ന്യൂഡല്‍ഹി: ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാനുമായ ശശി തരൂര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസി(ഐ.എഫ്.എസ്)നായി പ്രത്യേക പരീക്ഷ നടത്തണമെന്നും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കൂടിയായ ശശി തരൂര്‍ ആവശ്യപ്പെട്ടു.
ബ്രസീലിന് 1200 നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്. ചൈനക്ക് 6000 പേരുണ്ട്. യു.എസിന് 20,000 പേരുണ്ട്. യു.എസിനേയോ ചൈനയേയോ പോലെ ഇന്ത്യയും ആകണമെന്ന് ശഠിക്കുന്നില്ല. എന്നാല്‍ നിലവില്‍ 800 നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇന്ത്യക്കുള്ളത്. ഇത് തീര്‍ത്തും പരിമിതമായ സംഖ്യയാണ്. അടിയന്തരമായി ഇതില്‍ വര്‍ധനവ് വരുത്തണം. പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്റെ കരുത്ത് ചോരുന്നതില്‍ പാര്‍ലമെന്ററി സമിതിക്ക് ആശങ്കയുണ്ട്. 912 ഉദ്യോഗസ്ഥര്‍ ആണ് ഇന്ത്യയുടെ അനുവദിക്കപ്പെട്ട എണ്ണം. എന്നാല്‍ നിലവില്‍ 770 പേര്‍ മാത്രമാണുള്ളത്. വിദേശകാര്യ മന്ത്രാലയം നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ തുലോം പരിമിതമാണ് ഈ എണ്ണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.