അങ്കാറ: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രേതം ഇസ്രാഈലിലെ ചില ഭാരണാധികാരികളില്‍ ആവിര്‍ഭവിച്ചിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ്, റാസിസ്റ്റ് രാജ്യമാണ് ഇസ്രാഈലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇസ്രാഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ച നിയമത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. അറബ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുമാണ് പുതിയ നിയമത്തിലൂടെ ഇസ്രാഈല്‍ ശ്രമിക്കുതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് ഫലസ്തീനികളെ ആക്രമിക്കുന്ന ഇസ്രാഈല്‍ ഭീകര രാഷ്ട്രമാണെന്ന് സ്വയം തെളിയിച്ചിക്കുകയാണ്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടരുന്ന ഇസ്രാഈലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ലോകനേതാക്കളില്‍ പ്രമുഖനാണ് ഉര്‍ദുഗാന്‍.