ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എല്ലാ തെളിവുകളും ശേഖരിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരു പ്രസ് ക്ലബും ബംഗളൂരു റിപ്പോര്‍ട്ടേഴ്‌സ് ഗില്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കും. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ല- മന്ത്രി പറഞ്ഞു. എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരുമായ നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് സമാനമായ സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി വധത്തിലെ പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു പേരുടെ രേഖാചിത്രങ്ങളും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും അന്വേഷണസംഘം നേരത്തെ പുറത്തുവിട്ടിരുന്നു. രാജരാജേശ്വര നഗറിലെ വീടിനു മുന്നില്‍ സെപ്റ്റംബര്‍ അഞ്ചിനാണു കന്നഡ വാരിക ‘ഗൗരി ലങ്കേഷ് പത്രികെ’ എഡിറ്ററായ ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റു മരിച്ചത്.
ബാനസവാടിയിലെ ഓഫിസില്‍നിന്നു രാത്രി ഏഴരയോടെ ഇറങ്ങിയ ഗൗരിയെ കാറില്‍ ഒരു സംഘം പിന്തുടര്‍ന്നിരുന്നു. വീട്ടിലെത്തിയ ഗൗരി കാര്‍ പാര്‍ക്കു ചെയ്തശേഷം വീടിന്റെ വാതില്‍ തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. തലയ്ക്കും നെഞ്ചിലുമായി മൂന്നു വെടിയേറ്റ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയാണ് ഈ നാലു കൊലപാതകങ്ങള്‍ക്കും പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവരെല്ലാം കൊല്ലപ്പെട്ടത് 7.65 എം.എം പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നു പേരെയും കൊലപ്പെടുത്തിയ ആയുധം തന്നെയാണോ ഗൗരിയെ കൊല്ലാന്‍ ഉപയോഗിച്ചതെന്നതും പരിശോധിച്ച് വരികയാണ്.
നിയമവിരുദ്ധമായി തോക്ക് നിര്‍മിച്ച് നല്‍കുന്ന 12 പേരെ വിജയപുര പൊലീസ് രണ്ടാഴ്ചമുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. 20 തോക്കുകളും 50 വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. അക്രമികള്‍ക്ക് തോക്കും വെടിയുണ്ടകളും വിറ്റത് ഈ സംഘമാണെന്നാ ണ് നിഗമനം.