ബാഴ്‌സലോണ: ലയണല്‍ മെസി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണെന്നതില്‍ സംശയമില്ലെന്ന് മുന്‍ ബാഴ്‌സലോണ കോച്ച് ക്വിക് സെറ്റീന്‍. എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല.

മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സെറ്റീന്‍ പറഞ്ഞു. എന്നാല്‍ മെസിയെ നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബാഴ്‌സലോണ എന്നും മെസിയെ മെസിയായാണ് സ്വീകരിച്ചിട്ടുള്ളത്. അയാളില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. കളിക്കാരന്‍ എന്നതിലുപരി മെസിക്ക് മറ്റൊരു വശമുണ്ട്. അത് നിയന്ത്രിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ്. പല കളിക്കാരിലും അത് കാണാവുന്നതുമാണ്. മൈക്കിള്‍ ജോര്‍ദാന്റെ ഡോക്യുമെന്ററി കണ്ടാല്‍ അക്കാര്യം നിങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

മെസി അന്തര്‍മുഖനായ ആളാണെന്നും അധികം സംസാരിക്കില്ലെന്നും സെറ്റീന്‍ പറഞ്ഞു. മെസിയുടെ ഇഷ്ടം നമ്മുടെ കൂടി ഇഷ്ടമാക്കി മാറ്റി അതനുസരിച്ച് നാം പെരുമാറേണ്ടി വരുമെന്നും സെറ്റീന്‍ പറഞ്ഞു.