ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹി കലാപത്തിന് സമാനമായ അക്രമമുണ്ടാകുമെന്ന ഭീഷണിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഡല്‍ഹി സര്‍ക്കാരിനായിരിക്കുമെന്നും തിവാരി പറഞ്ഞു. ഡിസംബര്‍ 17 വരെ കര്‍ഷകര്‍ക്ക് ഒഴിഞ്ഞു പോവാനുള്ള അവസരമുണ്ടെന്നും അവര്‍ അറിയിക്കുന്നു.

കര്‍ഷകര്‍ പിന്‍വലിഞ്ഞില്ലെങ്കില്‍ താന്‍ തന്നെ രംഗത്തിറങ്ങി ഒഴിപ്പിക്കുമെന്നും അവര്‍ പറയുന്നു. ഒരു വീഡിയോ സന്ദേശത്തിലാണ് രാഗിണി തിവാരി ഇക്കാര്യം വ്യക്തമാക്കിയത്.

ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം തുടങ്ങിയ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന കര്‍ഷകരുടെ ആവശ്യം ചൂണ്ടിക്കാണിച്ച രാഗിണി ഇത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു. ചാറ്റ് പൂജ നടത്തി കൊറോണ വൈറസ് വ്യാപനം തടഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ കര്‍ഷക സമരം കൊവിഡ് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. മഹാത്മാ ഗാന്ധിയെപ്പോലെ നിശബ്ദയായി ഇരിക്കാനോ അഹിസംയുടെ മാര്‍ഗം പിന്തുടരാനോ തനിക്ക് കഴിയില്ലെന്നും രാഗിണി വീഡിയോയില്‍ പറയുന്നു.