വിദ്യാര്‍ഥികളിലെ ആത്മീയവും ഭൗതികവുമായ ഉത്തമാംശങ്ങളുടെ ആകെ തുകയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്. വേലയില്‍ വിളയുന്ന വിദ്യാഭ്യാസത്തെക്കുറിച്ചും രാഷ്ട്രപിതാവ് പറഞ്ഞിട്ടുണ്ട്. ദേശീയ വരുമാനത്തിന്റെ ഗണ്യമായ തുക ചെലവഴിക്കുന്ന രംഗമാണ് വിദ്യാഭ്യാസത്തിന്റേത്. പഞ്ചവല്‍സര പദ്ധതികള്‍ പലതു കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ദിശാനിര്‍ണയം ഇനിയും സാധ്യമായിട്ടില്ല എന്നതാണ് നേര്. ഇക്കാര്യത്തില്‍ ആനുപാതികമായി കേരളം പല ചുവടുകള്‍ മുമ്പിലാണെങ്കിലും ലോക പൗരന്‍ എന്ന നിലയിലുള്ള കേരളീയന്റെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ തുലോം പുറകില്‍ തന്നെയാണ്.

വിദ്യാഭ്യാസ രംഗത്തെ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തനം വെച്ച് പറഞ്ഞാല്‍ നാം ഇനിയും ബഹുകാതം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇതില്‍ കുറവുകള്‍ പറയാന്‍ ധാരാളമുണ്ട്. ഒരു രാഷ്ട്രത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന കാര്യമാകയാല്‍ അതീവ പ്രാധാന്യത്തോടുകൂടി പരിഗണിക്കേണ്ട പല കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ പ്രാഥമിക തലം മുതല്‍ എന്തു പഠിക്കുന്നുവെന്ന് പരിശോധിക്കണം. ഏത് പഠനവും ജീവിത ഗന്ധിയാക്കണം. ഉപജീവനത്തിന് ഉപകരിക്കുന്ന അറിവ് പ്രദാനം ചെയ്യുന്നതില്‍ അമാന്തം വന്നിട്ടുണ്ട്.

റോബോട്ടുകള്‍ തൊഴില്‍ ശാലകളില്‍ നിയമിതരായിരിക്കുന്ന കാലമാണ്. ഈ നിയമനം ഇന്ത്യയില്‍തന്നെ പ്രാവര്‍ത്തികമായിട്ടുണ്ട്. വിരലറ്റത്ത് അറിവു ലഭ്യമാണ്. ഒരു ജനതക്ക് അതിജീവനശേഷി നല്‍കാന്‍ പ്രായോഗിക പരിജ്ഞാനമാണ് ആവശ്യം. ഒന്നാംകിട രാജ്യങ്ങളില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭ്യമായ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുമെങ്കിലും പ്രായോഗിക പരിചയം തീരെ കുറവായിരിക്കും. ലോകത്ത് എങ്ങും പ്രചാരത്തിലുള്ള ഉപകരണങ്ങള്‍ ഒരിക്കല്‍ പോലും അവര്‍ നേരിട്ട് കണ്ടിട്ടുണ്ടാകില്ല. വന്‍കിട തൊഴില്‍ ശാലകളില്‍നിന്ന് ഇതുമൂലം തന്നെ അകറ്റപ്പെടുന്നു.

