ആറ്റിങ്ങല്‍: സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ആറ്റിങ്ങലില്‍ നിന്നാണ് 500 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

സംഭവത്തിൽ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ ഒരാൾക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചു.

മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് സംസ്ഥാനത്തെ കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, തൃശൂർ തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആറ്റിങ്ങൽ കോരാണിയിൽ നടന്നത്. രണ്ടാഴ്ച മുമ്പ് ആറ്റിങ്ങൽ ആലംകോട് നിന്നും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് സവാള കച്ചവടത്തിന്റെ മറവിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപന നടത്തിയിരുന്നത്.