നെടുമ്പാശ്ശേരി: പാറക്കടവ് പഞ്ചായത്തിലെ വട്ടപറമ്പ് (6) വാര്‍ഡില്‍ ഫുട്‌ബോള്‍ ചിഹ്നമായി കിട്ടാന്‍ ‘അടിപിടി’. കളത്തില്‍ ആരും വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് കണ്ടതോടെ ഒടുവില്‍ നറുക്കിട്ട് വിഷയം പഞ്ചായത്താക്കി. വട്ടപറമ്പില്‍ പട്ടികജാതി സംവരണം ചെയ്ത മണ്ഡലത്തില്‍ മൂന്നു സ്ഥാനാര്‍ത്ഥികളാണ് ഫുട്‌ബോള്‍ ചിഹ്നമായി വേണമന്ന് ആവശ്യമുന്നയിച്ചത്.

ഒടുവില്‍ നറുക്കെടുപ്പിലൂടെ ബിന്ദു സെബാസ്റ്റ്യന്‍ എന്ന സ്ഥാനാര്‍ത്ഥിക്കാണ് ഫുട്‌ബോള്‍ കിട്ടിയത്. ഇവിടത്തെ അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മൂന്നു പേരും ഫുട്‌ബോളാണ് ആവശ്യപ്പെട്ടത്.

പഞ്ചായത്തിലെ അഞ്ച്, ആറ്, ഒമ്പത്, പതിനഞ്ച്, പതിനാറ് വാര്‍ഡുകളില്‍ ഫുട്‌ബോള്‍ ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. പാറക്കടവ് പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 67 പേരാണ് മത്സരംഗത്തുള്ളത്. ഇവര്‍ 33 പേര്‍ വനിതകളാണ്. ജനറല്‍ വാര്‍ഡായ പതിനഞ്ചിലും പതിനേഴിലും വനിതകള്‍ മത്സരരംഗത്തുണ്ട്.