ചെന്നൈ: തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. തങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചതിലുള്ള പ്രതികാരമാണ് ആനയെ തീകൊളുത്താന്‍ കാരണമാക്കിയതെന്ന് അറസ്റ്റിലായ രണ്ട് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പെട്രോള്‍ ഒഴിച്ച് കത്തിച്ച തുണി റിസോര്‍ട്ട് ജീവനക്കാര്‍ ആനയ്ക്ക് നേരെ എറിയുന്നതും കൊമ്പനാന നിലവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നേരത്തെ റിസോര്‍ട്ട് ജീവനക്കാരുടെ കാര്‍ ആന അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. റിസോര്‍ട്ടിന് സമീപമെത്തിയ ആന നാശനഷ്ടവുമുണ്ടാക്കി. ഇതേതുടര്‍ന്നാണ് ആനയെ തീകൊളുത്താന്‍ കാരണമെന്ന് പിടിയിലായ റെയ്‌മെണ്ട് ഡീന്‍, പ്രശാന്ത് എന്നിവര്‍ പറഞ്ഞു.

അതേസമയം, ആനയുടെ ശരീരത്തില്‍ നേരത്തെ കണ്ട മറ്റുമുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്നകാര്യത്തിലും അന്വേഷണം നടത്തിവരികയാണ്. ചികിത്സയിലായിരുന്ന ആന കഴിഞ്ഞ ബുധനാഴ്ചയാണ് ചരിഞ്ഞത്.