പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. അദ്ദേഹം നിലവില്‍ ഹോം ഐസൊലേഷനാണ്. താനുമായി അടുത്തിടപഴകിയവര്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യു മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

കോവിഡ് പോസിറ്റീവാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍.

ഗോവയില്‍ ഇതുവരെ 18,000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു.