ശബരിമല: വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തില്‍ തോക്കുമായി ആറംഗ സംഘത്തെ പിടികൂടി.ചാലക്കയത്ത് നടന്ന പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് തെലുങ്കാനായില്‍ നിന്നുള്ള സംഘം പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചപ്പോള്‍ തോക്കും, വിദേശമദ്യവും കണ്ടെത്തുകയായിരുന്നു പൊലീസ്.

വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു തെലുങ്കാനായില്‍ നിന്നുള്ള സംഘം പിടിയിലായത്. വേണുഗോപാല്‍ റെഡ്ഡി, പൊച്ചാറാം, രാമസ്വാമി, നവനു ശ്രീനിവാസറഡ്ഡി, കൃഷ്ണഗൗഡ, വിജയരാജറഡ്ഡി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇരുമുടി കെട്ട് ഇല്ലാതെ പാന്റും ഷര്‍ട്ടും ധരിച്ച് പമ്പയിലെത്തിയ ഇവരെ കണ്ട പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിച്ചപ്പോളാണ് കാറില്‍ നിന്ന് നാല്കുപ്പി വിദേശമദ്യവും, തോക്കും കണ്ടെടുത്തത്. അതേസമയം തോക്കിന് ലൈസന്‍സ് ഉള്ളതിനാല്‍ മദ്യനിരോധന മേഖലയില്‍ മദ്യം കൈവശം വെച്ചതിന്റെ പേരില്‍ കേസ് എടുത്ത് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ഡോ. എസ് സതീഷ് ബിനോ അറിയിച്ചു.

പമ്പ പൊലിസ് സ്‌പെഷ്യല്‍ ഓഫിസര്‍ വി അജിത്ത്, പമ്പയില്‍ ഡ്യൂട്ടിയിലുള്ള തെലുങ്കാനാ സ്‌റ്റേറ്റ് പൊലിസും ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്.