ന്യൂഡല്‍ഹി: രാജ്യത്തെ കിഡ്‌നി രോഗികളുടെ ദുരിതം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യത്ത് കിഡ്‌നി രോഗികളുടെ എണ്ണം ഭീതിജനകമായി വര്‍ധിച്ചതായും എന്നാല്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും ലോക്‌സഭയില്‍ ആരോഗ്യവകുപ്പിന്റെ ചോദ്യോത്തര വേളയില്‍ ഇ.ടി ചൂണ്ടിക്കാട്ടി. 15 വര്‍ഷത്തിനുള്ളില്‍ കിഡ്‌നി രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. നൂറിന് പതിനേഴ് എന്ന നിലയിലാണ് ഇപ്പോള്‍ കിഡ്‌നി രോഗികളുടെ എണ്ണം. രണ്ടുലക്ഷത്തി ഇരുപതിനായിരം മുതല്‍ രണ്ടുലക്ഷത്തി എഴുപത്തി അയ്യായിരം വരെ രോഗികള്‍ പ്രതിവര്‍ഷം വൃക്കമാറ്റിവെക്കല്‍ ചികിത്സക്ക് വിധേയരാകുന്നു. ഓരോ വര്‍ഷവും ഡയാലിസിന് വിധേയരാവുന്ന രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 15 % വരെ വര്‍ധനവുണ്ടാവുന്നുണ്ട്. പിഞ്ചു കുട്ടികളടക്കം രോഗ ബാധിതരാവുന്നു. ജില്ലാ ആസ്പത്രികളില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടായിരം പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം വര്‍ധിച്ചതിന്റെ ഗൗരവം കണക്കിലെടുക്കുകയാണെങ്കില്‍ ഇത് ഒട്ടും പര്യാപ്തമല്ല. ദേശീയടിസ്ഥാനത്തില്‍ ഒരു കിഡ്‌നി രോഗ പ്രതിരോധ ചികിത്സാ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അതോടൊപ്പം ഘട്ടംഘട്ടമായി കമ്മൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ഇത് വ്യാപിപ്പിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഡയാലിസിസ് പദ്ധതി പ്രകാരം ചികിത്സക്ക് ജില്ലാ തലത്തില്‍ വ്യാപകമായ സഹായം ചെയ്യുമെന്നും ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഡയാലിസ് ചെയ്ത് കൊടുക്കാന്‍ സൗകര്യമുണ്ടെന്നും ആരോഗ്യ മന്ത്രി ജെ.പി നദ്ദ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടുന്ന പക്ഷം കമ്മൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ധിച്ച് വരുന്ന ന്യൂനപക്ഷ-ദളിത് പീഡനങ്ങള്‍ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.