ഇരുപതിനായിരം മുതല്‍ അമ്പതിനായിരം വരെ പേര്‍ ജോലി ചെയ്യുന്ന കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ നമുക്കുണ്ട്. ഐ.ടി. ഐകളില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു പോലും അവിടെ അവസരമുണ്ട്. എന്നാല്‍ മുക്കിന് മുക്കിന് ഐ.ടി.ഐകളുള്ള കേരളത്തില്‍ നിന്നുള്ള ഒരു വിജയിയേയും മുന്‍പറഞ്ഞ പ്രോജക്ടില്‍ എടുക്കില്ല. കാരണം നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പ്രായോഗിക അപര്യാപ്തത തന്നെ. കാലഹരണപ്പെട്ട ഉപകരണങ്ങളില്‍ ആ സ്ഥാപനങ്ങള്‍ ഇന്നും കിടക്കുകയാണ്. ഈ വിഷയത്തില്‍ വിദേശത്ത് പ്രായോഗിക പരിചയവും അക്കാദമിക് യോഗ്യതയുള്ള ആരെയെങ്കിലും ആ സ്ഥാപനങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാരായെങ്കിലും നിയമിക്കാന്‍ ശ്രദ്ധ ചെലുത്തിയോ? കോടികള്‍ മുടക്കുന്ന എന്‍ജിനീയറിംഗ് കോളജുകളുടെ സ്ഥിതിയും അതുതന്നെയാണ്. ഉപകരണങ്ങള്‍ മാറി വന്നതറിയാത്ത കൂപമണ്ഡൂകങ്ങളായി തുടരാന്‍ നമുക്ക് എന്തോ ആര്‍ത്തിയുള്ളതുപോലെ തോന്നും ചില സമീപനങ്ങള്‍ കണ്ടാല്‍. ടോട്ടല്‍ സ്റ്റേഷന്‍ പോലുള്ള ഉപകരണ ങ്ങള്‍ ഉപയോഗിക്കാന്‍ കഴിവുള്ള എത്ര സര്‍വേ ഉദ്യോഗസ്ഥന്‍മാരുണ്ടാകും കേരളത്തിലെ റവന്യു വകുപ്പില്‍. അവര്‍ പണ്ടെങ്ങോ പഠിച്ച ചങ്ങല വലി തന്നെ ഇപ്പോഴും തുടരുന്നു. ഭൂമിയുടെ അളവ് തിട്ടപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു നില്‍ക്കുന്നതിന്റെ കാരണം വേറെ അന്വേഷിക്കേണ്ടതില്ല. 540 കിലോമീറ്റര്‍ കടല്‍ത്തീരവും അതിനേക്കാള്‍ വിസ്തീര്‍ണത്തില്‍ കായലുമുള്ള കേരളത്തില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ ഇന്നും പാഠ്യ വിഷയമല്ല. അതു പഠിച്ച ഒരു ഉദ്യോഗസ്ഥനും ബന്ധപ്പെട്ട ഇടങ്ങളില്‍ ജോലി ചെയ്യുന്നുമില്ല. അതിനായി സര്‍ക്കാര്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നു എന്നു മാത്രം.

ഈ രംഗം അടിമുടി നവീനമാകണം. വിദേശ സര്‍വകലാശാലകള്‍ക്ക് നിര്‍ബാധം പ്രവര്‍ത്തനാനുമതി നല്‍കണം. ആഭ്യന്തര വകുപ്പ് രാജ്യരക്ഷയുടെ പേരു പറഞ്ഞ് നടത്തുന്ന ഭയപ്പെടുത്തല്‍ അസ്ഥാനത്താണ്. വിദേശ രാജ്യങ്ങളിലെ സൈനിക കുഞ്ചിത സ്ഥാനങ്ങളില്‍ കേരളീയര്‍ ജോലി ചെയ്യുന്നത് ഇക്കാര്യത്തില്‍ മാതൃകയാക്കണം. ആഭ്യന്തര കെട്ടുറപ്പ് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല. സര്‍വകലാശാലകളുടെ അറിവ് കൈമാറ്റം (Knowledge Exchanging) വ്യാപകമാകണം. കേരളം ലോക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ പറ്റിയ ഇടമാണ്. കാലാവസ്ഥയും ഗതാഗത സൗകര്യവും ഇക്കാര്യത്തില്‍ അനുകൂല ഘടകങ്ങള്‍ തന്നെയാണ്. ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ അഭൂതപൂര്‍വമായ പുരോഗതി ദൃശ്യമാകും. ഇപ്പോള്‍ ഇക്കാര്യത്തില്‍ മറ്റു ചില സംസ്ഥാനങ്ങള്‍ മല്‍സര ബുദ്ധ്യാ മുമ്പിലുണ്ട്. ഇക്കാര്യത്തില്‍ ഭരണതലത്തില്‍തന്നെ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ട്. സാങ്കേതിക ജ്ഞാനമുള്ളവര്‍ ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ ആയി വരാന്‍ ജനതയുടെ യത്‌നം വേണം. ഇന്ത്യ പുരോഗതി പ്രാപിക്കാന്‍ പ്രായോഗിക പദ്ധതികള്‍ മുമ്പോട്ടുവെച്ച അബ്ദുല്‍ കലാമിനെ പോലുള്ളവരെ ഭരണതലത്തില്‍ കൂടുതലായി ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ വക്കീലന്‍മാര്‍ക്ക് മുന്‍ഗണന കൊടുക്കുന്നതുപോലൊരു സമീപനമാണ് സാങ്കേതിക പരിജ്ഞാനം നേടിയവരുടെ കാര്യത്തില്‍ ഉണ്ടാകേണ്ടത്.

കോളജുകള്‍ കല്‍പിത സര്‍വകലാശാലകളാക്കുന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയില്‍ വരേണ്ട കാര്യമാണ്. ഇപ്പോള്‍ അതിനുള്ള മാനദണ്ഡം ഉദാരമാക്കിയാല്‍ കാര്യം എളുപ്പമാകും. 30 ഏക്കര്‍ സ്ഥലം അതിനായി ആവശ്യമാണ് എന്ന മാനദണ്ഡമാണ് കേരളത്തിന്റെ വിസ്തൃതി ചുരുക്കം പരിഗണിച്ച് മാറ്റി എഴുതേണ്ടത്. വിദേശങ്ങളില്‍ ഈ ഭൂവിസ്തൃതി ആവശ്യമില്ല. കേരളം ഔന്നത്യത്തിലേക്ക് വരണമെങ്കില്‍ പണം കൊണ്ടുവരുന്ന വഴികള്‍ സുഗമമാക്കണം. ധാര്‍മികമായി അധ:പതിക്കാതെ നമ്മുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുതന്നെ മുന്നേറ്റം നടത്താന്‍ കഴിയും. സിംഗപ്പൂര്‍, ദുബൈ തുടങ്ങി മലയാളികള്‍ ഗണ്യമായി സ്വാധീനം ചെലുത്തുന്ന രാജ്യങ്ങള്‍ ഉദാഹരണമാണ്.

പഠനത്തിലെ ഭാഷാപ്രാവീണ്യവും കണക്കിലെടുക്കണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു പരിധി വരെയെങ്കിലും താങ്ങിനിര്‍ത്തുന്നത് അറബി രാജ്യങ്ങളില്‍നിന്നുള്ള മലയാളികളുടെ വരുമാനമാണ്. അറബി ബന്ധം ചരിത്രാതീത കാലത്ത് തുടങ്ങിയതാണ്. എന്നിട്ടും ഇവിടെയൊരു അറബിക് സര്‍വകലാശാല വന്നില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അതിനുള്ള ശ്രമം തുടങ്ങിവെച്ചിരുന്നു. ദുബായ് സര്‍ക്കാര്‍ റോഡരികിലെ ബോര്‍ഡ് മലയാളത്തില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയ ഉദാരത നാമും ഈ വിധം പിന്തുടരണമായിരുന്നു. ഇപ്പോള്‍ വലിയ രീതിയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകള്‍ പഠിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ അറബി ഭാഷയുടെ കാര്യത്തിലാകുമ്പോള്‍ അസ്പൃശ്യത അനുഭവപ്പെടുന്നു എങ്കില്‍ അത് ഭാഷാപരമായ സങ്കുചിതത്വം കൊണ്ടാണെന്ന് നിസ്സംശയം പറയാം. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ വിദേശ ഒഴുക്കിന്റെ വിശദാംശങ്ങള്‍ യുക്രൈന്‍ അധിനിവേശ കാലത്ത് കണ്ടതാണ്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി കേരളത്തിലെ വിദ്യാഭ്യാസത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ പാത തെളിച്ചതു പോലെ വിപ്ലവകരമായ പല കാര്യങ്ങളും നടക്കേണ്ടതുണ്ട്. ജനങ്ങളുടെ ആവശ്യകതാബോധമാണ് ഏതു പുരോഗതിക്കും നിദാനം. ഇക്കാര്യത്തിലും അത് ബാധകമാണ്.

(മലബാര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനാണ് ലേഖകന്‍)