റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും വലിയ അവസരമൊന്നും ലഭിക്കാതിരുന്ന ഗായകന്‍ ഇമ്രാന്‍ ഖാനെ ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇപ്പോള്‍ ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്നത്. ഇമ്രാന്റെ ഓട്ടോയില്‍ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാന്‍സ് നല്‍കുകയും ചെയ്താണ് ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളില്‍ താരമാവുന്നത്. ഈ വിഡിയോ ഗോപി സുന്ദര്‍ തന്നെ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

 

സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപി സുന്ദര്‍, യാത്രക്കാരനെന്ന രീതിയില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോ വിളിച്ചു. മാസ്‌കും തൊപ്പിയും ധരിച്ചായിരുന്നു ഗോപി സുന്ദറിന്റെ യാത്ര. അതുകൊണ്ട് തന്നെ യാത്രക്കാരനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല. പല കാര്യങ്ങളും ഇടക്കിടെ പരസ്പരം സംസാരിച്ചെങ്കിലും ഗോപി പിടികൊടുത്തില്ല. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ വാഹനം നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഇമ്രാന്‍ ഓട്ടോ നിര്‍ത്തുകയും ചെയ്തു. പുറത്തിറങ്ങിയതിനു ശേഷം ഇമ്രാന്‍ പേര് ചോദിക്കുമ്പോഴാണ് ഗോപി സുന്ദര്‍ താനാരെന്ന് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഇദ്ദേഹം ഇമ്രാന് പുതിയ ഗാനത്തിനുള്ള അഡ്വാന്‍സും നല്‍കി. ഒരു ലക്ഷത്തോളം ആളുകളാണ് യൂട്യൂബില്‍ ഈ വിഡിയോ കണ്ടത്. 9000ഓളം പേര്‍ വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.