അക്രമം (കലാപം) ‘ഉറങ്ങിക്കിടക്കുന്ന ഒരു ഹിംസ്ര ജന്തുവാണ്. അതിനെ വിളിച്ചുണര്‍ത്തരുത് ‘ എന്ന മൊഴി ചരിത്രത്തിലൂടെ തുടര്‍ന്ന് പോരുന്ന അര്‍ത്ഥവത്തായ ആശയമാണ്. തൊട്ടുണര്‍ത്തിയാല്‍ എന്തുമാവാം സംഭവിക്കുന്നത്. കലാപം തുറന്ന് വിട്ടുള്ള മനുഷ്യക്കുരുതിയാവാം, നാടാകെ പടര്‍ന്നു കത്തുന്ന മഹാവിപത്താകാം. അതിനെ ആരെങ്കിലും അഥവാ ഏതെങ്കിലും ഒരു കേന്ദ്രം തൊട്ടുണര്‍ത്തി ഇളക്കിവിട്ടാല്‍ അത്തരക്കാര്‍ ചെയ്യുന്നത് ഒരാളെ കൊന്നാല്‍ മനുഷ്യരാശിയെ മുഴുവന്‍ കൊന്നൊടുക്കിയതിന് സമാനമായ അപരാധമാണ്. അഗ്‌നി ഒരു കണിക മതി ആളിപ്പടര്‍ന്ന് എല്ലാം ചാമ്പലാക്കാന്‍.

ഇതിനൊരു മറുവശവുമുണ്ട് അതായത് ഒരാളെ രക്ഷിച്ചാല്‍ മനുഷ്യരാശിയെ മുഴുവന്‍ രക്ഷിച്ചതിന് സമമാണെന്ന ദിവ്യ പാഠം. എന്ന് വെച്ചാല്‍ രണ്ടും പ്രതീകാത്മകം; കുറ്റവും ശിക്ഷയും ആനുപാതികവും. എതിര്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നേടത്ത് വെച്ച് തന്നെ ഇല്ലായ്മ ചെയ്യാനുള്ള ബുദ്ധിപൂര്‍വകമായ സമീപനവും നടപടികളുമാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നും സന്ദര്‍ഭോജിതമായി ഉണ്ടാവേണ്ടത്. ചുരുക്കത്തില്‍ സമൂഹത്തിന്റെ, ഭരണത്തിന്റെ നേതൃത്വത്തില്‍ അതിലുപരിയായി ദീര്‍ഘ ദര്‍ശനമുള്ള വ്യക്തികളെയാണ് അവരോധിക്കേണ്ടത് എന്ന് സാരം. നമ്മുടെ രാജ്യത്തെ നിലവിലെ നീതിന്യായ, ക്രമസമാധാന മണ്ഡലങ്ങള്‍ വേണ്ടത്ര സുതാര്യതയോടെയാണോ നിലപാടുകളെടുക്കുന്നതെന്ന കാര്യം സംശയാസ്പദമാണ്. കേസുകള്‍ വഴി തിരിച്ചുവിടുന്നതിലോ, വാദിയെ പ്രതിയാക്കുന്നതിലോ, ചിലപ്പോള്‍ പ്രതികളെ തലോടുന്നതിലോ പോലും അധികാര മേഖലകള്‍ കൈകടത്തുന്നോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ടായാല്‍ അതിനര്‍ത്ഥം അധികാരികളുടെ നിലപാടുകള്‍ സുതാര്യമല്ലെന്നുള്ളതാണ്. അവിടം തൊട്ടാണ് ഭീകരത, താന്‍പോരിമ, ഏകച്ഛത്രാധിപത്യം (ഡസ്‌പോട്ടിസം) എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന നീതി നിഷേധം ഉടലെടുക്കുന്നത്. വാക്കിലും ഭാവത്തിലും പ്രവൃത്തിയിലുമെല്ലാം അത് അങ്ങിനെത്തന്നെ. ആത്യന്തികമായി അത് ഫാസിസത്തിലെത്തിച്ചേരുന്നു. നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഏറെക്കുറെ അതിന്റെ അലയൊലികള്‍ എത്തിക്കൊണ്ടിരിക്കുന്നതാണല്ലോ അടുത്തിടെയായി നാം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത്.

കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിച്ച് ശിക്ഷയില്‍ തുടര്‍ച്ചയായി അയവുവരുത്തി നിയമവ്യസ്ഥയില്‍ വെള്ളം ചേര്‍ക്കുന്ന അവസ്ഥയും കണ്ടു വരുന്നുണ്ട്. മൗലിക ശിക്ഷാ രീതി മാനവികതക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മൂലം സംഭവിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന വിപരീത നീതി (നെഗറ്റീവ് ജസ്റ്റിസ്) നടപ്പിലാക്കുക എന്നുള്ളതാണ്. അത് തികച്ചും മാനവികതക്കെതിരാണ്. കുറ്റവാളിയെ സന്തോഷിപ്പിക്കുകയും ഇരയെ നിരാശപ്പെടുത്തി വേദനിപ്പിക്കുകയും ചെയ്യുക. ഭരണകൂടങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് കര്‍മികളായാല്‍ രാജ്യത്ത് ക്രമേണ സംഭവിക്കുന്നതെന്തായിരിക്കും? തികഞ്ഞ നിയമരാഹിത്യ (ലോലസ്‌നസ്) മല്ലേ അരാജകത്വത്തോടൊപ്പം അരങ്ങേറുക? ശിക്ഷ കുറ്റവാളിക്കുള്ളതാണെങ്കിലും അതുള്‍ക്കൊള്ളുന്ന പാഠം എക്കാലത്തെയും മനുഷ്യസമൂഹത്തിനുള്ളതാണെന്ന നൈതിക വശം ഭരണകൂടവും നീതിന്യായ സംവിധാനവും തിരിച്ചറിയേണ്ടതാണ്. ?ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെ?ന്ന ആദര്‍ശം അംഗീകരിക്കുമ്പോള്‍ തന്നെ, കുറ്റം നിസംശയം സമൂഹത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ ശിക്ഷിക്കപ്പെടരുതെന്ന് പറയാനാകുമോ? അങ്ങിനെ വന്നാല്‍ നിയമത്തിലുള്ള സമൂഹത്തിന്റെ വിശ്വാസവും ബഹുമാനവും എവിടെയെത്തും? കുറ്റവും കുറ്റക്കാരെയും വ്യക്തമായി തിരിച്ചറിഞ്ഞാല്‍ പോലും മൃദു സമീപനത്തിലൂടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന ഭരണകൂട സാരഥികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് അധാര്‍മിക പ്രവൃത്തി തന്നെയാണ്. മഹാരാജാവ് നഗ്‌നനാണേ എന്ന് അനുയായികള്‍ വിളിച്ച് കൂവുമാറ് ഭരണാധികാരി നീതിയുടെയും സത്യത്തിന്റെയും ധര്‍മത്തിന്റെയും പ്രതീകമായിരിക്കണം. ഒന്നും ഒളിച്ചുവെക്കേണ്ടതായുണ്ടാവരുത്. എന്നു വെച്ചാല്‍ ഭരണ നീതി നിര്‍വ്വഹണത്തില്‍ കുറ്റങ്ങളോ കുറവുകളോ പാളിച്ചകളോ സ്വജനപക്ഷ വാദമോ ഒന്നും വിരോധികള്‍ക്ക് പോലും കണ്ടെത്താനാവാത്തവിധം സുതാര്യത പുലര്‍ത്തണമെന്നര്‍ത്ഥം. സത്യവും, നീതിയും, ധര്‍മ്മവുമെല്ലാം തലകീഴായ് മറിഞ്ഞു കൊണ്ടിരിക്കുന്ന നവയുഗത്തില്‍ നീതിന്യായ സംവിധാനമെങ്കിലും കീഴ്‌മേല്‍ മറിയാതിരുന്നെങ്കില്‍ എന്നുള്ളത് ഇന്നത്തെ സാധാരണ പൗരന്റെ ജീവിതാഭിലാഷമാണ്.

