കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ വയനാട്ടിൽ നാട്ടുകാരുടെ റോഡ് തടഞ്ഞുള്ള പ്രതിഷേധം. വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടതിൽ പ്രതിഷേധിച്ചും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടും പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ഊട്ടി-കോഴിക്കോട് അന്തർ സംസ്ഥാന പാത ഉപരോധിച്ചത്.

കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നമ്പറ്റ സ്വദേശി പാർവ്വതി പരശുരാമൻ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ആശ്രിതന് ജോലി നൽകണമെന്നും, ആന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുമാണ് കുന്നമ്പറ്റയിൽ രാവിലെ 10 മണിയോടെ നാട്ടുകാർ റോഡ് ഉപരോധിച്ചത്. വയനാട്ടിലെ തോട്ടം മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് തൊഴിലാളി ആനയുടെ അക്രമത്തിൽ മരണപ്പെടുന്നത്.