ഞാന്‍ ശ്വേത സഞ്ജീവ് ഭട്ട്, കഴിഞ്ഞ നാല് മാസമായി ഞങ്ങളുടെ കുടുംബത്തെ നിശബ്ദരാക്കാനും കുറ്റം ചുമത്താനും പീഡിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1. 2002ലെ കലാപത്തിന്റെ മുഖ്യ സാക്ഷികളിലൊരാള്‍ എന്ന നിലയില്‍ എന്റെ ഭര്‍ത്താവിന്റെ ജീവന് ഭീഷണിയുണ്ട് എന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും ഇക്കഴിഞ്ഞ ജൂലൈയില്‍ ഞങ്ങളുടെ സുരക്ഷ എടുത്തുകളഞ്ഞു. 2. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങള്‍ എഎംസി പൊളിച്ചുകളഞ്ഞു. തീര്‍ത്തും നിയമവിരുദ്ധവും ദുര്‍ബലവുമായ കാരണങ്ങള്‍ കാണിച്ചായിരുന്നു ഇത് ചെയ്തത്. അടുക്കള, കുളിമുറി, കിടപ്പുമുറിയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ്, മുഴുവന്‍ കെട്ടിടത്തിന്റെയും ഉറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ അവര്‍ തകര്‍ത്തത്. 3. സെപ്തംബര്‍ അഞ്ചിനു രാവിലെ എട്ടു മണിക്ക് ക്രൈംബ്രാഞ്ച് സി.ഐ.ഡി ഞങ്ങളുടെ വീട്ടിലെത്തി. ‘മൊഴിയെടുക്കാന്‍’ എന്ന പേരില്‍ ഭര്‍ത്താവിനെ കൊണ്ടുപോകാനായിരുന്നു. സഞ്ജീവിനെ അവര്‍ കണ്ടതിനുശേഷം പോകാനായി തയ്യാറെടുക്കുമ്പോള്‍, ഞാന്‍ അവിടെ ഉറങ്ങുകയാണ് എന്നറിഞ്ഞിട്ടും ക്രൈംബ്രാഞ്ച് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ എന്റെ കിടപ്പുമുറിയിലേക്ക് ഒരു ലജ്ജയുമില്ലാതെ കടന്നുവന്നു; എന്റെ സ്വകാര്യത പോലും ലംഘിച്ചത് എടുത്തുപറയേണ്ടതാണ്.
തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇപ്രകാരമാണ്.
സെപ്റ്റംബര്‍ 5: 22 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ സഞ്ജീവിനെ 2018 സെപ്തംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തു. രാവിലെ എട്ടു മണിക്കാണ് വാതില്‍മണി മുഴങ്ങിയത്. രണ്ടു മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറി. എല്ലായിടത്തും അവര്‍ നിറഞ്ഞു. ഞങ്ങളുടെ മകന്‍ തടയുന്നതുവരെ അവര്‍ ഞങ്ങളുടെ കിടപ്പുമുറിയില്‍ വരെ കടക്കാന്‍ ശ്രമിച്ചു.
സെപ്റ്റംബര്‍ 6: 22 വര്‍ഷം മുമ്പുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍/ സിഐഡികള്‍ സഞ്ജീവിനെ പലന്‍പൂര്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ റിമാന്‍ഡ് ആവശ്യപ്പെട്ടു. ഭാഗ്യവശാല്‍, ഇന്ത്യന്‍ ജനാധിപത്യം നിയമവാഴ്ചയില്‍ അധിഷ്ഠിതമാണ്. അടിസ്ഥാനപരവും എന്നാല്‍ മങ്ങിക്കൊണ്ടിരിക്കുന്നതുമായ ഈ തത്വങ്ങളില്‍ നിലകൊള്ളുന്ന ന്യായാധിപന്മാര്‍ ഇപ്പോഴുമുണ്ട്. യുക്തിസഹമായി ധീരമായും കോടതി റിമാന്‍ഡ് അനുവദിച്ചില്ല. ‘ഈ ഘട്ടത്തില്‍ പൊലീസ് റിമാന്‍ഡ് അനുവദിക്കുന്നതിന് ന്യായമായ അടിസ്ഥാനമില്ല’ എന്ന് നിരീക്ഷിച്ചു. എന്നാല്‍ മജിസ്‌ട്രേട്ടിന്റെ കര്‍ശനമായ നിയമവ്യാഖ്യാനം ‘അച്ചടക്ക ലംഘന’മായി കണക്കാക്കുകയും ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയും ചെയ്തു.
