മോസ്‌കോ: ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിന് ശേഷം വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് സലാഹ് ഈജിപ്ത് ടീം വിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ പുരുഷനായ റാംസന്‍ കദിറോവില്‍ നിന്നും സലാഹിന് ആദരസൂചകമായി ചെച്‌ന്യാ പൗരത്വം ലഭിച്ചെന്ന വാര്‍ത്തകളാണ് വിവാദത്തിന് ആധാരം. എന്നാല്‍ ഈജിപ്ത്യന്‍ ടീമിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. വിരമിക്കുന്നതിനെ കുറിച്ച് സലാഹും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കദിറോവ് ഈജിപ്ഷ്യന്‍ ടീമിന് അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഇതിന് പിന്നാലെ സലാഹിന് ആദരസൂചകമായി പൗരത്വം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെച്ന്‍ തലസ്ഥാനമായ ഗ്രോസ്‌നിയിലാണ് ഈജിപ്ത് ടീമിന്റെ ആസ്ഥാനം.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ പിന്തുണയോടെ ചെച്‌ന്യയില്‍ ഭരണം തുടരുന്ന കദിറോവിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ നിരന്തരം രംഗത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തോടൊപ്പം വിരുന്നില്‍ പങ്കെടുക്കുകയും ചിരിച്ചു കൊണ്ട് ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്തത് സലാഹിന് തിരിച്ചടിയായി മാറി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് വിവാദം ആരംഭിക്കുന്നത്.

ഫുട്‌ബോളിന് പുറമെ മറ്റൊന്നിലും തന്റെ പേര് വരുന്നതില്‍ സലാഹിന് താല്‍പര്യമില്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തന്നെ ഉപയോഗിക്കുന്നതിലുള്ള പ്രതിഷേധവുമാണ് സലാഹിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സലാഹ് ഇതിനെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയിട്ടില്ല.