ഭോപ്പാല്‍: വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണത്തിന് ബലം പകര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ഇരകളുടെ കയ്യില്‍ ആയുധമൊന്നുമുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും പൊലീസിന് നേരെ അവര്‍ വെടിയുതിര്‍ത്തിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതികള്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ശേഷവും മൃതദേഹത്തിന് സമീപം തോക്കൊന്നും കണ്ടെത്തിയിരുന്നില്ല.

കത്തി പോലൊരു വസ്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ട് സിമി പ്രവര്‍ത്തകരെയും പൊലീസ് വളഞ്ഞിരുന്നുവെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന്റെ തൊട്ടടുത്ത ഗ്രാമമായ ആചാര്‍പുരയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ രാംകുമാര്‍ സോണി പറയുന്നു.
പൊലീസ് വെടിയുതിര്‍ക്കുന്നത് നേരിട്ട് കണ്ടതായും സോണി അവകാശപ്പെട്ടു. രാവിലെ തന്നെ കുറച്ച് പൊലീസുകാര്‍ ഞങ്ങളെ സമീപിച്ചു. എട്ട് ആളുകളടങ്ങുന്ന സംഘത്തെ കണ്ടോ എന്ന് ചോദിച്ചു. ചിലരെ കണ്ട കാര്യം നാട്ടുകാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് മലമ്പ്രദേശത്തേക്ക് വാഹനവും ഓടിച്ചെത്തി.

പിന്നീട് കാല്‍നടയായി മുകളിലെത്തി. പിന്നീട് പൊലീസ് വെടിയുതിര്‍ത്തു. പ്രതികള്‍ അവര്‍ നില്‍ക്കുന്ന പാറക്കെട്ടിന് ചുറ്റും തങ്ങളെ വളഞ്ഞ പൊലീസിന് നേരെ കല്ലുകള്‍ എറിഞ്ഞുവെന്നും സോണി പറയുന്നു. സിമി പ്രവര്‍ത്തകരുടെ പക്കല്‍ തോക്കുണ്ടാകുകയോ അവര്‍ വെടിയുതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ പപ്പു മീണ പറയുന്നു.
ചിലര്‍ കൈവീശിക്കാണിക്കുന്നത് കണ്ടു. മറ്റു ചിലര്‍ കല്ലെറിയുന്നതും. ശേഷം തങ്ങളോട് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും മീണ പറയുന്നു. എട്ടുപേരെ വെടിവെച്ചുകൊന്ന പാറക്കെട്ടിന് താഴെയുള്ള ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായി.

ഞാന്‍ എന്റെ പാടത്തില്‍ എത്തിയതായിരുന്നു. അപ്പോള്‍ കുറച്ചു പൊലീസുകാര്‍ എന്നെ സമീപിച്ച് പാറക്കെട്ടിന് സമീപത്തേക്ക് വഴികാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ പാറക്കെട്ടിന് സമീപമെത്തിയപ്പോള്‍ മുകളില്‍ നിന്നും കല്ലേറുണ്ടായി. ഞങ്ങളോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. മറുഭാഗത്ത് നിന്ന് തിരിച്ച് വെടിവെപ്പൊന്നും ഉണ്ടായില്ല. സിമി പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്ന് മറ്റു ദൃക്‌സാക്ഷികളും പറയുന്നു. തടവുചാടിയ സിമി വിചാരണ

തടവുകാരുടെ കൈവശം തോക്കുണ്ടായിരുന്നെന്നും അവര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് എട്ട് പേരും കൊല്ലപ്പെട്ടതെന്നുമാണ് ഭോപ്പാല്‍ ഐജി യോഗേഷ് ചൗധരി പറയുന്നത്. എന്നാല്‍ ഈ വാദം ദൃക്‌സാക്ഷികള്‍ നിഷേധിക്കുന്നു. ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി 15 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.