ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ചീഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഓഫീസര്‍ ഫാത്തിമ ഹൈദറിന് ജി സി സി രാഷ്ട്രങ്ങളിലെ ഗവണ്‍മെന്റ് എച്ഛ് ആര്‍ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. ദുബൈയില്‍ നടന്ന ഗവണ്‍മെന്റ് എച്ഛ് ആര്‍ സമ്മിറ്റിലാണ് പുരസ്‌കാരം കൈമാറിയത്.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഹ്യൂമണ്‍ റിസോഴ്‌സ് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ മേഖലയിലെ അറബ് വനിതകളെ ജോലി മേഖലയില്‍ ആകര്‍ഷിക്കാനുള്ള നയപരിപാടികള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ മേഖലയിലും വനിതകളുടെ മുന്നേറ്റത്തിനും ഫാത്തിമ ഹൈദര്‍ വഹിച്ച പങ്ക് അവാര്‍ഡ് വിധികര്‍ത്താക്കള്‍ എടുത്തുപറഞ്ഞു.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ഛ് എം സി) മുഖേന നടപ്പാക്കിയ ഈയ്യിടെയുള്ള പദ്ധതികള്‍ ആകര്‍ഷകമാണെന്നും വ്യക്തമാക്കി. ഓരോ ആശുപത്രികള്‍ക്കും പ്രത്യേക എച്ഛ് ആര്‍ കാര്യാലയവും സംവിധാനമുള്‍പ്പെടെ വികേന്ദ്രീകരണവും എച്ഛ് ആര്‍ സ്വയം സേവന സംവിധാനവും കടലാസുപയോഗിച്ചുള്ള ജോലികള്‍ കുറച്ചതുമെല്ലാം മികവായി പരിഗണിക്കപ്പെട്ടു. ഈ അംഗീകാരം തനിക്കു മാത്രമല്ലെന്നും തന്റെ ടീമംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഇത് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാനുള്ള പ്രചോദനമാണെന്നും ഫാത്തിമ ഹൈദര്‍ പൂരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വ്യക്തമാക്കി.