ആലപ്പുഴ: പുലിമുരുകനെതിരെ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. തനിക്കതറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തേയും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചയാളാണ് മന്ത്രി. സിനിമയുടെ നിര്‍മ്മാണച്ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുള്ള നല്ല സിനിമകള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പുലിമുരുകനെതിരെ പ്രതികരിച്ചത്.

നൂറ് കോടി രൂപ ചെലവാക്കി സിനിമയെടുക്കുന്നതാണ് ഇവിടത്തെ വലിയ കാര്യം. എന്നാല്‍ രണ്ടുകോടിയാണെങ്കിലും അത് ഉന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താരങ്ങളുടെ പ്രതിഫലത്തേയും അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു ജി. സുധാകരന്‍.