുകാരാവുകയാണ്. തന്ത്രപ്രധാന നിലപാടുകളിലൂടെ പാകിസ്താന്റെ തീക്കളി അവസാനിപ്പിക്കാന്‍ രാജ്യം ഒറ്റക്കെട്ടാവേണ്ട സന്ദര്‍ഭമാണിത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending