ന്യൂഡല്‍ഹി: ഭോപാല്‍ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. എട്ട് പേര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവുകള്‍ പലതും അരക്ക് മുകളിലാണെന്നും ശരീരത്തിലൂടെ വെടിയുണ്ട തുളച്ച്് പുറത്തേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലക്കും നെഞ്ചിനും വെടിയേറ്റിട്ടുണ്ട്. വെടിയുണ്ടകളുടെ സ്ഥാനം മനസിലാക്കിയാല്‍ ഇവരെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വെടിവെച്ചതെന്ന് മനസിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇവരുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം എട്ടംഗ സംഘം മതില്‍ ചാടിയെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്ന നിരവധി തെളിവുകള്‍ ഇതിനകം പുറത്തായിട്ടുണ്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം അന്വേഷണത്തോട് വിമുഖ നിലപാടാണ് മധ്യപ്രദേശ് സര്‍ക്കാറിന്റേത്.

also read: ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്