ലണ്ടന്‍: ചെല്‍സിയും ലിവര്‍പൂളും ജയിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോര് കനക്കുന്നു. വമ്പന്മാര്‍ വിജയക്കുതിപ്പ് തുടരുന്ന ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ചെല്‍സി എവേ മൈതാനത്ത് 0-2ന് സതാംപ്ടണയേും ലിവര്‍പൂള്‍ എവേ മൈതാനത്ത് 2-4ന് ക്രിസ്റ്റല്‍ പാലസിനേയും തോല്‍പ്പിച്ചതോടെ ആദ്യ അഞ്ചു ടീമുകള്‍ക്കും കിരീട സാധ്യത ശക്തമായി. വെസ്റ്റ്ഹാമിനെ 2-0ന് തോല്‍പ്പിച്ച എവര്‍ട്ടണാണ് ആറാം സ്ഥാനത്ത്.

യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍ ടീമുകള്‍ക്കും 23 പോയിന്റാണ് നേട്ടം. ചെല്‍സിക്ക് ഇരുപത്തിരണ്ടും ടോട്ടന്‍ഹാമിന് 20ഉം പോയിന്റുണ്ട്. എവര്‍ട്ടണ് പതിനെട്ട് പോയിന്റാണുള്ളത്. പത്തു മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ 28 മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ടെങ്കിലും കിരീടത്തിനായി കനത്ത മത്സരം നടന്നേക്കും. വര്‍ഷങ്ങള്‍ക്കു ശേഷം കിരീട പ്രതീക്ഷകള്‍ക്ക് നിറംവെച്ച ആഴ്‌സനലിന്റേയും ലിവര്‍പൂളിന്റേയും കുതിപ്പാണ് ശ്രദ്ധേയം. നവംബര്‍ ആറിന് ടോട്ടന്‍ഹാമിനേയും പത്തൊമ്പതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും നേരിടാനൊരുങ്ങുന്ന ആഴ്‌സനലിന് അടുത്ത രണ്ടു മത്സരങ്ങളും പ്രധാനമാണ്.

ഓരോ തവണ പിന്നില്‍ നിന്നു വന്ന് ജെയിംസ് മക്ആര്‍തറിന്റെ രണ്ടു ഗോളുകളില്‍ സമനില പിടിക്കാന്‍ ശ്രമിച്ച ക്രിസ്റ്റല്‍ പാലസിനെതിരെ രണ്ടാം പകുതിയില്‍ വിജയം ഉറപ്പിക്കായിരുന്നു ലിവര്‍പൂള്‍. എംറി കാന്‍ (16-ാം മിനുട്ട്), ദെയാന്‍ ലോറന്‍ (21), ജോയല്‍ മാറ്റിപ് (44), റോബര്‍ട്ടോ ഫിര്‍മിനോ (71) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.
ആറാം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡും 55-ാം മിനുട്ടില്‍ ഡീഗോ കോസ്റ്റയുമാണ് ചെല്‍സിക്കു വേണ്ടി ഗോളടിച്ചത്.