തോരാത്ത പട്ടിണി കാരണം മോഷണം, പിടിച്ചുപറി, പോക്കറ്റടി എന്നീ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ സമൂഹത്തിലുണ്ട്. അങ്ങിനെ പിടിക്കപ്പെടുന്നവര്‍ നിശ്ചിത കാലയളവ് ശിക്ഷ അനുഭവിക്കുന്നതായും കണ്ടു വരുന്നുണ്ട്. അപ്രകാരം തന്നെ അബദ്ധവശാല്‍ കുറ്റത്തില്‍ ചെന്ന് വീഴുന്നവരുമുണ്ട്. നിസാര കാര്യത്തിന് ഭാര്യയോട് വഴക്കിട്ട് ‘ഒന്നു കൊടുക്കാന്‍’ മാത്രം ഉദ്ദേശിച്ച് വടി തിരഞ്ഞ വ്യക്തി മുന്നില്‍ കണ്ടത് വാക്കത്തിയായിരുന്നു. ജ്വലിക്കുന്ന കോപത്തില്‍ അതെടുത്ത് ഭാര്യയെ വെട്ടി, ഒപ്പം ഓടിയെത്തിയ രണ്ടു കുഞ്ഞുങ്ങളെയും വെട്ടി മൂന്ന് പേരും മലര്‍ന്നടിച്ചു മരിച്ചു വീണു. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളി കോടതിയില്‍ നിറഞ്ഞു നിന്ന കാഴ്ചക്കാരില്‍ ചിലര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ആദ്യത്തെ വെട്ടല്‍ എനിക്കോര്‍മ്മയുണ്ട്, അതിന് ശേഷം സംഭവിച്ചതൊന്നും എനിക്കറിയില്ല’ എന്നായിരുന്നു.അതായത് സംഭവിച്ചത് മനഃപൂര്‍വ്വമല്ലാത്ത കൊലപാതകങ്ങള്‍. ഇനിയുമുണ്ട് മറ്റൊരു കൂട്ടര്‍. അവര്‍ അറിഞ്ഞുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍. അത്തരക്കാര്‍ കൊള്ളയും, കവര്‍ച്ചയും, കൊലയും എല്ലാം തൊഴില്‍ പോലെ നിര്‍വ്വഹിക്കുന്നവര്‍. നേര്‍ ജീവിതമെന്നൊന്ന് അവരുടെ ജീവിതചര്യയില്‍ കാണാനാവില്ല. മറ്റൊരു വിഭാഗം അവര്‍ കുറ്റവാളികള്‍ക്കിടയിലെ ചാണക്യന്മാരായിരിക്കും. തത്വചിന്താപരമായി കൊലപാതകങ്ങള്‍, കവര്‍ച്ച, കെണിയില്‍ വീഴ്ത്തല്‍ എന്നിവയെല്ലാം എങ്ങിനെ നിര്‍വ്വഹിക്കാമെന്ന് ലളിത മാര്‍ഗങ്ങള്‍ മുഖേന, മറ്റുള്ളവര്‍ക്കായി പ്രതിഫലത്തിന് നിര്‍വ്വഹിച്ച് കൊടുക്കുന്നവര്‍, പഠിപ്പിച്ചു കൊടുക്കുന്നവര്‍. അവരില്‍ പലരും സമൂഹത്തിലെ ഉന്നസ്ഥാനീയരുമായി അറിവും ബന്ധവുമുള്ളവരും ആയിരിക്കും. ചടുലമായ എല്ലാ തിരിമറികള്‍ക്കും കഴിവുള്ളവരുമായിരിക്കും. അത്തരക്കാര്‍ പലപ്പോഴും കുറ്റവാളി സമൂഹത്തിന്റെയും ചിലപ്പോള്‍ ഭരണകൂടത്തിന്റെ തന്നെയും അനിവാര്യരായി നിലകൊള്ളുന്നുണ്ട്. കൊള്ളക്കാരും കൃത്രിമക്കാരുമായ പല കുറ്റവാളികളുടെയും ഉറ്റ സുഹൃത്തുക്കളായി ഒന്നാം കിട നിയമപാലകരെയും, ഭരണപങ്കാളികളെയും ചിലപ്പോഴൊക്കെ നമ്മുടെ കണ്‍ മുന്‍പില്‍ നാം കാണാറില്ലേ? ‘യഥാ രാജ, തഥാപ്രജ’ എന്ന തത്വത്തിലേക്ക് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നോ?

അധര്‍മങ്ങളോടും, കുറ്റകൃത്യങ്ങളോടും, തിന്മകളോടും വിട്ടു വീഴ്ചക്ക് തയ്യാറാവുന്നതാണോ ആധുനിക സമൂഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ തിന്മകളോട് വിട്ട് വീഴ്ചാമനോഭാവം പുലര്‍ത്തുകയും മാനവികത പുലര്‍ത്തിപ്പോന്ന നന്മകളെയും സദ്‌വൃത്തികളെയും അവജ്ഞതയോടെ നോക്കിക്കാണുകയും ചെയ്ത പ്രവണതക്കാണിന്ന് വര്‍ദ്ധിത സ്വീകാര്യത കണ്ടുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളോടും അനീതികളോടും ഒരു ചായ്‌വ് പൊതുവെ നിലനില്‍ക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. മനുഷ്യനും മനുഷ്യത്വത്തിനും അതിന്റെ തനതായ വില കുറഞ്ഞുവരികയോ, കുറച്ചു കൊണ്ടു വരികയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും കുറ്റവാളികളെ കൂടുതല്‍ പിന്താങ്ങുന്ന പ്രവണത ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നത്.