ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന കോണ്‍ഗ്രസ് ആരോപണത്തിന് ഫെയ്‌സ്ബുക്കിന്റെ മറുപടി. പക്ഷപാതപരമായി പെരുമാറില്ലെന്നും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള ഇടമാണെന്ന് ഉറപ്പാക്കുമെന്നും ഫെയ്‌സ്ബുക്കിന്റെ മറുപടിയില്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെ പലനിലപാടുകളും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി കെ.സി വേണുഗോപാലാണ് ഫെയ്‌സ്ബുക്കിന് കത്തയച്ചത്.

ഞങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നവരല്ല. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമായി ഞങ്ങളുടെ പ്ലാറ്റ് ഫോം നിലനിര്‍ത്തുമെന്ന് ഉറപ്പാക്കും. പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം ഗൗരവമായി കാണുന്നു. എല്ലാ തരത്തിലുള്ള വിദ്വേഷത്തെയും വര്‍ഗ്ഗീയതയേയും അപലപിക്കുന്നു-ഫെയ്‌സ്ബുക്ക് സേഫ്റ്റി മാനേജര്‍ നീല്‍ പോട്ട്‌സ് എഴുതിയ കത്തില്‍ പറയുന്നു. മതം, ജാതി, വംശീയത തുടങ്ങിയവയുടെ പേരില്‍ ആളുകള്‍ക്കെതിരായ എല്ലാ അക്രമത്തെയും ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ വിലക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി അങ്കി ദാസ് ബിജെപി-സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവികളുടെ സംഘപരിവാര്‍ അനുകൂല നിലപാട് സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗിന് കത്തയച്ചത്.