കുവൈത്ത് സിറ്റി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ സിനിമാതാരങ്ങളായ കമല്‍ഹാസനും രജനികാന്തിനും സാധിക്കില്ലെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ജയലളിതയ്‌ക്കോ എം.ജി.ആറിനോ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതുപോലെ ജനകീയ അടിത്തറ തമിഴ്‌നാട്ടില്‍ ഇവര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ ‘ചന്ദ്രി ക’ ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട് അതിവിശിഷ്ടമായ സംസ്ഥാനമാണ്. സാംസ്‌കാരികവും രാഷ്ട്രീയ ചരിത്രപരവുമായി പ്രത്യയശാസ്ത്രം തമിഴ്‌നാടിനുണ്ട്.
കടലാസ്പുലികളായ സിനിമാതാരങ്ങള്‍ക്ക് രാഷ്ട്രീയ രംഗത്ത് നിലയുറപ്പിക്കാനുള്ള അവസരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ ശക്തമായ മത്സരത്തിനാണ് ഇത്തവണ കളമൊരുങ്ങിയതെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ഭരണതുടര്‍ച്ചക്ക് വോട്ട്‌തേടുന്ന ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. പരമ്പരാഗതമായി ബിജെപിയെ പിന്തുണച്ചിരുന്ന പട്ടേല്‍വിഭാഗവും ദളിത് മാര്‍വാഡി വിഭാഗവുമെല്ലാം അകന്നുകഴിഞ്ഞു. നഗരവാസികളുടെ മെച്ചപ്പെട്ട അവസ്ഥയാണ് ഗുജറാത്തില്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ വിജയം സമ്മാനിച്ചത്.
ഗുജറാത്ത് മോഡല്‍ പ്രതീക്ഷിച്ചതുപോലെ തൊഴിലവസരം സൃഷ്ടിച്ചില്ല. ഇതോടെ യുവാക്കളും പരമ്പരാഗതതൊഴിലാളി വിഭാഗങ്ങളുമെല്ലാം ബി.ജെ.പിക്ക് എതിരായി കഴിഞ്ഞു. ശക്തമായ ബലാബലം നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.