കണ്‍മുന്നില്‍ തെളിയുന്നത് ആ ചിത്രമാണ്. നെറ്റിത്തടത്തില്‍ മുറിവേറ്റ് ചോരപൊടിഞ്ഞിട്ടും പുഞ്ചിരിയകന്നില്ല ആ മുഖത്ത്. കല്ലേറില്‍ പരിക്കേറ്റിട്ടും ആ മുഖ്യമന്ത്രി സംയമനത്തിന് നിര്‍ദേശം നല്‍കി. തെരുവില്‍ ആക്രമിക്കപ്പെട്ടിട്ടും എവിടെയും അക്രമമുണ്ടാകരുതെന്നും ജനജീവിതം സ്തംഭിക്കരുതെന്നും നിര്‍ബന്ധ ബുദ്ധി കാണിച്ച ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കുന്നത് പിണറായി ഭരണത്തിലെ പൊലീസ് ഭീകരതയും സി.പി.എം അക്രമവുമൊക്കെ കാണുമ്പോഴാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തെപോലും അടിച്ചമര്‍ത്തുകയാണ് പിണറായി ഭരണത്തില്‍.

സ്വര്‍ണ, കറന്‍സി കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിഷേധ സ്വരങ്ങള്‍ക്ക്‌നേരെ പാര്‍ട്ടി കേഡറുകളെ ഉപയോഗിച്ച് അക്രമത്തിന്റെ വഴി സ്വീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സി.പി.എം സമര നാടകങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉമ്മന്‍ചാണ്ടിയെ വഴിയില്‍ തടഞ്ഞും നിയമസഭാകവാടത്തിലുള്‍പ്പെടെ നാടൊട്ടുക്കും പ്രതിഷേധമെന്ന പേരില്‍ ജനജീവിതം സ്തംഭിച്ച കാലമുണ്ടായിരുന്നു സി.പി.എം പ്രതിപക്ഷത്തായിരിക്കുമ്പോള്‍. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടും പൊതുമുതല്‍ നശിപ്പിച്ചും സി.പി.എം നടത്തിയ സമരാഭാസം കേരള ജനത അത്ര പെട്ടെന്നൊന്നും മറക്കില്ല. നിയമസഭയിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെ തച്ചുതകര്‍ത്ത് ഇ.പി ജയരാജന്റെയും ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായ വി. ശിവന്‍കുട്ടിയുടെയും കെ.ടി ജലീലിന്റെയും നേതൃത്വത്തില്‍ സി.പി.എം എം.എല്‍.എമാര്‍ നടത്തിയ അക്രമങ്ങള്‍ ലോകം നടുക്കത്തോടെയാണ് വീക്ഷിച്ചത്. അന്ന് സി.പി.എം എം.എല്‍.എമാര്‍ അഴിഞ്ഞാടിയത് ബജറ്റ് പ്രസംഗം പോലും തടസപ്പെടുത്തിയാണ്. കണ്ണൂരില്‍ നടന്ന പൊലീസ് കായികമേള സമാപന ചടങ്ങിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അക്രമിക്കപ്പെട്ടത്.

