ദോഹ: മദീന ഖലീഫയില്‍ നിയമലംഘനം നടത്തിയ സൂപ്പര്‍മാര്‍ക്കറ്റ് താല്‍ക്കാലികമായി പൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയ്യാറാക്കി വില്‍പ്പന നടത്തെതുടര്‍ന്നാണ് സ്ഥാപനം ഒരുമാസത്തേക്ക് പൂട്ടിയിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജമാന്‍ മതാര്‍ അല്‍ നുഐമിയുടേതാണ് ഉത്തരവ്.

നിയമലംഘനത്തെത്തുടര്‍ന്ന് നജ്മയിലെ ഭക്ഷണശാലയും പത്ത് ദിവസത്തേക്ക് അടച്ചു. മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലംഘനം പിടികൂടിയത്. ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം ബിന്‍ ഉംറാനിലെ കഫതീരിയയിലും ജ്യൂസ് വില്‍പ്പനശാലയിലും നടത്തിയ പരിശോധനയിലും ലംഘനം പിടികൂടി. അഴുകിയ ഇറച്ചി ഉപയോഗിച്ചാണ് ഭക്ഷണം പാകംചെയ്തതെന്ന് കണ്ടെത്തി.

അല്‍ സലതയില്‍ കാലാവധി കഴിഞ്ഞ ഉത്പന്നം വിറ്റതിനെ തുടര്‍ന്ന് ഹോട്ടലിനെതിരെയും നടപടിയെടുത്തു. തൊഴിലാളി പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അല്‍ നാസര്‍ സ്ട്രീറ്റിലെ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടി സ്വീകരിച്ചു. തൊഴിലാളി പാര്‍പ്പിട കേന്ദ്രത്തില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയ്യാറാക്കി ഭക്ഷണശാലയില്‍ വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് നജ്മയിലെ ഭക്ഷണശാലക്കെതിരെയും നടപടിയെടുത്തു. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് മത്സ്യവില്‍പ്പന ശാലയില്‍ നിന്നും 333 കിലോ അഴുകിയ ഷേരി മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.