അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ബിജെപി വീഡിയോക്കെതിരെ അന്വേഷണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗുജറാത്ത് ഇലക്ട്രല്‍ ഓഫീസര്‍ ബി.ബി സൈവന്‍ ആണ് വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പ്രഖ്യാപിച്ചത്. അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്ലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയിലും മറ്റുമായി പ്രചരിക്കുന്നത്. വീഡിയോ പ്രൊഫഷണലായി നിര്‍മിച്ചതാണെന്നും ഇതിലെ അഭിനേതാക്കളെ എളുപ്പത്തില്‍ കണ്ടെത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗോവിന്ദ് പാര്‍മര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

gujarat-bjp-video2 (1)

ഗുജറാത്തിലെ വോട്ടുകള്‍ ധ്രുവീകരിക്കാനും മുസ്‌ലിം വിദ്വേഷം പരത്താനും ലക്ഷ്യമിട്ടാണ് വീഡിയോയെന്നാണ് പാര്‍മര്‍ പരാതിയില്‍ പറയുന്നത്. ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഭൂരിപക്ഷ മതത്തിലെ സ്ത്രീകള്‍ക്കു പോലും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് സുരക്ഷ ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അവസാനിക്കുന്നത് നമ്മുടെ വോട്ട്, നമ്മുടെ സുരക്ഷ എന്ന ആഹ്വാനത്തോടെയാണ്.

1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഗുജറാത്ത് ഭാഷയിലാണുള്ളത്. വൈകുന്നേരം ഏഴു മണിക്കുശേഷം ഗുജറാത്തില്‍ ഇതു സംഭവിക്കാമെന്നു പറഞ്ഞു കൊണ്ടാണ് വിഡീയോ ആരംഭിക്കുന്നത്. ഭീതിയോടെ തിരക്കിട്ട് റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്.

പശ്ചാത്തലമായി ബാങ്ക് വിളിക്ക് സമാനമായ ശബ്ദവുമുണ്ട്. തിരക്കിട്ട്, ആശങ്കയോടെ വീട്ടിലേക്ക് കയറി വരുന്ന പെണ്‍കുട്ടി ഭീതിയോടെ വാതിലില്‍ മുട്ടുന്നു. മാതാവ് വാതില്‍ തുറന്ന് മകളെ കെട്ടിപിടിക്കുന്നു. പിതാവ് തലയില്‍ തലോടുന്നു.

പിന്നീട് കൃഷ്ണവിഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മാതാവ് ക്യമാറക്കു മുന്നിലെത്തുന്നു. ഒരു നിമിഷം, ഗുജറാത്തില്‍ ഇങ്ങനെ സംഭവിക്കുമോയെന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടോ എന്ന് ചോദിക്കുന്നു. അപ്പോള്‍ പിതാവ് പറയുകയാണ്’ 20 വര്‍ഷം മുമ്പ് ഇതായിരുന്നു സ്ഥിതി. ആ ആളുകള്‍ വന്നാല്‍ വീണ്ടും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന്.

പിന്നീട് പെണ്‍കുട്ടിയെയാണ് കാണിക്കുന്നത്. ‘പേടിക്കണ്ട, ആരും വരാന്‍ പോകുന്നില്ല. മോദി ഇവിടെയുണ്ട്.’ നമ്മുടെ വോട്ട് നമ്മുടെ സുരക്ഷ എന്ന കാവി നിറ്ത്തില്‍ എഴുതിയ കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പാര്‍മര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്കെതിരെ ഭീതിപടര്‍ത്താനാണ് ഈ വീഡിയോയിലൂടെ ലക്ഷ്യമിടുന്നതെന്ന് പാര്‍മര്‍ പറയുന്നു.

ബിജെപിക്കെതിരെ അണി നിരന്ന സമുദായ യുവനേതാക്കളായ ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ക്ക് വോട്ടു ചെയ്യുന്നത് ന്യൂനപക്ഷ മതത്തിന് വോട്ടു ചെയ്യുന്നതിനു തുല്യമാണെന്ന സന്ദേശവും വീഡിയോയിലൂടെ നല്‍കുന്നുണ്ടെന്ന് സോഷ്യല്‍മീഡിയയില്‍ ആക്ഷേപമുയരുന്നുണ്ട്.