സെപ്റ്റംബര്‍ 7: വിചാരിച്ചതു പോലെ, ഒരു ദിവസം പോലും പാഴാക്കാതെ സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി. സെപ്റ്റംബര്‍ 10: സഞ്ജീവിന്റെ റിമാന്‍ഡിനായുള്ള അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഉച്ചക്ക് 2:30ന് കേട്ടു. സെഷന്‍സ് കോടതിയില്‍ റിമാന്‍ഡിനായുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാല്‍ പരിഭ്രാന്തരായ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തങ്ങളുടെ മുന്‍ വാദങ്ങള്‍ ഒന്നും കൂട്ടിച്ചേര്‍ക്കാതെ വാദിക്കുകയാണ് ചെയ്തത്. ഭാഗികമായി വാദം കേട്ട് സെപ്തംബര്‍ 11ന് 2:30 ലേക്ക് കേസ് മാറ്റിവെച്ചു.
സെപ്റ്റംബര്‍ 11: ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിമാന്‍ഡ് അപ്പീല്‍ അനുവദിച്ചു. സഞ്ജീവിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 18: ഹൈക്കോടതി ഉത്തരവിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. അവിടെ കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ 20: സുപ്രീം കോടതി കേസ് വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 4ലേക്ക് മാറ്റി. ആ സമയത്തേക്ക് റിമാന്‍ഡ് കാലാവധി ഏതാണ്ട് കഴിയുമായിരുന്നു. 21ന് സഞ്ജീവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ഒക്ടോബര്‍ 4: റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ജാമ്യ ഹര്‍ജിയുമായി ‘ഉചിതമായ കോടതിയെ സമീപിക്കാന്‍’ സുപ്രീം കോടതി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 10: സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ കേട്ടു. സമയം നീട്ടുന്ന തന്ത്രത്തിന്റെ ഭാഗമായി ജാമ്യഹര്‍ജിക്കെതിരെ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 16 വരെ സമയം അനുവദിച്ചു.
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടിപ്പോള്‍ ഒരു മാസമായി. എന്നാല്‍ സഞ്ജീവിപ്പോഴും കസ്റ്റഡിയിലാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ കാണിക്കുന്നത് സര്‍ക്കാര്‍ സഞ്ജീവിനെ എത്ര ഭയപ്പെടുന്നു എന്നും അദ്ദേഹത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ ഏതറ്റംവരെ പോകും എന്നുമാണ്. വഴിതിരിച്ചുവിടുകയും വ്യക്തിഗതമായ നേട്ടങ്ങള്‍ക്കും പക തീര്‍ക്കുന്നതിനും ഉപയോഗിക്കേണ്ടതിനുപകരം ജനാധിപത്യവും കോടതികളും ആഘോഷിക്കപ്പെടേണ്ട ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലും സത്യം പറയുന്നവരെ സര്‍ക്കാര്‍ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലും എനിക്ക് കടുത്ത ലജ്ജ തോന്നുന്നു. ഇത് അവസാനിക്കേണ്ടതുണ്ട്, നാമിത് അവസാനിപ്പിക്കേണ്ടതുണ്ട്.
മുകളില്‍ എഴുതിയതെല്ലാം വായിച്ചാല്‍ നിങ്ങളില്‍ മിക്കവര്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സത്യം പറയുന്നവരെയും പ്രതിയോഗികളെയും വേട്ടയാടുന്നതിനെ കുറിച്ചും മനസ്സില്‍ ചോദ്യങ്ങളുണ്ടാകും. നമ്മളോരോരുത്തരും നമ്മുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചായ്‌വുകള്‍ മാറ്റിവെച്ചുകൊണ്ട്, ആര്‍ക്കെങ്കിലുമെതിരെ അന്യായമായി എന്തെങ്കിലും നടന്നാല്‍, ഈ ഭരണകൂടത്തിനെതിരെ പരസ്യമായി ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായിരിക്കുന്നു. സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാതെ പോകുന്ന പ്രവര്‍ത്തികളാണ് ഇതെല്ലാം. സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ട സമയമായില്ലേ? ഇന്നത് ഞങ്ങളാണ്, നാളെയത് നിങ്ങളാകാം. ദൈവം അനുഗ്രഹിക്കട്ടെ.

ശ്വേത ഭട്ട് (സഞ്ജീവ് ഭട്ടിന്റെ ഭാര്യ)