കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ആവേശം അവാസന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പത്ത് റണ്‍സ് നേടി  കേദാര്‍ ജാദവ് പുറത്തായതാണ് തിരിച്ചടിയായത്. ജയിക്കാന്‍ അവസാന പന്തില്‍ ആറ് റണ്‍സെന്ന നിലയിലെത്തി. ലാസ്റ്റ് പന്ത് ഭുവനേശ്വര്‍ കുമാറിനെ ബീറ്റ്‌ ചെയ്തു. 75 പന്തില്‍ 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 90 റണ്‍സ് നേടിയ ജാദവാണ് ഇന്ത്യക്കായി പൊരുതിയത്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി(55) ഹര്‍ദ്ദിക്ക് പാണ്ഡ്യ(56) യുവരാജ് സിങ്(45) എന്നിവരും തിളങ്ങി. 173ന് അഞ്ച് എന്ന നിലയില്‍ പതറിയെങ്കിലും ആറാം വിക്കറ്റില്‍ കേദാര്‍ ജാദവും ഹര്‍ദ്ദിക്ക് പാണ്ഡെയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഇരുവരും ചേര്‍ന്ന് 104 റണ്‍സിന്റെ അതിനിര്‍ണായക കൂട്ടുകെട്ടാണ് പടുത്തയര്‍ത്തിയത്. 43 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെയായിരുന്നു ഹര്‍ദ്ദിക്കിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക് മൂന്നു വിക്കറ്റ് വീഴ്ത്തി.

 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ ജാസണ്‍ റോയ്(65) ജോണി ബയര്‍‌സ്റ്റോ(56) ബെന്‍ സ്റ്റോക്ക്(57) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 39 പന്തില്‍ 57 റണ്‍സ് നേടിയ സ്റ്റോക്കിന്റെയും 19 പന്തില്‍ 34 റണ്‍സ് നേടിയ ക്രിസ് വോക്‌സിന്റെയും മിന്നല്‍ പ്രകടനമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 320 കടത്തിയത്. ഇന്ത്യക്ക് വേണ്ടി ഹര്‍ദ്ദിക്ക് പാണ്ഡ്യ മൂന്നും രവീന്ദ്ര ജദേജ രണ്ട് വിക്കറ്റും വീഴ്ത്തി. ഇനി മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ്. ആദ്യ ടി20 ഈ മാസം 26ന് കാണ്‍പൂരില്‍ നടക്കും.