കറുകച്ചാല്‍: രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് അച്ഛന്‍, പതിനേഴുകാരിയായ മകളെ വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. മകളുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. കൈവിരല്‍ അറ്റു. സംഭവത്തില്‍ കറുകച്ചാല്‍ പച്ചിലമാക്കല്‍ മാവേലിതാഴെയില്‍ രഘു (49)വിനെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു.

പോലീസ് പറയുന്നതിങ്ങനെ-തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മകള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കി. വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി. നിലവിളിച്ചപ്പോള്‍ ഇയാള്‍ വീണ്ടും വാക്കത്തികൊണ്ട് വെട്ടി. വെട്ട് തടയുന്നതിടിയില്‍ മകളുടെ വലതുകൈയിലെ മോതിരവിരല്‍ മുറിഞ്ഞുതൂങ്ങി.

സമീപത്തെ വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഘുവിനെ പോലീസ് കറുകച്ചാല്‍ കവലയില്‍നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ രഘുവിനെ റിമാന്‍ഡ് ചെയ്തു.