തിരുവനന്തപുരം: താന്‍ തന്നെയാണ് സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണം. സ്വാമിയുടെ ലിംഗം മുറിയുമെന്ന് കരുതിയിരുന്നതല്ലെന്നും എല്ലാം തന്റെ കാമുകനായ അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍സംഭാഷണത്തില്‍ പറയുന്നു. അഭിഭാഷകയോട് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി.

കത്തി വാങ്ങി നല്‍കി തന്നെ സ്വാമിയുടെ അടുത്തേക്ക് വിട്ടത് അയ്യപ്പദാസാണ്. വളരെ നാളുകള്‍ക്കുശേഷമാണ് സ്വാമിയുടെ അടുത്തിരിക്കുന്നതും സംസാരിക്കുന്നതും. അടുത്തെത്തി അയ്യപ്പദാസ് പറഞ്ഞതനുസരിച്ച് കത്തി വീശുകയായിരുന്നു. എന്നാല്‍ ഇരുട്ടായതിനാല്‍ ഇത്രയും വലിയ പ്രത്യാഘാതങ്ങളുണ്ടായെന്ന് തിരിഞ്ഞറിഞ്ഞില്ല. മന:പ്പൂര്‍വ്വമല്ല സ്വാമിയെ ഉപദ്രവിച്ചത്. സ്വാമിയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

സ്വാമിയും അമ്മയും തമ്മില്‍ ബന്ധമില്ല. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അഭിഭാഷകനയച്ച കത്തില്‍ താനല്ല ലിംഗം മുറിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തന്റെ മൂന്ന് സുഹൃത്തുക്കളാണ് അത് ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ താനാണ് സ്വാമിയെ ആക്രമിച്ചതെന്നാണ് പറയുന്നത്. മൊത്തത്തില്‍ അടിമുടി പൊരുത്തക്കേടുകളാണ് പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണത്തിലും കത്തിലുമുള്ളത്.