ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍ഹമോന്‍സിങിനും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും എതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ബി.ജെ.പി. മന്‍മോഹന്‍സിങിന്റെയും ഹാമിദ് അന്‍സാരിയുടെയും പ്രതിപദ്ധതയെ ചോദ്യം ചെയ്തിട്ടില്ലെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരം ധാരണകള്‍ തെറ്റാണെന്നും ഈ നേതാക്കളുടെ പ്രതിബദ്ധതയെ തങ്ങള്‍ മാനിക്കുന്നുവെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന വേളയിലാണ് ബി.ജെ.പി പ്രസ്താവനയുമായി രംഗത്തെത്തിയത്.

ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു മറുപടിയായി, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ ചായക്കാരന്‍ പരാമര്‍ശവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഭാവിയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അയ്യര്‍ മോദിക്കെതിരെ നീച് എന്ന പരാമര്‍ശം നടത്തിയിരുന്നത്. ഇതിന് പകരമായി മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പാകിസ്താനുമായി ചേര്‍ന്ന് ഗൂഢാലോചന നടന്നു എന്ന് മോദി ആരോപിച്ചിരുന്നു. മന്‍മോഹന്‍സിങ്, ഉപരാഷ്ട്രപതി ഹാമിത് അന്‍സാരി, പാക് ഹൈകമ്മീഷണര്‍ സുഹൈല്‍ മഹ്്മൂദ്, മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. പ്രധാനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു.