താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലില്‍ പണമിടപാട് സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ആലപ്പുഴ സ്വദേശി സുമേഷിനെ മലപ്പുറം തിരൂരില്‍ നിന്ന് രാവിലെയാണ് പിടികൂടിയത്. ജൂലായ് 13 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൈതപ്പൊയിലിലെ മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിള(സാജു53)യ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
മലബാര്‍ ഫൈനാന്‍സിയേഴ്‌സില്‍ എത്തിയ സുമേഷ് കുരുവിളയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരുവിള ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ സ്വദേശി സുമേഷാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സുമേഷ് കുരുവിളയുടെ സ്ഥാപനത്തില്‍ സ്വര്‍ണം ഈടുനല്‍കി പണം വാങ്ങാനെത്തിയിരുന്നു. എന്നാല്‍ ഈടുവയ്ക്കാന്‍ സ്വര്‍ണം തികയാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ സംശയം തോന്നിയ കുരുവിള അപ്പോള്‍തന്നെ സുമേഷിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഈങ്ങാപ്പുഴയിലെ സഹോദരന്റെ സ്ഥാപനത്തിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷമാണ് സുമേഷ് വീണ്ടും സ്ഥലത്തെത്തി കുരുവിളയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.