ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: ആലപ്പാട് കരിമണല്‍ ഖനന സമരത്തിന്റെ മറവില്‍ മലപ്പുറത്തെ മോശമാക്കിചിത്രീകരിക്കാനുള്ള വ്യവസായമന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ ആസൂത്രിത അജണ്ട. സര്‍ക്കാറിന്റെ ഉറക്കം കെടുത്തുന്ന ആലപ്പാട് സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരെന്ന് പറഞ്ഞ് സമരത്തെ ചെറുതാക്കി കളയാമെന്ന് കരുതിയ പ്രസ്താവന പക്ഷേ മന്ത്രിക്കും ഇടതുസര്‍ക്കാറിനും കൂടുതല്‍ വിനയായി. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ സമരത്തിലുണ്ടെന്ന് സമരസമിതി കണ്‍വീനര്‍ കെ ശ്രീകുമാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷധമുയര്‍ന്നിട്ടുണ്ട്.
മലപ്പുറമെന്ന് പറഞ്ഞാല്‍ അതിനു പിന്നില്‍ തീവ്രവാദികളെന്നും മലപ്പുറത്തുകാര്‍ വികസന വിരുദ്ധരുമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. നേരത്തെ ദേശീയപാത സമരത്തെ കുറിച്ച് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരുന്നു.
ഇടതു മുന്നണി ഏകോപനസമിതി കണ്‍വീനര്‍ എ. വിജയരാഘവന്‍ മലപ്പുറത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദി പരാമാര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മലപ്പുറത്തെ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിക്കുന്നത് കോപ്പിയടിച്ചാണെന്ന് പ്രസംഗിച്ചതും ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അച്യുതാനന്ദന്റെ പ്രസംഗത്തിനു പിന്നാലെ സംസ്ഥാനത്ത് മെഡിക്കല്‍ എഞ്ചിനിയറിങ് പരീക്ഷകളിലും എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളിലും മറ്റു ഉന്നത പരീക്ഷകളിലും ഒന്നാം സ്ഥാനം ഉള്‍പ്പെടെ മലപ്പുറം വാരിക്കൂട്ടുന്ന കാഴ്ച്ചയാണ് കണ്ടത്.
മലപ്പുറം എന്നു കേള്‍ക്കുമ്പോഴേക്ക് സി.പി.എം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വിദ്വേഷത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വരുന്നത് സി.പി.എമ്മിനു കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. മതസൗഹാര്‍ദത്തിലും വികസനത്തിലും റോള്‍ മോഡലായി തിളങ്ങുന്ന മലപ്പുറം ജില്ലയെ കുറിച്ച് പഠിക്കാന്‍ സി.പി.എം ശ്രമിക്കുന്നില്ല. മലപ്പുറത്ത് കൂടുതല്‍ മുസ്‌ലിംലീഗും ഐക്യജനാധിപത്യമുന്നണിയുമാണെന്ന ഹാലിളക്കമാണ് കാലങ്ങളായി സി.പി.എമ്മിനെ വേട്ടയാടുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു ജില്ലയോട് മോശമായി പെരുമാറുന്നത് ഭൂഷണമല്ലെന്നാണ് മലപ്പുറത്തുകാര്‍ പറയുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ദേശീയപാത വികസനത്തിന് പൊലീസിനെ ഉപയോഗിച്ച് ഭൂമി നിര്‍ബന്ധമായി സര്‍വെ ചെയ്തപ്പോള്‍ നാട്ടുകാര്‍ നടത്തിയ സമരത്തെ മലപ്പുറത്തെ തീവ്രവാദി സമരമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മമ്പുറം അരീത്തോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സമരത്തില്‍ പ്രതികളിലും സി.പി.എം പ്രവര്‍ത്തകരുണ്ടായിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ രാജിവെക്കുകയുണ്ടായി. തക്കം കിട്ടുമ്പോഴെല്ലാം മലപ്പുറത്തുകാരെ നോവിക്കുന്ന ഇടത് സര്‍ക്കാറും മന്ത്രിമാരും സി.പി.എം നേതാക്കളും വസ്തുതകളെ മറച്ചുപിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് മലപ്പുറത്തെ ജനത ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലക്കാരനായ ഇടത് സര്‍ക്കാറിലെ ഏകമന്ത്രി കെ.ടി ജലീലും മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങളില്‍ മുന്നിലാണ്. ആലപ്പാട്ടെ ഖനനത്തില്‍ മന്ത്രി ജലീലിന്റെ നിലപാട് ആശ്ചര്യത്തോടെയാണ് ജില്ലക്കാര്‍ കാണുന്നത്. കരിമണല്‍ ഖനനത്തില്‍ നേരത്തെ മറ്റൊരു നിലപാട് സ്വീകരിച്ച സി.പി.എം നേതാക്കള്‍ ജനശ്രദ്ധതിരിക്കാനാണ് മലപ്പുറത്തേക്ക് ആരോപണമുനവെക്കുന്നത്. നന്‍മയുടെ സന്ദേശം പരത്തുന്ന മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും വര്‍ത്തമാനങ്ങളും പഠിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ സി.പി.എമ്മിനു കൂടുതല്‍ നഷ്ടങ്ങളാണുണ്ടാക്കുക.