Connect with us

More

സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്

Published

on

 

തിരുവനന്തപുരം: കൃത്യസമയത്ത് ഓഫീസില്‍ വരാതിരിക്കുക, ഒപ്പിട്ട് മുങ്ങുക, ഓഫീസ് സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക തുടങ്ങിയ ‘തട്ടിപ്പ് തരികിട’കളുമായി നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്കു മേല്‍ മൂന്നാം കണ്ണുമായി വിജിലന്‍സ് ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി മുതല്‍ ഏതു നിമിഷവും വിജിലന്‍സ് കടന്നു വരാം. ഏത് സമയവും സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിക്കാനുള്ള അനുമതി വിജിലന്‍സിന് സര്‍ക്കാര്‍ നല്‍കി.
സര്‍ക്കാര്‍ ഓഫീസുകളുടെ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതുവരെ കൈക്കൂലി വാങ്ങുന്നത് തടയാന്‍ വേണ്ടി മാത്രമാണ് വിജിലന്‍സിനെ ഉപയോഗപ്പെടുത്തിയിരുന്നത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധനകളും നടപടികളും. എന്നാല്‍ ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം വിജിലന്‍സിന് സ്വമേധയാ നിരീക്ഷിക്കാം. മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി സീറ്റില്‍ ഇല്ലാത്തവര്‍ക്കെതിരെയും ക്രമക്കേട് നടത്തുന്നവരെയും നടപടി എടുക്കും.
ഇത് സംബന്ധിച്ച് വിജിലന്‍സിന്റെ എല്ലാ യൂണിറ്റ് മേധാവികള്‍ക്കും വിജിലന്‍സ് ഡയരക്ടര്‍ ലോക്നാഥ് ബെഹ്റ സര്‍ക്കുലറയച്ചു. മൂന്ന് മേഖലയായി തിരിച്ചാണ് വിജിലന്‍സ് സര്‍ക്കാര്‍ ഓഫീസുകള്‍ പരിശോധിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളില്‍ ഒരോ എസ്.പിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതും സാധാരണക്കാര്‍ കൂടുതല്‍ എത്തുന്നതുമായ തദ്ദേശ സ്വയംഭരണം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരിക്കും വിജിലന്‍സിന്റെ നിരീക്ഷണം കൂടുതല്‍ ഉണ്ടാവുക.
പെരുമാറ്റ ദൂഷ്യമുള്ളവരും വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടാകും. ഓഫീസില്‍ മദ്യപാനം, പുകവലി എന്നിവ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിക്കും. ഓഫീസുകളിലെ ഹാജര്‍ബുക്ക് പരിശോധിക്കുക, വിവരാവകാശം, സേവനവകാശം എന്നിവ ഓഫീസുകളില്‍ പാലിക്കുന്നുണ്ടോ എന്നിവയും വിജിലന്‍സിന് പരിശോധിക്കാം.

kerala

ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

രിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

Published

on

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

രാത്രിയുള്ള വിമാനം ആയതുകൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വിമാനം റദ്ദാക്കിയത് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്.

Continue Reading

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

Trending