ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞടുത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ നാലാം ഏകദിനത്തിന് ഇറങ്ങുന്നത്.

അതേസമയം പരമ്പര കൈവിടാതിരിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരുക്ക് മൂലം ആദ്യ മൂന്നു മത്സരങ്ങള്‍ നഷ്ടമായ സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സ് ടീമില്‍ തിരിച്ചെത്തി. അതേസമയം ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലിനെ ഉള്‍പ്പെടുത്തിയാണ് ആതിഥേയര്‍ ആദ്യ ഇലവനെ ഇറക്കിയത്. അവസാന മത്സരത്തിലെ ടീമില്‍ നിന്നും ഒരുമാറ്റവുമായി ഇന്ത്യ ടീമിനെ ഇറക്കിയത്.

പരുക്കേറ്റ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യറിനാണ് ടീമില്‍ ഇടം ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറു ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. അഞ്ചു റണ്‍സു നേടിയ രോഹിത് ശര്‍മയുടെ വിക്കാറ്റാണ് വീണത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന രോഹിത് ഒരിക്കല്‍ കൂടി റബാഡക്കു മുന്നില്‍ തലകുനിക്കുകയായിരുന്നു.

സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്‌സിയണിഞ്ഞാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. 2011 മുതല്‍ സീസണില്‍ ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പിങ്ക് ജഴ്‌സിയില്‍ ഏകദിനം കളിക്കുന്നുണ്ട്. ഇതുവരെ നടന്ന ആറു പിങ്ക് ഏകദിനങ്ങളിലും വിജയമെന്ന റെക്കോര്‍ഡും ആതിഥേയര്‍ക്കുണ്ട്.