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ സംഘം. കാറിന് നേരെ കല്ലെറിഞ്ഞും ചില്ല് തച്ചുതകര്‍ത്തുമായിരുന്നു അക്രമം. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെറ്റിത്തടത്തിനാണ് അന്ന് പരിക്കേറ്റത്. തത്സമയം ദൃശ്യം കണ്ട കേരള ജനത നടുങ്ങിയ സംഭവം. ജനം തെരുവിലിറങ്ങിയേക്കാവുന്ന സാഹചര്യമായിരുന്നു അന്ന്. സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട്, ജനസമ്പര്‍ക്കത്തിലൂടെ ചുവപ്പ്‌നാടയില്‍ കുടുങ്ങികിടന്ന നീറുന്ന പ്രശ്‌നങ്ങളില്‍ പോലും പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി. വിശ്രമമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെ ആക്രമിക്കപ്പെട്ടത് താങ്ങാവുന്നതിലപ്പുറമായിരുന്നു. സി.പി.എം കാടത്തത്തിനെതിരെ ഹര്‍ത്താല്‍ ആചരിക്കണമെന്ന് വരെ അഭിപ്രായമുയര്‍ന്നു. എന്നാല്‍, ജനജീവിതം സ്തംഭിപ്പിച്ച്, അക്രമത്തിലേക്ക് വരെ വഴിമാറിയേക്കാവുന്ന സാഹചര്യത്തെ സംയമനത്തോടെ നേരിടുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഹര്‍ത്താല്‍ വേണ്ടെന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. കേരളത്തില്‍ എവിടെയും അക്രമമുണ്ടായില്ല. ശാന്തമായി കടന്നുപോയി ജനജീവിതം. പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും സി.പി.എം അക്രമം തുടര്‍ന്നു. സംയമനത്തോടെയും കൃത്യനിഷ്ഠതയോടെയും നിരപരാധികളെ മുറിവേല്‍പ്പിക്കാതെയുമാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.

അന്നത്തെ ആ സംഭവങ്ങളും സാഹചര്യങ്ങളും വിലയിരുത്തുമ്പോള്‍ നേര്‍വിപരീതമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍. പ്രതിഷേധിക്കാനുള്ള അവകാശത്തെ, സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. പൊലീസിനെ ഉപയോഗിച്ച് പാര്‍ട്ടി അണികളെയും ഉപയോഗപ്പെടുത്തി അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നത്. സ്വര്‍ണകടത്ത് കേസിലെ ആരോപണവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ പുറത്ത്‌കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുന്നതിന്പകരം പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാറും സി.പി.എമ്മും. പ്രതിഷേധിക്കുന്നവരെ തെരുവില്‍ നേരിടുമെന്നാണ് ഡി.വൈ.എഫ്.ഐ ഗീര്‍വാണം. നിയമപരമായി നേരിടേണ്ടതിന്പകരം അക്രമത്തിലൂടെ അടിച്ചൊതുക്കുന്നതാണ് സി.പി.എം ശൈലി. നേരത്തെയും കേരള ജനത ഇത് കണ്ടതാണ്. വര്‍ഷങ്ങള്‍ക്ക്മുമ്പ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ വിധി വന്ന ഘട്ടത്തിലും തെരുവില്‍ അഴിഞ്ഞാടിയിട്ടുണ്ട് സി.പി.എം. ഷുക്കൂര്‍ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്ത ഘട്ടത്തിലും അക്രമങ്ങളാല്‍ അഴിഞ്ഞാടുകയായിരുന്നു സി.പി.എം. മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തും പ്രവര്‍ത്തകരെ മര്‍ദിച്ചും കണ്ണൂരിനെ കലാപ ഭൂമിയാക്കിയ സി.പി.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന അക്രമങ്ങളും വിലയിരുത്തുമ്പോള്‍ ഇതിനപ്പുറവും അഴിഞ്ഞാടുമെന്ന് തന്നെ പറയാം. അനീതിക്കും കൊള്ളരുതായ്മക്കുമെതിരെ രാജ്യത്തെ ഒരു പൗരന് എവിടെയും പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നിയമ നടപടി സ്വീകരിച്ച നിലപാട് ജനാധിപത്യ സമൂഹം അംഗീകരിക്കില്ല. വിമാനത്തില്‍ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ എന്നാണ് ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ അനുശാസിക്കുന്നതെന്നിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ ഇ.പി ജയരാജനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെയും ചോദ്യമുയരുന്നുണ്ട്. എയര്‍ക്രാഫ്റ്റ് റൂള്‍ അനുസരിച്ച് കുറ്റം തെളിഞ്ഞാല്‍, ശാരീരികമായും വാക്കുകള്‍ കൊണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായാല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ എന്നതാണ് ശിക്ഷ. മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയില്‍ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.